അമ്മ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങില്‍ വനിതാ ഭാരവാഹികളെ വേദിയില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്ന വിവാദത്തില്‍ വാദപ്രതിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഇരിപ്പിട വിവാദത്തില്‍ ലിംഗ വിവേചനം ചൂണ്ടിക്കാട്ടിയ പാര്‍വതി തിരുവോത്തിനെ പരിഹസിച്ച് നടിയും അമ്മ എക്‌സിക്യുട്ടീവ് അംഗവുമായ രചന നാരായണന്‍കുട്ടി രംഗത്ത് വന്നിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലെ കമന്റില്‍ ആരാണ് പാര്‍വതിയെന്ന ചോദ്യവും രചന ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍.
ചോദ്യം ആരാണ് പാര്‍വതി? അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍ ഇതാണ് പാര്‍വതി തിരുവോത്തിന്റെ ഫോട്ടോക്കൊപ്പം ഷമ്മി തിലകന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചര്‍ച്ചയായിരിക്കെയാണ് ഷമ്മി തിലകന്റെ പോസ്റ്റ്.
ഇരിപ്പിട വിവാദത്തില്‍ പാര്‍വതിയുടെ പരോക്ഷ പ്രതികരണം ഇങ്ങനെ
ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. സൈഡില്‍ സ്ത്രീകള്‍ നില്‍ക്കുന്നു, ആണുങ്ങള്‍ ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികള്‍ ഇപ്പോളും ഉണ്ടാകുന്നു. ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്കൊരു സിദ്ധാര്‍ത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്. എനിക്ക് മുമ്പ് വന്നിട്ടുള്ള ആളുകള്‍ വ്യത്യസ്ഥമായി ചിന്തിച്ചത് കാരണമാണ് എനിക്കത് സാധിക്കുന്നത്
പാര്‍വതിയെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടിയും രംഗത്ത് വന്നിരുന്നു. താനടക്കമുള്ള പുരുഷസമൂഹത്തിന് ചൂണ്ടുപലകയാണ് പാര്‍വതി തിരുവോത്ത് എന്നായിരുന്നു ഹരീഷിന്റെ പ്രതികരണം. 'ആരാണ് പാര്‍വ്വതി?...ധൈര്യമാണ് പാര്‍വ്വതി...സമരമാണ് പാര്‍വ്വതി..ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാര്‍വ്വതി...തിരത്തലുകള്‍ക്ക് തയ്യാറാവാന്‍ മനസ്സുള്ളവര്‍ക്ക് അദ്ധ്യാപികയാണ് പാര്‍വ്വതി..അഭിപ്രായ വിത്യാസങ്ങള്‍ നിലനിര്‍ത്തികൊണ്ട്തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്‌കാരിക മുഖമാണ് പാര്‍വ്വതി..ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാര്‍വ്വതി..പാര്‍വ്വതി അടിമുടി രാഷ്ട്രീയമാണ്'
പാര്‍വതി നിങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും അത് ഒരിക്കല്‍ മനസ്സിലാകുമെന്നും രചനയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയായി കമന്റുണ്ടായിരുന്നു.. എനിക്ക് വേണ്ടി ആരും സംസാരിക്കേണ്ടെന്നും ഇത് എന്റെ ശബ്ദമാണെന്നുമായിരുന്നു രചന മറുപടി നല്‍കി. പാര്‍വതി പറഞ്ഞത് നിങ്ങള്‍ക്കു കൊണ്ടു എന്നല്ലേ അമ്മ അംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതതിലൂടെ മനസിലാകുന്നതെന്ന മറ്റൊരു കമന്റിന് മറുപടിയായി രചന 'ആരാണ് ഈ പാര്‍വതി' എന്ന മറുചോദ്യമുയര്‍ത്തുകയായിരുന്നു.