‘ഇതെന്റെ സ്വപ്‌നസാക്ഷാത്ക്കാരം’; മൂത്തോന്റെ വേള്‍ഡ് പ്രീമിയറിനായി കാത്തിരിക്കുന്നുവെന്ന് നിവിന്‍; ടൊറന്റോയിലെ ആദ്യ പ്രദര്‍ശനം നാളെ

‘ഇതെന്റെ സ്വപ്‌നസാക്ഷാത്ക്കാരം’; മൂത്തോന്റെ വേള്‍ഡ് പ്രീമിയറിനായി കാത്തിരിക്കുന്നുവെന്ന് നിവിന്‍; ടൊറന്റോയിലെ ആദ്യ പ്രദര്‍ശനം നാളെ

Published on

ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കട്ടി’ന് പിന്നാലെ മറ്റൊരു മലയാള ചിത്രം കൂടി ടൊറന്റോ ഇന്റര്‍നാഷ്ണല്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനാകുന്ന ‘മൂത്തോന്റെ’ വേള്‍ഡ് പ്രീമിയര്‍ നാളെ നടക്കും. സ്പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

ടൊറന്റോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലിലെ പ്രദര്‍ശനം തന്റെ സ്വപ്‌നം സാക്ഷാത്ക്കാരാമാണെന്ന് നിവിന്‍ പോളി. തന്റെ ചിത്രങ്ങള്‍ വിശാലമായ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഇത് അത്തരത്തിലൊരു നിമിഷമാണെന്നും നിവിന്‍ ദ ക്യൂവിനോട് പറഞ്ഞു.

ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്നത് വലിയ അഭിമാനമാണ്. ഇത് ഒരു സ്വപ്നം യാഥാര്‍ഥ്യമായ നിമിഷമാണെന്ന് വേണം പറയാന്‍. എന്റെ സിനിമകള്‍ വിശാലമായ പ്രേക്ഷകരിലേക്കെത്തിക്കണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇത് അത്തരമൊരു നിമിഷമാണ്. പൂര്‍ണ്ണ ആത്മാര്‍ഥതയോടെ ഞാന്‍ ചെയ്ത ചിത്രമാണ് മൂത്തോന്‍. ഒരുപാട് തയ്യാറെടുപ്പുകളും പ്രയത്നവുമെല്ലാം ഈ ചിത്രത്തിന്റെ നിര്‍മാണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംവിധായകയായ ഗീതുമോഹന്‍ദാസ്, അനുരാഗ് കശ്യപ് ഉള്‍പ്പെടുന്ന പ്രൊഡക്ഷന്‍ ടീം രാജീവ് രവിയുടെ നേതൃത്വത്തിലുള്ള ടെക്കിനിക്കല്‍ ടീം എന്നിവരുടെ പ്രയത്നത്തെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. റിലീസ് ചെയ്ത് കഴിയുമ്പോള്‍ ലോകമെമ്പാടുമുള്ള  പ്രേക്ഷകരെ എക്സൈറ്റ് ചെയ്യിക്കുന്ന ഒരു ചിത്രമാവും മൂത്തോന്‍. അതുകൊണ്ട് തന്നെ പ്രീമിയറിനായി കാത്തിരിക്കുകയാണ്.  

നിവിന്‍ പോളി

മുംബൈ അന്താരാഷ്ട ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രവും മൂത്തോനാണ്. ഈ ഒക്ടോബറില്‍ തുടക്കമാവുന്ന ജിയോ മാമി ഫെസ്റ്റിവലിന്റെ 21-ാം പതിപ്പിലാണ് മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്നത്.

ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപു് നിര്‍മ്മാണത്തിലും പങ്കാളിയാകുന്നു. രാജീവ് രവിയാണ് ഛായാഗ്രഹണം.

‘ഇതെന്റെ സ്വപ്‌നസാക്ഷാത്ക്കാരം’; മൂത്തോന്റെ വേള്‍ഡ് പ്രീമിയറിനായി കാത്തിരിക്കുന്നുവെന്ന് നിവിന്‍; ടൊറന്റോയിലെ ആദ്യ പ്രദര്‍ശനം നാളെ
‘അഭിനേതാക്കളോട് പറഞ്ഞത് മൃഗങ്ങളേ പോലെ പെരുമാറാന്‍’; മനുഷ്യനും മൃഗവും തമ്മിലുള്ള ദൂരമില്ലാതാകുന്നതാണ് ജല്ലിക്കട്ടെന്ന് ലിജോ   

റോഷന്‍ മാത്യുവും ചിത്രത്തില്‍ നിവിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ മികച്ച പ്രകടനമാണ് റോഷന് അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിലേക്ക് വഴി തുറന്നത്. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ തന്റെ മുതിര്‍ന്ന സഹോദരനെ തേടി യാത്രതിരിക്കുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട് എന്നാണ് പുറത്തുവന്ന വിവരം. ചിത്രത്തിന്റെ ആദ്യ ടീസര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.

ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ഒറിജിനല്‍ സ്‌കോര്‍ സാഗര്‍ ദേശായി. സൗണ്ട് ഡിസൈന്‍ കുണാല്‍ ശര്‍മ്മ.

logo
The Cue
www.thecue.in