ബോക്സ് ഓഫീസ് റെക്കോഡുകൾ തിരുത്തി വിജയ് ചിത്രം, GOAT 5 ദിവസം കൊണ്ട് തിയറ്ററിൽ നിന്ന് നേടിയത്

ബോക്സ് ഓഫീസ് റെക്കോഡുകൾ തിരുത്തി വിജയ് ചിത്രം, GOAT 5 ദിവസം കൊണ്ട് തിയറ്ററിൽ നിന്ന് നേടിയത്
Published on

ആഗോള ബോക്സോഫിൽ തരംഗമായി വിജയ് ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'. 5 ദിവസം കൊണ്ട് ചിത്രം തിയറ്ററിൽ നിന്ന് 300 കോടിയോളം രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. രജിനികാന്തിന്റെ ജയിലറിന് ശേഷം ഏറ്റവും വേഗത്തിൽ 300 കോടി ക്ലബ്ബിൽ എത്തുന്ന തമിഴ് ചിത്രം എന്ന റെക്കോർഡും ഇനി GOAT ന് സ്വന്തം. വിജയുടെ തന്നെ ലിയോ ആണ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത്. ഇതോടു കൂടി 300 കോടി ക്ലബിൽ എത്തുന്ന 9 മത്തെ തമിഴ് സിനിമയാകും GOAT. 300 കോടി ക്ലബ് സ്വന്തമാക്കുന്ന നാലാമത്തെ വിജയ് ചിത്രം എന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്. കളക്ഷൻ വേഗത്തിന്റെ കാര്യത്തിൽ വിജയുടെ കരിയറിലെ തന്നെ നാഴികക്കല്ലാണ് GOAT എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് ഇരട്ട വേഷത്തിലെത്തിയ GOAT നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ആദ്യ ദിനം മുതലേ തിയറ്റർ കളക്ഷനിൽ വലിയ പ്രതീക്ഷകളാണ് ചിത്രത്തിനുണ്ടായിരുന്നത്. അത് ശരി വെക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ ലഭിക്കുന്നത്. GOAT ന്റെ പ്രീ സെയിൽ കണക്കുകളും ചിത്രത്തിന് നൽകിയിരുന്നത് വലിയ പ്രതീക്ഷയാണ്. ചിത്രത്തിന്റെ മൊത്തം പ്രീ സെയില്‍ വരുമാനമായി കണക്കാക്കുന്നത് 10.52കോടിക്കും മുകളിലാണ്. ഈ വര്‍ഷം ഒരു തമിഴ് സിനിമക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രീ സെയില്‍ കണക്കാണിത്. ഇന്ത്യന്‍ 2ന്റെ നിലവിലെ റെക്കോര്‍ഡുകളെല്ലാം മറി കടന്നായിരുന്നു ഗോട്ടിന്റെ കുതിപ്പ്.

'മങ്കാത്ത' എന്ന അജിത്ത് ചിത്രത്തിലൂടെ വിസ്മയിപ്പിച്ച സംവിധായകൻ വെങ്കട്ട് പ്രഭു തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. ആക്ഷൻ മൂഡിലെത്തുന്ന ചിത്രത്തിൽ മീനാക്ഷി ചൗധരിയാണ് നായിക. ചിത്രത്തിൽ അച്ഛനും മകനുമായാണ് വിജയ് എത്തുന്നത്. എ.ജി.എസ് എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ അര്‍ച്ചന കല്‍പ്പാത്തി, കല്‍പ്പാത്തി എസ് അഘോരം, കല്‍പ്പാത്തി എസ് ഗണേഷ് , കല്‍പ്പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എ.ജി.എസ് എന്റർടൈൻമെന്റ് നിര്‍മിക്കുന്ന ഇരുപത്തിയഞ്ചാമത് ചിത്രം കൂടിയാണ് 'ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം'.

Related Stories

No stories found.
logo
The Cue
www.thecue.in