'ഇനിയും ഒരു 6,7 മാസം കിട്ടിയിരുന്നെങ്കിൽ ബീസ്റ്റിന് മിക്സഡ് റിവ്യൂ വരില്ലായിരുന്നു' ; സിനിമയുടെ കണക്കുകൂട്ടൽ തെറ്റിയെന്ന് നെൽസൺ

'ഇനിയും ഒരു 6,7 മാസം കിട്ടിയിരുന്നെങ്കിൽ ബീസ്റ്റിന് മിക്സഡ് റിവ്യൂ വരില്ലായിരുന്നു' ; സിനിമയുടെ കണക്കുകൂട്ടൽ തെറ്റിയെന്ന് നെൽസൺ
Published on

വിജയ്‌യെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ബീസ്റ്റ്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ചിത്രത്തിന് മോശം പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഇനിയും ഒരു 6,7 മാസം എക്സ്ട്രാ ടൈം എടുത്ത് ഡീറ്റയിൽഡ് ആയി ചെയ്തിരുന്നെങ്കിൽ മിക്സഡ് റിവ്യൂ ഇല്ലാതെ സിനിമ വന്നേനെയെന്ന് സംവിധായകൻ നെൽസൺ. ഒരു ടൈമിൽ തുടങ്ങി ഒരു ടൈമിൽ അവസാനിപ്പിക്കാം എന്ന് ഞാൻ കരുതിയിരുന്നു പക്ഷെ എന്റെ കണക്കുകൂട്ടൽ അപ്പാടെ തെറ്റിയെന്നും നെൽസൺ ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കോവിഡ് വന്ന കാരണം വിചാരിച്ച രീതിയിൽ നമുക്ക് ഷൂട്ട് ചെയ്യാൻ പറ്റിയില്ല. വി എഫ് എക്സ് കുറച്ച് കൂടെ മെച്ചപ്പെടുത്താമായിരുന്നു, ഷൂട്ട് ചെയ്യാനായി ഇനിയും സീൻസ് ബാക്കിയുണ്ടായിരുന്നു അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒന്നുകൂടെ ഫൈൻ ചെയ്തു കറക്റ്റ് ചെയ്യണമായിരുന്നു ബീസ്റ്റിനെയെന്ന് നെൽസൺ പറഞ്ഞു. പൂജാ ഹെഗ്‌ഡെ, വി ടി വി ഗണേഷ്, സെല്‍വരാഘവന്‍, യോഗി ബാബു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്‍റെ സംഗീതം. മനോജ് പരമഹംസയായിരുന്നു ഛായാഗ്രഹണം.

ബീസ്റ്റിന് ശേഷം രജനികാന്തിനെ നായകനാക്കി നെൽസൺ ഒരുക്കിയ ചിത്രം ജയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ 375 കോടിക്ക് മുകളിലാണ് ചിത്രം കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടുകൂടി തമിഴ് സിനിമയുടെ ചരിത്രത്തിൽ ആദ്യത്തെ ആഴ്ച ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രവുമായി ജയിലർ.

മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രത്തെയാണ് ജയിലറില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണന്‍, വസന്ത് രവി, വിനായകന്‍, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാത്യു എന്ന കഥാപാത്രമായി മോഹന്‍ലാലും ചിത്രത്തില്‍ ഒരു കാമിയോ റോളില്‍ എത്തുന്നുണ്ട്. വര്‍മന്‍ എന്ന ശക്തമായ വില്ലന്‍ കഥാപാത്രമായി വിനായകനും ചിത്രത്തില്‍ ഉണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in