കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായക കഥാപാത്രത്തെയും പേരിനെയും ചൊല്ലിയുള്ള വിവാദം കോടതിയില്‍ താല്‍ക്കാലികമായി അവസാനിച്ചെങ്കിലും സ്‌ക്രീനില്‍ തുടരുകയാണ്. പൃഥ്വിരാജ് നായകനും നിര്‍മ്മാതാവുമായ കടുവ എന്ന ചിത്രം കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായക കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഡിസംബറില്‍ ഷൂട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ സുരേഷ് ഗോപി ചിത്രവും ഷൂട്ടിലേക്ക്. പുലിമുരുകന്‍ പുറത്തിറങ്ങി നാലാം വര്‍ഷം തികയുന്ന ഒക്ടോബര്‍ ഏഴിന് സിനിമയുടെ പുതിയ പോസ്റ്റര്‍ നിര്‍മ്മാതാക്കളായ മുളകുപ്പാടം ഫിലിംസ് പുറത്തുവിട്ടു. എസ്.ജി 250 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പേര് ഉടന്‍ പുറത്തുവിടുമെന്ന് ടോമിച്ചന്‍ മുളകുപ്പാടം.
ടൈറ്റിൽ ഉടൻ: ടോമിച്ചന്‍ മുളകുപ്പാടം
അടങ്ങാത്ത ആവേശങ്ങൾക്കും ആഘോഷങ്ങൾക്കും തുടക്കമിട്ട മനോഹരമായ ആ ദിനത്തിന്റെ നാല് വർഷങ്ങൾ..❤️
ഇന്നും സ്വീകരണമുറികളിൽ പ്രേക്ഷകർ അതേ ആവേശത്തോടെ തന്നെയാണ് പുലിമുരുകനെ വരവേൽക്കുന്നത് എന്നത് ഒരു നിർമാതാവ് എന്ന നിലയിൽ എനിക്കും അഭിമാനിക്കാവുന്ന ഒന്നാണ്. മലയാളികളെ മുരുകൻ കീഴടക്കി നാല് വർഷങ്ങൾ പിന്നിടുമ്പോൾ മറ്റൊരു സന്തോഷവാർത്ത കൂടി നിങ്ങളെ അറിയിക്കുകയാണ്. മലയാളികളുടെ പ്രിയ ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ 250മത് ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ തന്നെ അനൗൺസ് ചെയ്യുന്നതായിരിക്കും. കോവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും എന്നത്തേയും പോലെ പൂർണ പിന്തുണയുമായി പ്രേക്ഷകരായ നിങ്ങൾ കൂടെയുണ്ടാകുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്
എല്ലാം നഷ്ടപ്പെട്ടവൻ്റെ കൈയ്യിൽ ഒന്നേ വേണ്ടൂ, ആയുധം ..." പക" ...നഷ്ടപ്പെടുത്തിയവനോട് ... നശിപ്പിക്കാൻ വരുന്നവനോട് ...ഒടുങ്ങാത്ത പക .... !!!#SG250 #SureshGopi #Title #Announcement
ടോമിച്ചന്‍ മുളകുപ്പാടം നേരത്തെ ദ ക്യുവിനോട് പറഞ്ഞത്
സുരേഷ് ഗോപി 250 എന്ന പേരില്‍ ഞങ്ങള്‍ പ്രഖ്യാപിച്ച സിനിമ ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയാണ്. അയാള്‍ സൃഷ്ടിച്ച കഥാപാത്രമാണ്. നമ്മുടെ സിനിമയുടെ കഥയുമായി മറ്റാരുടെയും സിനിമയുമായും കഥയുമായും യാതൊരു ബന്ധവുമില്ല. പുറത്തിറങ്ങാത്ത സിനിമയുടെ കഥയും ഡിറ്റെയില്‍സും ഈ ഘട്ടത്തില്‍ പറയാനാകില്ലല്ലോ.
ഞങ്ങള്‍ 2019 ഡിസംബറില്‍ ഷൂട്ട് തുടങ്ങിയ സിനിമയാണ്. മൂന്ന് ദിവസം ഷൂട്ട് ചെയ്തിരുന്നു. ടീസറില്‍ ഉള്ള സീനുകള്‍ അന്ന് ഷൂട്ട് ചെയ്തതാണ്. ഏപ്രില്‍ 15മുതല്‍ വീണ്ടും ഷൂട്ട് ചെയ്യാനിരുന്നതാണ്. അതിനിടെ കൊവിഡ് പ്രശ്‌നമായി. ഷിബിന്‍ ഫ്രാന്‍സിസ് അമേരിക്കയിലായി പോയി. അങ്ങനെ നിന്നുപോയതാണ്. ജിനു എബ്രഹാം എന്തിനാണ് കേസ് കൊടുത്തതെന്ന് അറിയില്ല. പാലായിലെ കുറുവച്ചനെ കൂടി ചുമ്മാ ബുദ്ധിമുട്ടിച്ചില്ലേ.
ഇത് മാസ്സിനെയും ഫാമിലിയെയും പരിഗണിച്ചുള്ള സിനിമയാണ്. പോക്കിരിരാജയും പുലിമുരുകനും അത്തരത്തിലായിരുന്നല്ലോ. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കാത്തത്. കൊറോണയുടെ പ്രശ്‌നങ്ങള്‍ തീരാതെ സിനിമ ചെയ്യാനാകില്ല. ഓടിപ്പിടിച്ച് ചെയ്യാവുന്ന സിനിമയല്ല.