സിനിമാ പ്രേമികള്‍ക്ക് ആഘോഷമാക്കാന്‍ വര്‍ഷത്തില്‍ ഒരു ദിവസം, അതാണ് ഗ്ലോബല്‍ മൂവി ഡേയിലൂടെ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് അവതരിപ്പിക്കുന്നത്. ഓസ്‌കര്‍ പുരസ്‌കാരചടങ്ങിന് തൊട്ടുമുന്‍പായി എല്ലാ വര്‍ഷത്തെയും ഫെബ്രുവരിയിലെ രണ്ടാം ശനിയാഴ്ചയാണ് ഇനി മുതല്‍ ലോക സിനിമാദിനമായി അക്കാദമി ആഘോഷിക്കുക, ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിച്ചേരാനും, പരസ്പരം ബന്ധിപ്പിക്കാനും, പ്രചോദിപ്പിക്കാനുമുള്ള സിനിമയുടെ കഴിവ് ആഘോഷിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം.
92-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ എക്കാലത്തെയും മികച്ച ചിത്രങ്ങള്‍ ഏതെല്ലാമാണെന്ന് പങ്കുവെയ്ക്കാന്‍ അക്കാദമി ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്തു. 1994ല്‍ പുറത്തിറങ്ങിയ ഫ്രാങ്ക് ഡറാബോണ്ട് ചിത്രം 'ഷോഷാങ്ക് റിഡംപ്ഷനാ'ണ് ഉടന്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആയത്. ഏഴ് ഓസ്‌കര്‍ നോമിനേഷനുകള്‍ ലഭിച്ചിട്ടും പുരസ്‌കാരങ്ങള്‍ ഒന്നും നേടാതിരുന്ന, തിയേറ്റര്‍ റിലീസില്‍ തകര്‍ന്നടിഞ്ഞ ചിത്രമാണ് ട്രെന്‍ഡിങ്ങായിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. എക്കാലത്തെയും മികച്ച 5 ചിത്രങ്ങള്‍ ഏതെല്ലാമാണെന്ന് നിര്‍ദേശിക്കാനാണ് അക്കാദമി പ്രേക്ഷകരോട് ആവശ്യപ്പെട്ടത്.
വര്‍ഷങ്ങളായി ഐഎംഡിബി റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ചിത്രം ഈ വര്‍ഷം റിലീസിന്റെ 25-ാം വാര്‍ഷികത്തില്‍ വീണ്ടും റിലീസ് ചെയ്തിരുന്നു. ആന്‍ഡി ഡഫ്രന്‍സ്, റെഡ് എന്നീ ജയില്‍ തടവുകാരുടെ സൗഹൃദവും ജയില്‍ ജീവിതവുമായിരുന്നു ചിത്രം പറയുന്നത്. ഭാര്യയുടെ കൊലപാതകത്തില്‍ തെറ്റായി ജയിലില്‍ അടയ്ക്കപ്പെട്ട ആന്‍ഡിയും ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട റെഡും. ടിം റോബിന്‍സും മോര്‍ഗന്‍ ഫ്രീമാനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടോം ഹാങ്ക്‌സ് റോബര്‍ട്ട് സെമിക്കിസ് കൂട്ടുകെട്ടിലൊരുങ്ങിയ ഫോറസ്റ്റ് ഗംപായിരുന്നു ആ വര്‍ഷം ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം