സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിന്റെ സമൂഹ മാധ്യമങ്ങളിലെ കുറിപ്പ് ചർച്ചയാകുന്നു. ആയിരംരൂപ പിഴയടക്കാനുള്ള കേസുകളിൽ ആയിരക്കണക്കിന് രൂപയുടെ സർക്കാർ ചിലവിൽ ഞാൻ തേടിയെത്തുമ്പോൾ ഒരു സമൻസുപോലും അത് വരെ കിട്ടാതെ പിടികിട്ടാപ്പുള്ളികളാകാൻ പോകുന്നവരെ കണ്ട് ആദ്യമൊക്കെ അമ്പരന്നിട്ടുണ്ടെന്ന് ഉമേഷ് വള്ളിക്കുന്ന്. , പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത്! ഇതൊന്നുമല്ലാത്ത സന്ദീപ് സേനനാണ് തരുണിനെയും പ്രേക്ഷകരെയും വിശ്വസിച്ച് സിനിമ നിർമ്മിച്ചിരിക്കുന്നതെന്നും ഉമേഷിന്റെ കുറിപ്പ്
ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കിൽ എഴുതിയത്
വെള്ളിയാഴ്ച്ച പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് ഒരു കോൾ വന്നു. ഉമേഷേട്ടനല്ലേ എന്ന് ചോദിച്ച്, സ്വയം പേര് പറഞ്ഞ് പരിചയപെടുത്തി. അപർണയുടെ അടുത്ത് നിന്നാണ് നമ്പർ കിട്ടിയതെന്ന് പറഞ്ഞു. "സൗദി വെള്ളക്ക എന്ന സിനിമ നിങ്ങളൊന്നു കാണണം" എന്നായിരുന്നു അയാളുടെ ആവശ്യം. ടിക്കറ്റ് ബുക്ക് ചെയ്തു തരാമെന്നും പറഞ്ഞു. ഞാൻ ടിക്കറ്റെടുത്തു കണ്ടോളാം എന്ന് പറഞ്ഞു ഫോൺ വച്ചു. ഞായറാഴ്ച രാത്രി സ്മിതയും നിഷിതയും ആതിരയും ഉത്തരയും മിയയുമൊക്കെയായി ( Smitha Neravath Nishitha Kallingal Athira K Krishnan Uthara Umesh ) കൈരളിയിൽ കയറി. സിനിമ തുടങ്ങുമ്പോഴേക്കും രോഹിതും ദൃശ്യയും ( Rohith Ovid Drisya Kuttiyadi ) വന്നു. പകുതിയിലേറെ ഒഴിഞ്ഞ സീറ്റുകളുമായി സിനിമ തുടങ്ങി.
ലുക്ക്മാനും കൊച്ചിയിലെ സൗദി എന്ന പ്രദേശവും അവിടത്തെ രസകരമായ കാഴ്ചകളും ( പറവ ആയിരുന്നു മനസ്സിൽ) കാണാമെന്നു പ്രതീക്ഷിച്ചു തന്നെയാണ് പോയത്. അതൊക്കെ കാണുകയും ചെയ്തു, രസിക്കുകയും ചെയ്തു. പക്ഷേ...
സിനിമ കണ്ടു കഴിഞ്ഞ് എല്ലാവരും നിശബ്ദരായി പുറത്തിറങ്ങി. കൈരളിയുടെ പടവുകൾക്ക് താഴെ ആരും ഒന്നും മിണ്ടാതെ നിന്നു കുറച്ചു നേരം. "അത്രയും ലക്ഷം കേസുകൾ, അല്ലേ!" സ്മിതയുടെ ആത്മഗതം. സിനിമയുണ്ടാക്കിയ വിങ്ങലിൽ നിന്ന് മുക്തരാകാതെ, ഒരു സെൽഫിയെടുത്ത് ഞങ്ങൾ പിരിഞ്ഞു....
