ജാഗ്‌രണ്‍ ഫെസ്റ്റിവലില്‍ വൈറസ് മികച്ച ഇന്ത്യന്‍ ചിത്രം, അപര്‍ണാ സെനിനും റിമാ ദാസിനും സംവിധാനത്തിന് അവാര്‍ഡ്
ജാഗരന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഇന്ത്യന്‍ ചിത്രത്തിനുള്ള പുരസ്‌കാരം വൈറസ് നേടി. ആഷിക് അബു സംവിധാനം ചെയ്ത വൈറസിന്റെ തിരക്കഥ മുഹസിന്‍ പരാരി, ഷറഫ്, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്. ഗാവരേ ബൈരേ ആജ് എന്ന സിനിമയൊരുക്കിയ അപര്‍ണാ സെനും, ബുള്‍ബുള്‍ കാന്‍ സിംഗ് സംവിധായിക റിമാ ദാസും മികച്ച സംവിധാനത്തിനുള്ള അവാര്‍ഡുകള്‍ നേടി. തിലോത്തമ ഷോം ആണ് മികച്ച അഭിനേത്രി, ബാലതാരം നാഗവിശാല്‍ ആണ് മികച്ച നടന്‍. വിഡോസ് ഓഫ് വൃന്ദാവന്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടി. വിഖ്യാത സംവിധായകന്‍ കേതന്‍ മേത്തയില്‍ നിന്ന് ആഷിക് അബുവും മുഹസിന്‍ പരാരിയും ഷറഫും സുഹാസും ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചു.
മുംബൈയിലാണ് ജാഗരണ്‍ ഫെസ്റ്റിവല്‍ പത്താം എഡിഷന്‍ നടന്നത്. ഖാദര്‍ ഖാന്‍, വീരു ദേവ്ഗണ്‍, ഗിരീഷ് കര്‍ണാഡ് എന്നിവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചായിരുന്നു മേള. ഒ ടി ടി പ്ലാറ്റ് ഫോമുകളില്‍ നിന്ന് മികച്ച കോമഡി സീരീസ് ആയി ലിറ്റില്‍ തിംഗ് ടു, ഡ്രാമാ സീരീസ് ആയി മേയ്ഡ് ഇന്‍ ഹെവന്‍ എന്നിവ തെരഞ്ഞെടുത്തു.
ഷഫാലി ഷാ ആണ് മികച്ച വനിതാ അഭിനേതാവ്. പുരുഷ അഭിനേതാവായി മിര്‍സാപൂരിലെ പ്രകടനത്തിന് പങ്കജ് ത്രിപാഠി തെരഞ്ഞെടുക്കപ്പെട്ടു. സംഗീത സംവിധാനത്തിനും തിരക്കഥയ്ക്കും ഗലി ബോയ് അവാര്‍ഡ് നേടി.
കോഴിക്കോട്ട് നിപാ ബാധ പ്രമേയമായ വൈറസ് റിമാ കല്ലിങ്കല്‍ ആണ് നിര്‍മ്മിച്ചത്. പാര്‍വതി, റിമാ കല്ലിങ്കല്‍, ടൊവിനോ തോമസ്, ആസിഫലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമാ ഇന്ദ്രജിത്ത്, സൗബിന്‍ ഷാഹിര്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. രാജീവ് രവി ഛായ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും സൈജു ശ്രീധരന്‍ എഡിറ്റിംഗും.