'ദുരനുഭവങ്ങൾ പാട്ടിലൂടെ പാടുമ്പോൾ തെറി വിളിക്കുന്ന ഒരു കൂട്ടം അപകടകരമാണ്.'; ഗായിക ഗൗരി ലക്ഷ്മിക്ക് ഐക്യദാർഢ്യവുമായി എം പി എ എ റഹിം

'ദുരനുഭവങ്ങൾ പാട്ടിലൂടെ പാടുമ്പോൾ തെറി വിളിക്കുന്ന ഒരു കൂട്ടം അപകടകരമാണ്.'; ഗായിക ഗൗരി ലക്ഷ്മിക്ക് ഐക്യദാർഢ്യവുമായി എം പി എ എ റഹിം
Published on

കുറച്ചു കാലമായി സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന ഗാനമാണ് ഗൗരി ലക്ഷ്മിയുടെ 'മുറിവ്'. 2023 ഫെബ്രുവരി 8 ന് പുറത്തിറങ്ങിയ ഗാനം വലിയ സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്. 'എന്റെ പേര് പെണ്ണ്' എന്ന് തുടങ്ങുന്ന ഗാനം സ്വന്തം ജീവിതത്തിലെ അനുഭവങ്ങളാണ് എന്ന് ഗൗരി ലക്ഷ്മി നേരത്തെ പ്രതികരിച്ചിരുന്നു. റിപ്പോർട്ടർ ചാനലിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ അവതരിപ്പിച്ച ഗാനം പിന്നീട് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയായിരുന്നു. ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ ഗായികയ്ക്കെതിരെയും സൈബർ ആക്രമണം ശക്തമാവുകയാണ്. ഇപ്പോഴിതാ ഗായികയ്ക്ക് പിന്തുണയുമായി എം പി എ എ റഹിം തന്നെ മുന്നോട്ടു വന്നിരിക്കുകയാണ്.

സമൂഹമാധ്യമത്തിലൂടെ ഗാനശകലവും കുറിപ്പും പങ്കുവെച്ചുകൊണ്ടാണ് എ എ റഹിം തന്റെ ഐക്യദാർഢ്യം വ്യക്തമാക്കിയിരിക്കുന്നത്. 'എന്റെ പേര് പെണ്ണ്, എനിക്ക് വയസ്സ് എട്ട്' എന്ന പാട്ടിന്റെ വരികൾ കൊണ്ട് തന്നെയാണ് കുറിപ്പ് ആരംഭിക്കുന്നത്. 'ഒരു സ്ത്രീ തന്റെ ജീവതത്തിലുണ്ടായ ദുരനുഭവങ്ങളാണ് താൻ തന്റെ പാട്ടിലൂടെ പറഞ്ഞത് എന്ന് പറഞ്ഞപ്പോൾ തെറി വിളിക്കുന്ന ഒരു കൂട്ടം അപകടകരമാണ്' എന്ന് കുറിപ്പിൽ പറയുന്നു.ഗായിക ഗൗരി ലക്ഷ്മി തന്റെ ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ ‘മുറിവ്’ എന്ന തന്റെ പാട്ടിലൂടെ പാടിയതിനെതിരെയുള്ള സൈബർ ആക്രമണം അപലപനീയമാണ് എന്നും കുറിപ്പിലൂടെ എം പി പറയുന്നു. ഗൗരി ലക്ഷ്മിക്കൊപ്പം എന്ന് അവസാനിക്കുന്ന കുറിപ്പിൽ ഗായികയ്ക്കുള്ള ഐക്യദാർഢ്യവും എം പി വ്യക്തമാക്കുന്നുണ്ട്. സമൂഹ മാധ്യമത്തിലൂടെ ഗായിക എം പി യ്ക്ക് നന്ദി പറഞ്ഞിട്ടുണ്ട്.

കുറിപ്പ് ഇങ്ങനെ:

എന്റെ പേര് പെണ്ണ്.. എനിക്ക് വയസ്സ് എട്ട്’...

ഒരു സ്ത്രീ തന്റെ ജീവതത്തിലുണ്ടായ ദുരനുഭവങ്ങളാണ് താൻ തന്റെ പാട്ടിലൂടെ പറഞ്ഞത് എന്ന് പറഞ്ഞപ്പോൾ തെറി വിളിക്കുന്ന ഒരു കൂട്ടം അപകടകരമാണ്.

ഗായിക ഗൗരി ലക്ഷ്മി തന്റെ ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ ‘മുറിവ്’ എന്ന തന്റെ പാട്ടിലൂടെ പാടിയതിനെതിരെയുള്ള സൈബർ ആക്രമണം അപലപനീയമാണ്.

ഗൗരിക്ക് ഐക്യദാർഢ്യം..!

Related Stories

No stories found.
logo
The Cue
www.thecue.in