ബൈക്കോടിച്ചു മടങ്ങി വരുമ്പോൾ, ഞാൻ അയാളെകുറിച്ചോർത്തു. എന്നോട് സിനിമ കാണാൻ പറഞ്ഞ ആ മനുഷ്യനെ. അയാളുടെ നമ്പർ തപ്പിയെടുത്തു വിളിച്ചു നോക്കി, കിട്ടിയില്ല. ആരാണീ തരുൺ മൂർത്തി? അയാൾക്കെങ്ങിനെ ഇങ്ങനെയൊരു സിനിമേയെടുക്കാൻ പറ്റി? അയാളും പോലീസും തമ്മിലെന്ത്? ആയാളും ഞാനും തമ്മിലെന്ത്? കഴിഞ്ഞ കുറച്ചു മാസങ്ങളായി കെട്ടിക്കിടക്കുന്ന കേസുകളിലെ പ്രതികളെ തേടിയുള്ള എന്റെ യാത്രകളെ, അതിലെ പൊള്ളുന്ന ജീവിതത്തെ രണ്ടു-രണ്ടര മണിക്കൂറുള്ള സിനിമയിലൂടെ അയാൾക്കെങ്ങനെ ഇത്രയ്ക്ക് തീവ്രമായി അനുഭവിപ്പിക്കാൻ പറ്റി? എങ്ങനെയാണ് ഒറ്റ സീനിൽ വന്നു പോകുന്ന കഥാപാത്രങ്ങളുടെ പോലും ഉള്ളാഴങ്ങളിലേക്ക് നമ്മളെ കൊണ്ടു പോകാൻ അയാൾക്ക് സാധിക്കുന്നത്? ഒറ്റസീനീൽ വന്നു പോകുന്ന വനിതാ ജഡ്ജിയോ, രാധാകൃഷ്‌ണന്റെ മകളോ, നിറഞ്ഞാടുന്ന ആയിഷുമ്മയോ, ബ്രിട്ടോയോ കുഞ്ഞുമോനെയും കൊണ്ട് ബൈക്കിൽ വരുന്ന കൂട്ടുകാരനോ, പോലീസുകാരിയോ, കാമുകിയുടെ ഭർത്താവോ.. ആരുമാകട്ടെ - അവരിലേക്ക് വെക്കുന്ന ഓരോ ഷോട്ടും അവരുടെ ആഴങ്ങളിലേക്കുള്ളതാകുന്നതെങ്ങനെ? മജിസ്‌ട്രേറ്റുമാർ, വക്കീലന്മാർ, പോലീസ്, പ്രതികൾ, സാക്ഷികൾ- ഇവരൊക്കെ മാറി മാറി വരുമ്പോൾ അവരൊക്കെ ജീവിക്കുന്ന ജീവിതത്തെയും അവരുടെ കൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് കൊണ്ടുവരുന്നതെങ്ങനെയാണ്? സുജിത് ശങ്കറിനെ സത്താറാക്കാമെന്ന്, പത്തെൺപതു വയസ്സുള്ള ദേവി വർമ്മയെ നായികയാക്കാമെന്ന്, ബിനു പപ്പുവിന്റെയും ധന്യയുടെയും ഗോകുലന്റെയും മൊക്കെ ഏറ്റവും നല്ല വേഷങ്ങൾ ഈ പടത്തിലാക്കാമെന്ന്, ചെറിയ റോളുകളിൽ വരുന്നവരെപ്പോലും പ്രേക്ഷകമനസ്സിൽ കോർത്തിടാമെന്ന് ഒക്കെ ഉറപ്പാക്കുന്നുണ്ട് ഈ സിനിമ.
അതിലുമൊക്കെ അപ്പുറത്ത് ഈ സിനിമ എന്റെ സിനിമയാണ്. മൂപ്പത്തിമൂന്ന് കൊല്ലം മുൻപത്തെ കേസിലെ പ്രതിയെ അന്വേഷിച്ച് കർണ്ണാടകയിൽ പോയി തിരിച്ചു വരും വഴി ട്രെയിനിലിരുന്ന് ആത്മനിന്ദയോടെ എഴുതിയ കുറിപ്പിന് ഒന്നര മാസത്തെ പഴക്കമേ ആയുള്ളൂ. അച്ചടക്ക നടപടികൾ തുടങ്ങാൻ പോകുന്നതേയുള്ളൂ. പോയി വന്നതിനടുത്ത ദിവസങ്ങളിലൊന്നിൽ ഇൻസ്പെകടറുമായി സമൻസ് സെർവ് ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കേണ്ടി വന്നപ്പോൾ പിടിവിട്ടു പോയി. എല്ലാ അമർഷവും അണപൊട്ടിയൊഴുകി. ഒടുവിൽ അദ്ദേഹം പറഞ്ഞു, "നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്, അതുകൊണ്ടല്ലേ നിങ്ങളിത്രയൊക്കെ പറഞ്ഞിട്ടും ഞാൻ തിരിച്ചൊന്നും പറയാത്തത്" . അതദ്ദേഹം വെറുതെ പറഞ്ഞതായിരുന്നില്ല. പിറ്റേന്ന് സമൻസ് സെർവ് ചെയ്യാനുള്ള ടീമിലേക്ക് മുനീറിനെക്കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു. Steps വാറണ്ടുകൾ നടപ്പാക്കുന്ന ചുമതല കൂടുതൽ സ്വാതന്ത്ര്യങ്ങളോടെ എന്നെ ഏൽപ്പിച്ചു. സമൻസ് കൊടുത്തിട്ടും ഹാജരാകാത്ത പ്രതികളെത്തേടി കോട്ടയത്തും കൊല്ലത്തും പത്തനംതിട്ടയിലും ഇടുക്കിയിലും കണ്ണൂരുമൊക്കെ അലഞ്ഞു നടന്നു. "മുങ്ങി നടക്കുന്ന" പ്രതികളെ തേടി ചെല്ലുന്ന ഓരോ വീടുകളും ഓരോ കഥ പറഞ്ഞു. ആയിരംരൂപ പിഴയടക്കാനുള്ള കേസുകളിൽ ആയിരക്കണക്കിന് രൂപയുടെ സർക്കാർ ചിലവിൽ ഞാൻ തേടിയെത്തുമ്പോൾ ഒരു സമൻസുപോലും അത് വരെ കിട്ടാതെ പിടികിട്ടാപ്പുള്ളികളാകാൻ പോകുന്നവരെ കണ്ട് ആദ്യമൊക്കെ അമ്പരന്നു. നമ്മളൊക്കെ ചെയ്യുന്ന ജനദ്രോഹവും രാജ്യദ്രോഹവും തിരിച്ചറിയുകയായിരുന്നു. ചിലതൊക്കെ കാര്യമായ കേസുകൾ. മറ്റു ചിലതൊക്ക സിനിമയിലെ പോലെ "മച്ചിങ്ങാ കേസുകൾ"! വേറെ ചിലത് കള്ളക്കേസുകൾ!! സ്റ്റേഷനിലുള്ളപ്പോൾ 15 (C) പിടിച്ചു കൊണ്ട് വന്ന് 185 ആക്കി FIR ഇട്ട് എണ്ണം തികക്കുന്ന ഒരു വേന്ദ്രനുണ്ട്. അയാളൊക്കെ ചെയ്യുന്ന ഊളത്തരത്തിന്റെ ആഴം മനസ്സിലായി! ( Drunken driving പിടിക്കാൻ മുകളീന്ന് പറയുമ്പോൾ ആശാൻ പാടത്തോ പറമ്പിലോ പണിതീരാത്ത വീട്ടിലോ ഇരുന്നു വെള്ളമടിക്കുന്നവരെ പിടിച്ചു കൊണ്ട് വരും. എന്നിട്ട് മദ്യപിച്ചു വണ്ടിയോടിച്ചതിന്റെ സെക്ഷൻ ഇട്ടു കൊടുക്കും. ആദ്യത്തേതിന് ആയിരവും രണ്ടാമത്തേതിന് പത്തിരട്ടിയും പിഴ വരും. സമൻസ് വരുമ്പോഴായിരിക്കും സെക്ഷൻ മാറിയ വിവരം പ്രതികൾ അറിയുന്നത്. പൈസ തികയാത്തത് കൊണ്ട് കോടതിയിൽ പോകില്ല. കേസ് നീണ്ടു നീണ്ടു പോകും. വാറന്റാവും, സ്റ്റെപ്സ് ആകും, LP ആകും...). മക്കൾ ഗോകുലത്തിലടക്കാനുള്ള അയ്യായിരം രൂപയ്ക്ക് തട്ടിപ്പുകേസിൽ പ്രതിയായ എഴുപത്തഞ്ചുകാരിയെയും നടുതല്ലി വീണ് കാലങ്ങളായി കിടപ്പിൽനിന്നെണീക്കാത്ത കഞ്ചാവ് പ്രതിയെയുമൊക്കെ കണ്ടില്ലെന്നു വച്ച് തിരിച്ചു നടന്നു.. അവർക്കൊക്കെ പൈസയില്ലാതെ കേസ് നടത്തിക്കൊടുക്കാൻ വക്കീൽ ചങ്ങാതിമാരോടിരന്നു. ഇപ്പോ ഉമ്മറത്ത് ചുരുണ്ടിരിക്കുന്ന കെട്ടിയോന്മാർ ആയ കാലത്ത് ഉണ്ടാക്കി വച്ച കേസുകെട്ടുകൾ കൂലിപ്പണിക്കാരും ജോലിക്കാരുമൊക്കെയായ പെണ്ണുങ്ങൾ പിഴയടച്ചു തീർക്കുന്നത് കണ്ടു. ഫോൺ നമ്പറൊക്കെ കണ്ടു പിടിച്ചു വിളിച്ചു കേസിന്റെ കാര്യം പറയുമ്പോൾ വെള്ളത്തിലാറാടി നിൽക്കുന്ന അണ്ണന്മാരുടെ വായിലെ അക്ഷരമാലകളൊക്കെ കേട്ടു...
ഇതൊന്നും കാണാത്ത, കേൾക്കാത്ത, പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത്! ഇതൊന്നുമല്ലാത്ത സന്ദീപ് സേനനാണ് തരുണിനെയും പ്രേക്ഷകരെയും വിശ്വസിച്ച് സിനിമ നിർമ്മിച്ചിരിക്കുന്നത്! Hats Off dears ..
കണ്ടവരൊക്കെയും നെഞ്ചേറ്റി കൊണ്ടുപോകേണ്ടുന്ന ഒരു സിനിമയാണിത് . പക്ഷേ, ഈ ലോക കപ്പിനിടയിൽ കാണാനാളെവിടെ?
എന്നെ വിളിച്ചിറക്കി 'സൗദി വെള്ളക്ക CC 225/2009' കാണാൻ നിർബന്ധിച്ച രഘു എന്ന് പേരു പറഞ്ഞ ചങ്ങാതിക്കും അതിന് വഴിയൊരുക്കിയ അപർണ്ണയ്ക്കും .