2024 ൽ മലയാള സിനിമ ആകെ നേടിയത് 1550 കോടി? ബോക്സ് ഓഫീസ് കളക്ഷനിൽ മോഹൻലാൽ പുറത്ത്, 100 കോടി കടന്ന ചിത്രങ്ങൾ ഇവയൊക്കെ

2024 ൽ മലയാള സിനിമ ആകെ നേടിയത് 1550 കോടി? ബോക്സ് ഓഫീസ് കളക്ഷനിൽ മോഹൻലാൽ പുറത്ത്, 100 കോടി കടന്ന ചിത്രങ്ങൾ ഇവയൊക്കെ
Published on

2024 -ലെ മലയാള സിനിമയുടെ കുതിച്ചു ചാട്ടത്തെ ഇന്ത്യൻ സിനിമ വ്യവസായത്തിലെ എല്ലാ ഇൻഡസ്ട്രികളും ഒരേ കൗതുകത്തോടെയാണ് നോക്കി കണ്ടത്. ബോളിവുഡ് അടക്കമുള്ള ഇൻഡസ്ട്രികൾ ബോക്സ് ഓഫീസിൽ തുടർച്ചയായ പരാജയം രുചിക്കുമ്പോൾ മിനിമം ബഡ്ജറ്റിലും താരത്തിളക്കുമില്ലാതെ എത്തിയ മലയാള സിനിമകൾ ബോക്സ് ഓഫീസ് അടക്കി വാഴുന്ന കാഴ്ചയും പ്രേക്ഷകർ കണ്ടു. 2024 ല്‍ മലയാള സിനിമ 1550 കോടി രൂപയാണ് ആകെ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.

അഞ്ച് സിനിമകളാണ് ഈ വർഷം മലയാളത്തിൽ നിന്നും 100 കോടി കടന്നിരിക്കുന്നത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സാണ് ബോക്സ് ഓഫീസ് കളക്ഷനിൽ മുന്നിൽ നിൽക്കുന്നത്. 241 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ആ​ഗോള ​ഗ്രോസ് കളക്ഷനായി നേടിയെന്നാണ് വിലയിരുത്തൽ. മഞ്ഞുമ്മൽ ബോയ്സ് കണ്ട് കമൽ ഹാസൻ, ഉദയനിധി സ്റ്റാലിൻ, കാർത്തിക് സുബ്ബരാജ്, സിദ്ധാർത്ഥ് എന്നിവർ അഭിനന്ദനങ്ങളുമായി എത്തിയതും കമൽ ഹാസൻ- ​ഗുണ ട്രിബ്യൂട്ട് എന്ന നിലക്കുള്ള സോഷ്യൽ മീഡിയ ചർച്ചകളും തമിഴ് റിലീസുകൾക്ക് മുകളിലുള്ള ഒരു സ്വീകാര്യത തമിഴ്നാട്ടിലും മഞ്ഞുമ്മലിന് നേടിക്കൊടുത്തിരുന്നു. ഇതും ചിത്രത്തിന്റെ മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിന് കാരണമായിട്ടുണ്ട്. 2024ലെ ഏറ്റവും വലിയ മലയാളം ഹിറ്റും മഞ്ഞുമ്മൽ ബോയ്സാണ്.

ബ്ലെസിയുടെ സംവിധാനത്തിലെത്തിയ ആടുജീവിതമാണ് 2024 ലെ ബോക്സ് ഓഫീസ് കളക്ഷനിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. 158 കോടി രൂപയാണ് ചിത്രത്തിന്റെ ആ​ഗോള ബോക്സ് ഓഫീസ് കളക്ഷൻ എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന കഥയെ ആസ്പദമാക്കി എത്തിയ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരന്റെ അഭിനയം വലിയ തരത്തിൽ പ്രശംസിക്കപ്പെട്ടിരുന്നു. ഫഹദ് ഫാസിൽ നായകനായി എത്തി ജീതു മാധവൻ സംവിധാനം ചെയ്ത ആവേശം, ​ഗിരീഷ് എഡിയുടെ സംവിധാനത്തിൽ നസ്ലെൻ- മമിത ജോഡികൾ ഒരുമിച്ചെത്തിയ പ്രേമലു എന്നിയവയാണ് മൂന്നും നാലും സ്ഥാനത്തുള്ള ചിത്രങ്ങൾ. ഇരുചിത്രങ്ങളും ഭാഷഭേദമന്യേ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

9 കോടി ബജറ്റിൽ പൂർത്തിയാക്കിയ ​ഗിരീഷ് എഡി ചിത്രം പ്രേമലു ഇന്ത്യയിൽ നിന്ന് 93.56 കോടിയും ഓവർ സീസ് കളക്ഷനായി 42.25 കോടിയും നേടി. ഭാവന സ്റ്റുഡിയോാണ് ചിത്രം നിർമ്മിച്ചത്. 136 കോടിയാണ് സിനിമയുടെ ഫൈനൽ ​ഗ്രോസ് കളക്ഷന‍്. 30 കോടി ബജറ്റിൽ പൂർത്തിയായ ആവേശം 154.60 കോടിയാണ് ​ഗ്രോസ് കളക്ഷനായി നേടിയത്. ഒടുവിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയത് ജിതിൻ ലാലിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായി എത്തിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രമാണ്. ബോക്സ് ഓഫീസിൽ മൂപ്പത് ദിവസവും താണ്ടി പിന്നിടുന്ന ചിത്രം 111 കോടി രൂപയാണ് ഇതുവരെ ​ഗ്രോസ് കളക്ഷനായി കളക്ട് ചെയ്തിരിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി എത്തിയ ARM ൽ ട്രിപ്പിൾ റോളിലാണ് ടൊവിനോ തോമസ് എത്തിയത്.

പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ തിയറ്ററിലെത്തിയ വിപിൻ ദാസ് ചിത്രം ​ഗുരുവായൂരമ്പല നടയിൽ 90.20 കോടി രൂപയാണ് ആ​ഗോള ബോക്സ് ഓഫീസിൽ സ്വന്തമാക്കിയത്. വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്ക് ശേഷം 83.03 കോടി രൂപയും, വൈശാഖിന്റെ മമ്മൂട്ടി ചിത്രം ടർബോ 72.20 കോടി രൂപയും, ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡം 72 കോടി രൂപയും മമ്മൂട്ടിയുടെ ഭ്രമയു​ഗം ₹58.7 കോടി രൂപയുമാണ് ആ​ഗോള ബോക്സ് ഓഫീസിൽ കരസ്ഥമാക്കിയത്. അതേ സമയം 2024 ലെ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ‌റെ ആദ്യ പത്തിൽ പോലും മോഹൻലാൽ എത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലൈക്കോട്ടെ വാലിബനാണ് മോഹൻലാലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. 60 കോടി ബഡ്ജറ്റിലെത്തിയ ചിത്രം 30 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത്. നിലവിൽ ഏറ്റവും കൂടുതൽ 100 കോടി ചിത്രമുള്ളത് മോഹൻലാലിന‍്റെ പേരിലാണ്. ആദ്യ 100 കോടി ചിത്രമായ പുലിമുരുകൻ, പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്നീ ചിത്രങ്ങളാണ് തിയറ്റർ കളക്ഷനിലൂടെ മാത്രം 100 കോടി പിന്നിട്ട മോഹൻലാൽ സിനിമകൾ.

Related Stories

No stories found.
logo
The Cue
www.thecue.in