മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. 2022ല്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണിത്. ഇപ്പോഴിത ചിത്രത്തിന്റെ റെക്കോഡിങ്ങ് സമയത്തെ ബിടിഎസ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍.
ശിവമണിയോടും മറ്റ് സംഗീതജ്ഞരോടും മണിരത്‌നം ചിത്രത്തിലെ വളരെ പ്രധാനപ്പെട്ടൊരു സീന്‍ വിശദീകരിക്കുന്ന വീഡിയോയാണ് റഹ്മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സീനില്‍ വേണ്ട ബിജിഎമ്മിനെ കുറിച്ചാണ് മണിരത്‌നം പറയുന്നത്. ഒരേ സീനില്‍ തന്നെ വികാരങ്ങള്‍ മാറുന്നത് അനുസരിച്ച് ബിജിഎമ്മിലും മാറ്റങ്ങള്‍ വരണമെന്നാണ് അദ്ദേഹം പറയുന്നത്.
'ഒരു വലിയ ശബ്ദം ഉയര്‍ന്ന് വരുന്നു. അത് അവസാനിക്കുമ്പോള്‍ രാജാവും പൊന്നിയിന്‍ സെല്‍വനും എത്തുന്നു. അപ്പോള്‍ രണ്ടാമത്തെ ശബ്ദം ഉയര്‍ന്ന് വരണം. അത് അതിന്റെ ഉന്നതിയില്‍ എത്തുമ്പോഴാണ്, മൂന്നാമത്തെ ശബ്ദം തുടങ്ങേണ്ടത്. അപ്പോഴാണ് കിരീടം കൊണ്ടുവരുന്നത്. ആ ശബ്ദം കൂടി വരുമ്പോള്‍ പൊന്നിയിന്‍ സെല്‍വന്‍....' എന്നാണ് മണിരത്‌നം വീഡിയോയില്‍ പറയുന്നത്.
പ്രശസ്ത എഴുത്തുകാരന്‍ കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ അമ്പലങ്ങളിലൊന്നായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിര്‍മ്മിച്ച രാജ രാജ ചോളന്‍ ഒന്നാമന്‍ അരുള്‍മൊഴി വര്‍മന്റെ കഥയാണ് പൊന്നിയിന്‍ ശെല്‍വന്‍. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് പൊന്നിയന്‍ സെല്‍വന്‍. 500 കോടിയാണ് സിനിമയുടെ ബജറ്റ്. മണിരത്‌നവും എഴുത്തുകാരന്‍ ബി ജയമോഹനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.
ദേശീയ പുരസ്‌കാരം ജേതാവായ തോട്ടാ ധരണിയാണ് സിനിമയുടെ കലാസംവിധായകന്‍. രവി വര്‍മനാണ് ഛായാഗ്രഹണം. മണിരത്‌നത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്ലിരാജ സുബാസ്‌കാരനും ചേര്‍ന്നാണ് നിര്‍മ്മാണം.