റാം ജനുവരിയിലേക്ക് മാറ്റിയത് കയ്യിലെ പരുക്കിനെ തുടര്‍ന്ന്, ഡോക്ടര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

റാം ജനുവരിയിലേക്ക് മാറ്റിയത് കയ്യിലെ പരുക്കിനെ തുടര്‍ന്ന്, ഡോക്ടര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

Published on

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന സിനിമയുടെ കൊച്ചിയിലെ ലോഞ്ചിനും കോട്ടയത്ത് നടന്ന ഉദ്ഘാടന പരിപാടിയിലും മോഹന്‍ലാല്‍ പങ്കെടുത്തത് കയ്യില്‍ ബാന്‍ഡേജ് ചുറ്റിയാണ്. ബിഗ് ബ്രദര്‍ ചിത്രീകരണത്തിലെ സംഘട്ടനരംഗത്തിനിടെ ലാലിന് പരുക്ക് പറ്റിയെന്നായിരുന്നു തുടക്കത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ വിദേശത്ത് അവധി ആഘോഷത്തിനിടെ ലാലിന് കൈപ്പത്തിക്ക് പരുക്കേല്‍ക്കുകയായിരുന്നു. ഡിസംബര്‍ 19ന് ചിത്രീകരണം തുടങ്ങാനിരുന്ന ജീത്തു ജോസഫ് ചിത്രം റാം ജനുവരി അഞ്ചിലേക്ക് മാറ്റിയതിന് പി്ന്നിലെ കാരണവും മോഹന്‍ലാലിന്റെ പരുക്ക് ആയിരുന്നു.

അബുദാബിയില്‍ കയ്യിലെ പരുക്കിന് ചികിത്സ നല്‍കിയ ഡോക്ടര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടു. ദുബായിലെ ബുര്‍ജീല്‍ ഹോസ്പിറ്റല്‍ ഫോര്‍ അഡ്വാന്‍സ്ഡ് സര്‍ജറിയില്‍, സര്‍ജനായ ഡോ.ഭുവനേശ്വര്‍ മച്ചാനിക്കാണ് സമൂഹമാധ്യമങ്ങളിലൂടെ മോഹന്‍ലാല്‍ നന്ദി പറഞ്ഞത്. ഡോക്ടര്‍ക്ക് ഒപ്പമുള്ള ഫോട്ടോ സഹിതമാണ് മോഹന്‍ലാലിന്റെ കുറിപ്പ്.

'താങ്കളുടെ വൈദഗ്ദ്യത്തിലൂടെ കൈ പരിചരിച്ചതിന് ഡോക്ടര്‍ ഭുവനേശ്വര്‍ മച്ചാനിക്ക് നന്ദിയെന്നാണ്' മോഹന്‍ലാല്‍ എഴുതിയത്. കയ്യിലെ പരുക്ക് വേഗത്തില്‍ ഭേദമാകട്ടെയെന്ന ആശംസകളുമായി ആരാധകരും കമന്റുകളില്‍ എത്തുന്നുണ്ട്. ഡോ.ഷംഷീര്‍ വയലിലിന്റെ വിപിഎസ് ഹെല്‍ത്ത്‌കെയറിനു കീഴിലെ ആശുപത്രിയാണ് ബുര്‍ജീല്‍ ഹോസ്പിറ്റല്‍ ഫോര്‍ അഡ്വാന്‍സ്ഡ് സര്‍ജറി.

പ്രിയദര്‍ശനൊപ്പമുള്ള ബിഗ് ബജറ്റ് പീരിഡ് ഡ്രാമ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ എന്നിവയാണ് മോഹന്‍ലാലിന്റെ പൂര്‍ത്തിയായ സിനിമകള്‍. ബിഗ് ബ്രദര്‍ 2020 ജനുവരിയിലും മരക്കാര്‍ മാര്‍ച്ച് 19നും തിയറ്ററുകളിലെത്തും. പരുക്ക് ഭേദമായ ശേഷം 2020 ജനുവരി അഞ്ചിന് മോഹന്‍ലാല്‍ കൊച്ചിയില്‍ ജീത്തു ജോസഫിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യും.

logo
The Cue
www.thecue.in