‘അഭിനേതാക്കളോട് പറഞ്ഞത് മൃഗങ്ങളേ പോലെ പെരുമാറാന്‍’; മനുഷ്യനും മൃഗവും തമ്മിലുള്ള ദൂരമില്ലാതാകുന്നതാണ് ജല്ലിക്കട്ടെന്ന് ലിജോ   

‘അഭിനേതാക്കളോട് പറഞ്ഞത് മൃഗങ്ങളേ പോലെ പെരുമാറാന്‍’; മനുഷ്യനും മൃഗവും തമ്മിലുള്ള ദൂരമില്ലാതാകുന്നതാണ് ജല്ലിക്കട്ടെന്ന് ലിജോ   

Published on

മനുഷ്യനും മൃഗത്തിനും ഇടയിലുള്ള ദൂരം കുറയുന്നതും ഇല്ലാതാകുന്നതുമാണ് ‘ജല്ലിക്കട്ടി’ന്റെ പ്രമേയമെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. എസ് ഹരീഷിന്റ മാവോയിസ്റ്റ് എന്ന കഥ വായിച്ചപ്പോള്‍ അതില്‍ മനുഷ്യനും മൃഗത്തിനും ഇടയിലുളള ദുരം കുറയുന്നതും രണ്ടും ഒന്നാകുന്നതുമാണ് ശ്രദ്ധിച്ചത്. കഥയിലെ ആ ഭാഗമാണ് സിനിമയ്ക്കായി കേന്ദ്രീകരിച്ചതെന്നും ലിജോ ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലെ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം പറഞ്ഞു.

എസ് ഹരീഷിന്റ കഥ ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് അറിയുന്നത്. വായിച്ചപ്പോള്‍ അതിലെ അതില്‍ മനുഷ്യനും മൃഗത്തിനും ഇടയിലുളള ദുരം കുറയുന്നതും രണ്ടും ഒന്നാകുന്നതുമാണ് ശ്രദ്ധിച്ചത്. കഥ മാറ്റിവച്ച് മനുഷ്യനും മൃഗവും തമ്മിലുള്ള അകലം ഇല്ലാതാകുന്ന പ്രമേയമാണ് സിനിമയ്ക്കായി കേന്ദ്രീകരിച്ചത്.

ലിജോ ജോസ് പെല്ലിശേരി

‘അഭിനേതാക്കളോട് പറഞ്ഞത് മൃഗങ്ങളേ പോലെ പെരുമാറാന്‍’; മനുഷ്യനും മൃഗവും തമ്മിലുള്ള ദൂരമില്ലാതാകുന്നതാണ് ജല്ലിക്കട്ടെന്ന് ലിജോ   
മുള്‍മുനയില്‍ ! ; ‘ജല്ലിക്കട്ട്’ അമ്പരപ്പിക്കുന്നതെന്ന് ടൊറന്റോ ഫിലിം ഫെസ്റ്റിവല്‍ പ്രേക്ഷകര്‍

പോത്തോടുന്നതും മറ്റും ചെറുപ്പം മുതലെ കണ്ടിട്ടുണ്ടെന്നും ഒരു മൃഗം ഓടുമ്പോള്‍ അതിന് പിന്നാലെ മൃഗത്തേക്കാള്‍ ഭ്രാന്ത് പിടിക്കുന്ന മനുഷ്യരും ഓടുന്നത് മനസില്‍ ഉണ്ടായിരുന്നതാണ് പിന്നീ്ട് കഥയായതെന്ന് എസ് ഹരീഷും പറഞ്ഞു.

സമകാലീന ലോക സിനിമാ വിഭാഗത്തില്‍ മത്സരിച്ച ജല്ലിക്കട്ടിന്റെ ആദ്യ സ്‌ക്രീനിങ്ങായിരുന്നു ഇന്നലെ ടൊറന്റോയില്‍ നടന്നത്. എസ് ഹരീഷിന്റെ കഥയെ അവലംബിച്ച് എസ് ഹരീഷും ആര്‍ ജയകുമാറും തിരക്കഥയെഴുതിയ ചിത്രമാണ് ജെല്ലിക്കെട്ട്. ഒരു പോത്ത് കയര്‍ പൊട്ടിച്ചോടുന്നതും മലയോര ഗ്രാമത്തില്‍ തുടര്‍ന്ന് അരങ്ങേറുന്ന സംഭവ വികാസങ്ങളുമാണ് സിനിമ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

