ഉണര്‍ന്നിരിക്കുന്ന ഒരു രാത്രിയെ സുന്ദരമാക്കുന്ന പ്രണയവും, സൗഹൃദവും, യാത്രകളും , ചില ചായക്കടകളും പലവട്ടം കാല്‍പനികവല്‍ക്കരിച്ച് കണ്ടിട്ടും കേട്ടിട്ടുള്ള ഒന്നാണ്. ഒന്നിച്ചുള്ള യാത്രകളും, കാഴ്ചകളും, വര്‍ത്തമാനങ്ങളും തുടങ്ങി നഗരത്തിന്റെ ഒരു കോണില്‍ ഏറ്റവും ഉയരത്തിലായിരുന്നു കാണുന്ന സൂര്യോദയം വരെ ആ നിമിഷങ്ങളെ കൂടുതല്‍ സുന്ദരമാക്കുന്നു. അവശേഷിക്കുന്ന രാത്രിയേക്കാള്‍ ഇരുട്ടില്‍ സ്വപ്നം കാണുന്ന, പ്രണയത്തിനായി കാത്തിരിക്കുന്ന, ഉണര്‍ന്നിരിക്കുന്ന രണ്ടുപേരുടെ കഥ പറയുകയാണ് 4 എ.എം എന്ന മ്യൂസിക് വീഡിയോ.
ബാലരാം ജെയാണ് മ്യൂസിക് വീഡിയോയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇന്‍ഡീ റോക്ക് മ്യൂസിക് ബാന്റായ പോസ്റ്റ്കാർഡ് 17നാണ് 4എഎം ഒരുക്കിയിരിക്കുന്നത്. വരികളെഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും അനന്തു ബാലകൃഷ്ണനാണ്.
രാത്രികളില്‍ ഉണര്‍ന്നിരിക്കുന്ന ഒരു സെക്‌സ് വര്‍ക്കറായ ട്രാന്‍സ് വുമണിന്റെയും ഒരു സെക്യൂരിറ്റി ഗ്വാര്‍ഡിന്റെയും ബന്ധം ചിത്രീകരിക്കുന്ന മ്യൂസിക് വീഡിയോ പ്രണയത്തിന്റെ കവചമുള്ള സംരക്ഷണങ്ങളുടെയോ, ചേര്‍ത്ത് നില്പിന്റെയോ കഥപറയുന്നില്ല. പ്രണയിക്കപ്പെടുമ്പോഴും അവിടെ സ്വതന്ത്രരായി തുടരുന്ന രണ്ട് വ്യക്തികളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന 4 എഎം ആഴമുള്ള വരികള്‍ക്ക് കിട്ടുന്ന ഏറ്റവും മികച്ച ചിത്രീകരണമാകുന്നുണ്ട്. ലൈംഗിക തൊഴിലിനേയും തൊഴിലാളികളെയും വളരെ സാധാരണമായി തന്നെ ചിത്രീകരിക്കുന്ന വീഡിയോ പൊടിപ്പും തൊങ്ങലുമില്ലാതെ തന്നെ സ്ഥിരം പാറ്റേര്‍ണുകള്‍ക്ക് പുറത്തെത്തുന്നുണ്ട്.
സെക്‌സ് വര്‍ക്കിനെ പറ്റിയാണെങ്കിലും, ഒരു സിസ് മാന്‍ - ട്രാന്‍സ്‌വുമണ്‍ റിലേഷന്‍ഷിപ്പിനെ പറ്റിയാണെങ്കിലും വ്യക്തമായ ധാരണ ഉണ്ടാക്കിയെടുത്തിരുന്നുവെന്ന് സംവിധായകന്‍ ബല്‍റാം പറയുന്നു. വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നുമാണ് കഥ എഴുതിയിട്ടുള്ളത്. എഴുതുമ്പോഴും ട്രാന്‍സ് കമ്മ്യൂണിറ്റിയിലുള്ള വ്യക്തികളുമായി സംസാരിച്ചിട്ടാണ് കഥ പൂര്‍ത്തിയാക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെപറ്റി ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും നേരത്തെ തന്നെ കരുതിയിരുന്നുവെന്നും ബാലരാം ജെ ദ ക്യുവിനോട് പറഞ്ഞു.
