ആടുജീവിതം അനൗണ്‍സ് ചെയ്യപ്പെട്ടതിന് പിന്നാലെ തന്നെ ബെന്യാമിന്റെ നോവലിലെ കഥാപാത്രമായ നജീബായി പൃഥ്വിരാജിനെ മെലിഞ്ഞ രൂപത്തിലാക്കിയ ഒരു കാരിക്കേച്ചര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. പൃഥ്വിയുടെ അന്നത്തെ രൂപത്തില്‍ നിന്ന് നേര്‍പകുതിയോളം തന്നെ മെലിയേണ്ടി വന്നേക്കാവുന്ന ആ രൂപത്തിലേക്ക് പൃഥ്വിരാജ് എത്തുമോ എന്ന ചോദ്യത്തിനോട് ദ ക്യു അഭിമുഖത്തില്‍ മറുപടി ഇതായിരുന്നു.
ബ്ലെസി എന്ന സംവിധായകന്‍ കഥാപാത്രത്തെക്കുറിച്ച് ഒരു ബ്രീഫ് തന്നിട്ടുണ്ട്. എന്നോട് രണ്ട് മാസം സമയമുണ്ട്, സിക്സ് പാക്ക് ഉണ്ടാക്കണം എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യണമെന്ന് എനിക്കറിയാം, പക്ഷേ ഇത് പോലെ ഞാന്‍ മുമ്പ് ശ്രമം നടത്തിയിട്ടില്ല. എന്റെ ഭാഗത്ത് നിന്ന് എന്ത് ചെയ്യാനാകുമോ അത് നൂറ് ശതമാനം ചെയ്യും, ഞാനായി ഒരു വിട്ടുവീഴ്ച വരുത്തില്ല. ചില രാജ്യങ്ങളില്‍ അനുമതി കിട്ടാത്തത് അടക്കം ആദ്യ ഷെഡ്യൂളുകളില്‍ കുറേ തടസം നേരിട്ടിട്ടുണ്ട്. നന്നായി തടിച്ച് കുടവയറൊക്കെ വച്ച് ആദ്യഭാഗം ചെയ്യാം, പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് മെലിയാം എന്നായിരുന്നു ബ്ലെസി പറഞ്ഞത്. എന്നെക്കൊണ്ട് പറ്റുന്നത് എല്ലാം ആടുജീവിതത്തിന് വേണ്ടി ഞാന്‍ ചെയ്യും.
കൊവിഡ് ലോക്ക് ഡൗണില്‍ പ്രതിസന്ധി തരണം ചെയ്ത് ആടുജീവിതം ഷെഡ്യൂള്‍ പാക്ക് അപ്പ് ആയി വാദിറം മരുഭൂമിയിലെത്തിയ പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ ആടുജീവിതം തുടങ്ങുംമുമ്പ് പ്രചരിച്ച ഫാന്‍ മേയ്ഡ് പോസ്റ്ററിലെ ലുക്കിനോട് സാമ്യം തോന്നുംവിധത്തിലാണ്. കരിയറില്‍ പൃഥ്വിരാജ് ഏറ്റവും വലിയ തയ്യാറെടുപ്പ് നടത്തിയ ചിത്രമായിരിക്കും ആടുജീവിതം എന്ന് ഈ ലുക്ക് സാക്ഷ്യപ്പെടുത്തുന്നു. വാദിറം മരുഭൂമിയിലെ ലൊക്കേഷനില്‍ നിന്ന് ജോര്‍ദ്ദനിലെ ഹോട്ടലില്‍ തിരിച്ചെത്തിയ പൃഥ്വിരാജും ബ്ലെസിയും സംഘവും ഈ മാസം 20ന് ശേഷം നാട്ടിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.