ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ പൗരത്വബില്ലിനെതിരെ പ്രതിഷേധം; പ്ലക്കാര്‍ഡുമായി ‘ഉണ്ട’ സംവിധായകനും സംഘവും
കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് ‘ഉണ്ട’ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഐഎഫ്എഫ്‌കെയിലെ ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനിടെയാണ് അണിയറപ്രവര്‍ത്തകര്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചത്. ചിത്രത്തിന്റെ സംവിധായകനായ ഖാലിദ് റഹ്മാന്‍, തിരക്കഥാകൃത്ത് ഹര്‍ഷാദ്, അഭിനേതാവ് ഗോകുലന്‍ തുടങ്ങിയവര്‍ പ്ലക്കാര്‍ഡുമായി വേദിയിലെത്തി.
ഛത്തിസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക് പോകുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട. രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിയും ആദിവാസികളുള്‍പ്പെടുന്നവര്‍ക്കും അവരുടെ ഭൂമിക്കും നേരെ ഉയരുന്ന ആക്രമണങ്ങള്‍ ചിത്രം ചര്‍ച്ച ചെയ്തിരുന്നു. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ബില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന സംവിധായകന്‍ ജാനു ബറുവ തന്റെ പുതിയ ചിത്രമായ 'ഭോഗ കിരിക്കേ' (broken window ) അസം ചലച്ചിത്ര മേളയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. രാജ്യത്തുടനീളം ബില്ലിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ലോക്സഭയിലുയര്‍ന്ന ശക്തമായ പ്രതിഷേധം മറികടന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ നിയമപോരാട്ടത്തിന് പ്രതിപക്ഷ കക്ഷികള്‍ ഒരുങ്ങുകയാണ്. രാജ്യസഭയിലും ബില്‍ പാസാവുകയാണെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് അറിയുന്നു. ബില്ലിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയെ സമീപിക്കുമെന്ന് അസം ആസ്ഥാനമായുള്ള കക്ഷിയായ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും അറിയിച്ചിട്ടുണ്. ബില്‍ സുപ്രീം കോടതി റദ്ദാക്കുമെന്ന് സുപ്രിയ സുലെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തത് എന്‍സിപിയും നിയമനപടി സ്വീകരിക്കുമെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
ഭരണടനാവിരുദ്ധവും മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്‍മാരെ വിഭജിക്കുന്നതുമാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബില്ലിനെതിരെ ലോക്സഭയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. തിങ്കളാഴ്ച അര്‍ധരാത്രിവരെ നീണ്ട രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ 311 പേരുടെ വോട്ടോടെ ലോക്സഭ ബില്‍ പാസാക്കിയത്. 80 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം