റോക്ക്സ്റ്റാർ സിനിമയിലെ 'കുൻ ഫയ കുൻ' എന്ന ഗാനം ഉണ്ടായതിങ്ങനെ, എ ആർ റഹ്മാൻ പറയുന്നു

റോക്ക്സ്റ്റാർ സിനിമയിലെ 'കുൻ ഫയ കുൻ' എന്ന ഗാനം ഉണ്ടായതിങ്ങനെ, എ ആർ റഹ്മാൻ പറയുന്നു
Published on

റോക്ക്സ്റ്റാർ എന്ന ഹിന്ദി ചിത്രത്തിലെ പ്രശസ്തമായ സൂഫി ഗാനം 'കുൻ ഫയ കുൻ' പിറന്ന കഥ പങ്കുവെച്ച് എ ആർ റഹ്‌മാൻ. ദി വീക്കിന് നൽകിയ അഭിമുഖത്തിലാണ് ഗാനത്തിന്റെ പിന്നിലെ കഥ എ ആർ റഹ്‌മാൻ പറഞ്ഞത്. 'കുൻ ഫയ കുൻ' എന്ന വാക്കാണ് പാട്ടിന്‌ വിവരണമായി സംവിധായകൻ ഇംതിയാസ് അലി നൽകിയിരുന്നത്. 3 മാസങ്ങൾക്ക് ശേഷം ഗായകൻ ജാവേദി അലി, ഗായിക മധുശ്രീ എന്നിവരോടൊപ്പം ഈണങ്ങൾ റെക്കോർഡ് ചെയ്തുകൊണ്ടിരുന്ന സമയത്തതാണ് 'കുൻ ഫയ കുൻ'ന്റെ ഈണം തനിക്ക് കിട്ടിയത്. പിന്നീട് ആ ഈണം ഭൈരവി രാഗത്തിൽ ചിട്ടപ്പെടുത്തിയാണ് ഗാനം രൂപപ്പെടുത്തിയതെന്ന് എ ആർ റഹ്‌മാൻ അഭിമുഖത്തിൽ പറഞ്ഞു. രൺബീർ കപൂറിനെ നായകനാക്കി ഇംതിയാസ് അലി സംവിധാനം ചെയ്ത റോക്ക്സ്റ്റാർ പുറത്തുവന്നത് 2011 ലായിരുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് പ്രേക്ഷകരിൽ ഇന്ന് ലഭിച്ചത്. ശ്രോതാക്കളുടെ എക്കാലത്തെയും ഇഷ്ടഗാനങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഗാനമാണ് 'കുൻ ഫയ കുൻ'.

എ ആർ റഹ്‌മാൻ പറഞ്ഞത്:

റോക്ക്സ്റ്റാർ സിനിമയുടെ ഗാനങ്ങൾക്ക് വേണ്ടി ഇംതിയാസ് അലിയെ ആദ്യമായി കണ്ടപ്പോൾ ഗാനങ്ങൾക്ക് ഒറ്റ വാക്കിൽ വിവരണം തരാനാണ് ഞാൻ പറഞ്ഞത്. സദ്ദ ഹക്ക്, കുൻ ഫയ കുൻ എന്നൊക്കെയുള്ള വാക്കുകളാണ് അന്ന് അവർ പറഞ്ഞത്. വിശുദ്ധ ഖുറാനിന്റെ എസൻസ് മുഴുവൻ അടങ്ങിയ വാക്കുകളാണ് അവ. അതുകൊണ്ട് ആ വാക്കുകൾ ദുരൂപയോഗം ചെയ്യരുതെന്ന് ഞാൻ പറഞ്ഞു. ബഹുമാനത്തോടെ മാത്രമേ ആ വാക്കുകൾ ഉപയോഗിക്കൂ എന്നവർ ഉറപ്പു തന്നു. പിന്നീട് 3,4 മാസങ്ങൾ കടന്നു പോയി.

ഞാൻ അപ്പോൾ മുംബൈയിലെ സ്റ്റുഡിയോയിൽ ആയിരുന്നു. ജാവേദ് അലിയും മധുശ്രീയും ഒക്കെയായി ഞങ്ങൾ സ്റ്റുഡിയോയുടെ ഓഫീസ് റൂമിലിരുന്ന് ചില ഈണങ്ങൾ പാടി നോക്കി റെക്കോർഡ് ചെയ്യുകയായിരുന്നു. ഞാൻ ട്യൂൺ പാടുകയും അവർ അത് ഏറ്റുപാടുകയും ചെയ്തുകൊണ്ടിരുന്നു. ഇത് ആവർത്തിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് 'കുൻ ഫയ കുൻ' എന്ന പാട്ടിന്റെ ട്യൂൺ വരുന്നത്. പാട്ടിന്റെ മറ്റൊരു രീതിയിലുള്ള ട്യൂണാണ് അന്നുണ്ടാക്കിയത്. പിന്നീട് ഗാനത്തിന്റെ രാഗം ഭൈരവി ആകാമെന്ന് ഞാൻ നിശ്ചയിച്ചു. ഈണത്തിൽ ശ്രുതിഭേദം വരുത്തി സിന്ധു ഭൈരവി രാഗം കൂടെ പാട്ടിന്റെ ഭാഗമാക്കി. പിന്നീട് പാട്ട് നന്നായി തോന്നി. ഒരാഴ്ച കഴിഞ്ഞ് വീണ്ടും കേട്ട് പാട്ട് ഉറപ്പിക്കുകയായിരുന്നു.

ജാവേദ് അലിയെ പോലെയുള്ള പാട്ടുകാരോടൊപ്പം ഇരിക്കുന്നത് വലിയ രീതിയിൽ ഗുണം ചെയ്യും. സംഗീതജ്ഞരോടൊപ്പം ഇരിക്കുമ്പോൾ നമ്മൾക്ക് പുതിയ ഒരനുഭവമുണ്ടാകും. അവർക്ക് പാടാൻ രസകരമായ എന്തെങ്കിലും ഒന്ന് കൊടുക്കണം എന്ന് തോന്നും.

Related Stories

No stories found.
logo
The Cue
www.thecue.in