'നജീബിനേക്കാൾ പ്രചോദനമായി തോന്നിയത് ബ്ലെസ്സിയെ', 'ആടുജീവിത'ത്തിന്റെ അനുഭവം പങ്കുവെച്ച് എ ആർ റഹ്മാൻ

'നജീബിനേക്കാൾ പ്രചോദനമായി തോന്നിയത് ബ്ലെസ്സിയെ', 'ആടുജീവിത'ത്തിന്റെ അനുഭവം പങ്കുവെച്ച് എ ആർ റഹ്മാൻ
Published on

ആടുജീവിതത്തിലെ നായകനായ നജീബ് എന്ന കഥാപാത്രത്തേക്കാൾ പ്രചോദനമായി തോന്നിയത് സംവിധായകൻ ബ്ലെസ്സിയെ ആയിരുന്നു എന്ന് എ ആർ റഹ്‌മാൻ. സിനിമയ്ക്ക് വേണ്ടി സംവിധായകൻ ബ്ലെസ്സി അനുഭവിച്ച കഷ്ടപ്പാടുകൾ അറിയാം. വലിയ പാഷനോടെയാണ് ബ്ലെസ്സി സിനിമയ്ക്കൊപ്പം നിന്നത്. സ്വന്തം വിശ്വാസത്തിൽ അടിയുറച്ച് നിൽക്കുന്ന ഒരു മനുഷ്യനെക്കുറിച്ചുള്ള കേസ് സ്റ്റഡി ആയിരുന്നു തനിക്ക് ആ സിനിമ. ആടുജീവിതത്തിന്റെ മ്യൂസിക് വീഡിയോക്ക് വേണ്ടി ജോർദാനിലെ മനോഹരമായ സ്ഥലത്ത് ഷൂട്ട് ചെയ്യാനും താമസിക്കാനും കഴിഞ്ഞുവെന്ന് എ ആർ റഹ്‌മാൻ 'ദി വീക്കിന്' നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആടു ജീവിതത്തിലെ സംഗീതത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് മലയാളത്തിൽ എ ആർ റഹ്‌മാൻ നടത്തിയത്. ചിത്രത്തിലെ 'പെരിയോനെ റഹ്മാനെ' ഗാനം സാമൂഹ്യമാധ്യമങ്ങളിൽ ട്രെന്റിങ്ങായിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടൻ, സംവിധായകൻ ഉൾപ്പെടെ ഒമ്പതോളം പുരസ്‌കാരം ആടുജീവിതത്തിന് ലഭിച്ചിരുന്നു.

എ ആർ റഹ്മാൻ പറഞ്ഞത്:

സംവിധായകൻ ബ്ലെസി ആടുജീവിതത്തിന് വേണ്ടി അനുഭവിച്ച കഷ്ടപ്പാടുകൾ എനിക്കറിയാം. എത്രത്തോളം പാഷനോടെയാണ് ആദ്ദേഹം സിനിമയോടൊപ്പം നിന്നത് എന്ന് കണ്ടിട്ടുണ്ട്. സ്വന്തം വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന ഒരു മനുഷ്യന്റെ കേസ് സ്റ്റഡിയായിരുന്നു അവസാനം വരെ എനിക്ക് ആ സിനിമ. ആ ചിത്രം അതുപോലെ തന്നെ വലിയ വിജയമായി. നജീബിനേക്കാൾ ബ്ലെസിയായിരുന്നു പ്രചോദനമായി തോന്നിയത്. സിനിമയുടെ മ്യൂസിക് വീഡിയോ ചെയ്യുന്നതിന് വേണ്ടി അദ്ദേഹം എന്നെ വിളിച്ചു. അതിനായിട്ടാണ് ജോർദാനിലേക്ക് പോയത്. പോകണമെന്ന് എന്റെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന സ്ഥലം കൂടിയായിരുന്നു ജോർദാൻ. വളരെ ഭംഗിയുള്ള ആ പ്രദേശത്ത് താമസിക്കാനും ഷൂട്ട് ചെയ്യാനും കഴിഞ്ഞു.

അതിനെല്ലാം ശേഷം സിനിമയുടെ പശ്ചാത്തല സംഗീതത്തെ കുറിച്ച് പൃഥ്വിരാജ് നല്ല അഭിപ്രായം പറഞ്ഞിരുന്നു. എന്തുകൊണ്ട് മലയാളത്തിൽ സംഗീതം ചെയ്യുന്നില്ല എന്ന് മലയാള സിനിമയിൽ നിന്നുള്ളവർ ചോദിക്കാറുണ്ട്. 3 പതിറ്റാണ്ടോളമായി മലയാളത്തിൽ സംഗീതം ചെയ്തിട്ട്. എന്തുകൊണ്ട് ചെയ്തുകൂടാ എന്ന് എനിക്കും തോന്നി. ആടുജീവിതം മനോഹരമായ ഒരു സിനിമയായിരുന്നു. രണ്ട് സിനിമകളാണ് ഈ അടുത്ത കാലത്ത് മലയാളത്തിൽ ചെയ്തത്. പക്ഷെ ഇന്നത്തെ കാലത്ത് പൊന്നിയിൻ സെൽവൻ പോലുള്ള സിനിമകൾക്ക് മലയാളം വേർഷനും ഉണ്ടല്ലോ. അതുകൊണ്ട് അങ്ങനെയും മലയാളത്തിൽ സംഗീതം ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in