നടി പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രം അക്കൗണ്ട് നിര്‍മ്മിക്കുകയും അതിലൂടെ എഡിറ്റ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ 22കാരന്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ സ്ഥിര താമസമാക്കിയ തമിഴ്‌നാട് സ്വദേശിയായ ഭാഗ്യരാജ് എന്ന കോളേജ് വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. നഗ്‌ന ചിത്രങ്ങളില്‍ മലയാള സീരിയല്‍സിനിമാ നടികളുടെ മുഖം എഡിറ്റ് ചെയ്തുകൊണ്ടായിരുന്നു പ്രചരണം.
പ്രവീണയുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് നടി പൊലീസില്‍ പരാതിപ്പെട്ടത്. നാലുമാസം മുന്‍പാണ് താരം പരാതി നല്‍കിയത്. എ.ഡി.ജി.പി മനോജ് എബ്രഹാമിന് നല്‍കിയ പരാതിക്ക് പിന്നാലെയാണ് പ്രത്യേക അന്വേഷസംഘം രൂപീകരിച്ച് പരാതിയില്‍ നടപടി സ്വീകരിച്ചത്. സൈബര്‍ സെല്ലും അന്വേഷണത്തില്‍ പങ്കുചേര്‍ന്നതോടെയാണ് കൃത്യമായ തെളിവുകളോടെ പ്രതി പിടിയിലായത്.
സിനിമ മേഖലയിലെ നിരവധി പേര്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ പലരും പ്രതികരിക്കാറില്ലെന്നതാണ് സത്യമെന്നാണ് സംഭവത്തില്‍ മനോരമ ഓണ്‍ലൈനിന് പ്രവീണ നല്‍കിയ പ്രതികരണം.
പ്രവീണയുടെ വാക്കുകള്‍:
ഈ യുവാവ് എന്റെ പേരില്‍ ഇന്‍സ്റ്റഗ്രമില്‍ മുന്‍പ് അക്കൗണ്ട് ആരംഭിച്ചിരുന്നു. ആദ്യം നല്ല ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരുന്നത്. പിന്നീട് അതെല്ലാം ലൈക്ക് ചെയ്യണം എന്നാവശ്യപ്പെട്ട് എന്നെ ഫോണ്‍ വിളിച്ചു. ഞാന്‍ സമൂഹമാധ്യമത്തില്‍ സജീവമല്ലാത്തതിനാല്‍ ആ ആവശ്യം അത്ര കാര്യമായി എടുത്തില്ല. പക്ഷെ അയാള്‍ അശ്ലീല ചിത്രങ്ങളില്‍ എന്റെ മുഖം എഡിറ്റ് ചെയ്ത് വച്ച് പ്രചരിപ്പിക്കാന്‍ തുടങ്ങി. സിനിമാ മേഖലകളിലെ എന്റെ സുഹൃത്തുക്കള്‍ക്ക് വരെ ടാഗ് ചെയ്ത് ചിത്രം പങ്കിട്ടു. സുഹൃത്തുക്കളാണ് എന്നോട് അതേ കുറിച്ച് അറിയിച്ചത്. ആദ്യം ഞാന്‍ അയാളെ വിളിച്ച് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. പക്ഷെ അയാള്‍ വീണ്ടും ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. പിന്നാലെ കുടുംബത്തെയും അപമാനിച്ച് എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. അതിനാലാണ് ഞാന്‍ പരാതി നല്‍കിയത്.