ചിത്രം: ജിസ്‌നി 

സിനിമയില്‍ അഭിനയിച്ചിട്ടുളള കുറെയധികം ആളുകള്‍ പ്രൊഫഷണലായിട്ടുള്ളവരല്ലെന്നും ലിജോ പറഞ്ഞു. പലരും ആ നാട്ടിലെ സാധാരണക്കാരാണ്, ഏലത്തോട്ടത്തിലെ ജോലിക്കാരാണ്, അവരോട് ഓടാനും അലറാനുമെല്ലാം ചെയ്യാന്‍ നേരം ഇത് നിങ്ങളെല്ലാവരും മൃഗങ്ങളായി മാറുന്ന ഒരു സ്വപ്‌നമാണെന്നാണ് പറഞ്ഞത്. അതുകൊണ്ട് മൃഗങ്ങളെപ്പോലെ പെരുമാറാനും. ചിത്രീകരണത്തിനായി അവരെ വലിയ രീതിയില്‍ തയ്യാറെടുപ്പിച്ചിട്ടില്ലെന്നും ലിജോ പറഞ്ഞു.

ഞാന്‍ അവരെ തയ്യാറെടുപ്പിച്ചിട്ടില്ല. അധികം പ്രിപ്പയര്‍ ചെയ്യിപ്പാക്കത്താണ് എനിക്ക് എപ്പോഴും വര്‍ക്കാകുക. ചിത്രത്തിലെ സീക്വന്‍സുകളെല്ലാം അധികം തയ്യാറെടുപ്പിക്കാതിരിക്കുന്നത് കൊണ്ടാണ് വര്‍ക്കായിരിക്കുന്നത്. സ്വാഭാവികമായാണ് ആ രംഗങ്ങള്‍ വര്‍ക്ക് ചെയ്തിരിക്കുന്നത്. തിരക്കഥ വെച്ചാണ് ഷൂട്ട് ചെയതിരിക്കുന്നതെങ്കിലും എല്ലാ സീനിലും ഇംപ്രവൈസ് ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും നല്‍കിയിരുന്നു.

ലിജോ ജോസ് പെല്ലിശേരി

ചിത്രത്തിന്റെ ശബ്ദസംവിധാനത്തിനും മിശ്രണത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തന്റെ ചിത്രങ്ങളിലെ ശബ്ദങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കാറുണ്ടെന്ന് പറഞ്ഞ ലിജോ ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ചെയ്ത രംഗനാഥ് രവി, പശ്ചാത്തല സംഗീതം നിര്‍വഹിച്ച പ്രശാന്ത് പിള്ള, ഫൈനല്‍ മിക്‌സ് ചെയ്ത കണ്ണന്‍ ഗണ്‍പത് എന്നിവരെയും പ്രശംസിച്ചു. ഛായാഗ്രണം നിര്‍വഹിച്ച ഗിരീഷ് ഗംഗാധരനെയും ചിത്രം കണ്ടവര്‍ പ്രശംസിച്ചു.

ചിത്രത്തില്‍ പോത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിച്ചത്. യഥാര്‍ഥ പോത്തുകളുടെ ആക്ഷനാണോ എന്നായിരുന്നു എല്ലാവരുടെയും സംശയം. എങ്ങനെയാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചതെന്നും ലിജോ വിശദീകരിച്ചു.

രണ്ട് പോത്തുകളാണ് ഉണ്ടായത്, അവരെ ആക്ഷന്‍ സീനുകളില്‍ ഉപയോഗിച്ചിട്ടില്ല, ഡമ്മിയാണ് ആക്ഷനാണ് ഉപയോഗിച്ചത്. ചിത്രീകരണത്തിനായി അകത്ത് നിന്ന് ഓപ്പറേറ്റ് ചെയ്യാന്‍ പറ്റുന്ന തരത്തില്‍ പ്രത്യേകം ഡമ്മി ഉണ്ടാക്കുകയായിരുന്നു. കാരണം ചിത്രത്തിന്റെ ബഡ്ജറ്റ് കൂടുതല്‍ വിഎഫ്എക്‌സ് ഉപയോഗിക്കാന്‍ അനുവദിച്ചില്ല.

ലിജോ ജോസ് പെല്ലിശേരി

യഥാര്‍ഥ പോത്തുകളാണെന്ന് എല്ലാവര്‍ക്കും തോന്നലുണ്ടാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണെന്നും ലിജോ പറഞ്ഞു. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന പോത്തുകള്‍ മരണം വരെ തന്റെ കൂടെയുണ്ടാവും. ഒരു പോത്തും കുറെയാളുകളും ഉള്ള ചിത്രമായത് കൊണ്ടാണ് ജല്ലിക്കട്ടെന്ന് പേരിട്ടിരിക്കുന്നത്. ഇന്ത്യയില്‍ മനുഷ്യരും മൃഗവും തമ്മിലുള്ള ഒരു മത്സരം ഇതാണ്. അല്ലാതെ പേരിന് യാതൊരു ബന്ധവുമില്ലെന്നും ലിജോ കൂട്ടിച്ചേര്‍ത്തു

logo
The Cue
www.thecue.in