മാര്‍ച്ച് 25ന് റിലീസിനെത്തുന്ന ടൊവിനോ തോമസ് ചിത്രം കളയുടെ സെന്‍സര്‍ പൂര്‍ത്തിയായി. റിയലിസ്റ്റിക് ആക്ഷന്‍ രംഗങ്ങളും വയലന്‍സും, സാഹസിക മുഹൂര്‍ത്തങ്ങളും നിറഞ്ഞ സിനിമയെന്ന നിലക്കാണ് 'എ' സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്ന് സിനിമയോട് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍. കട്ടുകളോ ബീപ്പുകളോ ഇല്ലാതെ ചിത്രത്തിന് പ്രദര്‍ശനാനുമതി.
ടൊവിനോ തോമസിന്റെ അഭിനയജീവിതത്തിലെ പ്രധാന ചിത്രങ്ങളിലൊന്നായാണ് 'കള' വിലയിരുത്തപ്പെടുന്നത്. കളയിലെ സംഘട്ടന ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരുക്കേറ്റിരുന്നു.
സിനിമയെ ഒരു പോലെ സ്നേഹിക്കുന്ന ചങ്ങാതിമാരുടെ കഠിനമായ പ്രയത്നമായിരുന്നു കളയെന്ന് പാക്കപ്പിന് പിന്നാലെയുള്ള കുറിപ്പില്‍ ടൊവിനോ തോമസ് പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമ സ്വപ്നമാക്കിയപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ക്കൊപ്പമാണ് കള എന്ന സിനിമ. സിനിമ ചര്‍ച്ച ചെയ്യുകയും ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കുകയും ചെയ്തിരുന്ന ഞങ്ങള്‍ ഒരുമിച്ചൊരു സിനിമ പൂര്‍ത്തിയാക്കി. സിനിമയോടുള്ള അഭിനിവേശവും പരസ്പര വിശ്വാസവുമാണ് ഈ സ്വപ്നം സാധ്യമാക്കിയത്.
ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണ് കള. രോഹിത് സംവിധാനം ചെയ്ത ആദ്യ രണ്ട് ചിത്രങ്ങളും ഫാന്റസി ഗണത്തിലുള്ളതായിരുന്നു. ശൈലി കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധിക്കപ്പെട്ട സിനിമകളുമായിരുന്നു അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നിവ. രോഹിതിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്. അഖില്‍ ജോര്‍ജ് ആണ് ക്യമറ.
ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. മനുഷ്യനും പ്രകൃതിയുമാണ് സിനിമയുടെ തീം. ജുവിസ് പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. ടൊവിനോ തോമസും രോഹിതും സഹനിര്‍മ്മാതാക്കളും.
കളയെക്കുറിച്ച് രോഹിത് വി.എസ്
മുന്നേയുള്ള സിനിമകളെപ്പോലെ ഒരു കഥ പറയുന്ന ഫീല്‍ ഉണ്ടാവാന്‍ സാധ്യത ഉള്ള സിനിമയാണ് കള. മനുഷ്യന് സ്വാഭാവികമായി ഉണ്ടാകുന്ന ഭയത്തെയാണ് സിനിമയില്‍ അവതരിപ്പിക്കുവാന്‍ ശ്രമിച്ചിരിക്കുന്നത്. നിലനില്‍പ്പിന്റെ ഭാഗമായി ഏതൊരു ജീവിക്കും ഒരു ഭയമുണ്ടായിക്കും. അതുകൊണ്ടുതന്നെ എല്ലാവരും വളരെ കരുതലയോടെയാണ് ജീവിക്കുന്നത്.
1997 ലാണ് സിനിമയുടെ പ്ലോട്ട് നടക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട് . എങ്കിലും സിനിമയില്‍ അതൊരു പ്രധാനപ്പെട്ട ഘടകമല്ല. സിനിമയില്‍ നായകന്റെ കംപാനിയനാണ് ആണ് ബാസിഗര്‍ എന്ന നായ. ബാസിഗര്‍ എന്നത് നായയുടെ യാഥാര്‍ത്ഥ പേരാണ്. സിനിമയില്‍ മറ്റൊരു പേരിലാണ് നായയെ അവതരിപ്പിക്കുന്നത്. തീയേറ്ററിക്കല്‍ എക്‌സ്പീരിയന്‍സ് ആവശ്യമുള്ള ഒരു സിനിമ ആണ്.