കഥാപാത്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു സൗഹൃദത്തെ രാത്രിയുടെ മാത്രം ചില നിമിഷങ്ങളിലൂടെ ചേര്‍ത്തു വായിക്കുന്ന വീഡിയോ അതിനൊരിടത്തു പോലും അസാധാരണത്തം തോന്നിപ്പിക്കുന്നില്ല. ദയാ ഗായത്രിയും അഭിലാഷ് നന്ദകുമാറുമാണ് വീഡിയോയില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നത്.
വരികളും, കഥയും പൂര്‍ണമായും ഇവിടെ അഭിലാഷിന്റെ പേര്‍സ്‌പെക്ടിവിലാണ് പോകുന്നത്. അയാള്‍ക്കുള്ളില്‍ ദയയുടെ കഥാപാത്രത്തോട് പ്രണയമുണ്ട്. എന്നാല്‍ ഒടുവില്‍ പോലും അത് തുറന്നു പറയാന്‍ അയാള്‍ ഭയക്കുന്നുമുണ്ട്. ചില സൗഹൃദങ്ങള്‍ അങ്ങനെയാണല്ലോ. തുറന്നു പറഞ്ഞാല്‍, ഈ രാത്രി കഴിഞ്ഞാല്‍ എന്ത് സംഭവിക്കുമെന്നറിയാതെ നില്‍ക്കുന്ന ഒരു അനിശ്ചിതത്തിലൂടെയാണ് അയാള്‍ കടന്നു പോകുന്നത്. ഐ വില്‍ ബി വെയ്റ്റിംഗ് എന്നുപറഞ്ഞുകൊണ്ട് വീഡിയോ അവസാനിക്കുന്നതും അതിനാലാണ്
ബാലരാം ജെ
പൂര്‍ണമായും രാത്രിയില്‍ കഥപറയുന്ന 4എഎംന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സച്ചിന്‍ രവിയാണ്. റോഡുകളിലും ബസ് സ്റ്റോപ്പിലും, തെരുവിലുമെല്ലാമായുള്ള രണ്ട് വ്യക്തികളുടെ ഇരുട്ടിലെ യാത്രയെ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍, ഒരുവിധത്തിലും അപരിചിതത്വം തോന്നാത്ത തരത്തിലാണ് വീഡിയോയുടെ ചിത്രീകരണം. ദയയുടെയും അഭിലാഷിന്റെയും കഥാപാത്രങ്ങളോട് പ്രേക്ഷകര്‍ക്ക് അടുപ്പം തോന്നിപ്പിക്കുന്നതില്‍ ഈ പരിചിതത്വം പ്രധാനപ്പെട്ടതാകുന്നു. ഗോപാല്‍ സുധാകരാണ് വീഡിയോയുടെ എഡിറ്റിംഗും കളറിംഗും നിര്‍വിഹിച്ചിരിക്കുന്നത്. ഹെയ്ദി സാദിയയാണ് ക്രിയേറ്റീവ് ഡയറക്ടര്‍.
തൃശൂര്‍ അടിസ്ഥാനമാക്കി സജീവമായിട്ടുള്ള ഇന്‍ഡീ റോക്ക് മ്യൂസിക് ബാന്റാണ് പോസ്റ്റ്കാർഡ് 17. ഇതേ ടീം തന്നെ പോസ്റ്റ്കാർഡ് 17 ന്റെ നിര്‍മ്മാണത്തില്‍ ഒരുക്കിയിരുന്ന ഡിസംബര്‍ എന്ന മ്യൂസിക് വീഡിയോയും മുന്‍പ് ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ഐഡിഎസ്എഫ്എഫ്‌കെയില്‍ മ്യൂസിക് വീഡിയോ വിഭാഗത്തില്‍ ഡിസംബര്‍ സ്‌ക്രീന്‍ ചെയ്തിരുന്നു.