സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ചോല’, വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു. പ്രധാന മത്സരവിഭാഗത്തിന് സമാന്തരമായി നടക്കുന്ന ഒറിസോണ്ടി(ഹൊറൈസണ്‍) കാറ്റഗറിയിലാണ് പ്രദര്‍ശിപ്പിച്ചത്. ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ സിനിമ കൂടിയാണ് ‘ചോല’. അടൂര്‍ ഗോപാലകൃഷ്ണന്റെ ‘മതിലുകള്‍’, ‘നിഴല്‍ കൂത്ത്’ എന്നിവയാണ് ഇതിനു മുന്‍പ് വെനീസ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മലയാള ചിത്രങ്ങള്‍.
വിവിധ രാജ്യങ്ങളില്‍ നിന്നായി 19 ചിത്രങ്ങളാണ് ഹൊറൈസണ്‍ വിഭാഗത്തില്‍ നാല് പ്രധാന പുരസ്‌കാരങ്ങള്‍ക്കായി മത്സരിക്കുന്നത്. മികച്ച ചിത്രത്തിനുള്‍പ്പെടെയാണ് മത്സരം. ‘ചോല’യെ പ്രതിനിധീകരിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ജോജു ജോര്‍ജ് , നിമിഷ സജയന്‍, അഖില്‍ വിശ്വനാഥ്, സഹനിര്‍മ്മാതാവയ സിജോ വടക്കന്‍ എന്നിവര്‍ റെഡ് കാര്‍പറ്റിലെത്തി.
ചിത്രത്തിലെ പ്രകടനം കൂടി കണക്കിലെടുത്തായിരുന്നു നിമിഷ സജയന് ഈ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. നിമിഷയെയും ജോജുവിനെയും കൂടാതെ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന അഖിലിനെ ഓഡിഷന്‍ നടത്തി 700 ഓളം പേര്‍ക്കിടയില്‍ നിന്നാണ് കണ്ടെത്തിയത്.
വ്യക്തികളുടെ മാനസിക തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയാണ് ‘ചോല’യെന്ന് സനല്‍കുമാര്‍ ശശിധരന്‍ ‘ദ ക്യു’വിനോട് പ്രതികരിച്ചിരുന്നു. സെക്‌സി ദുര്‍ഗ കൈകാര്യം ചെയ്ത പ്രമേയം മറ്റൊരു രീതിയില്‍ കടന്നുവരുന്ന സിനിമയാണ്. ഒരു പെണ്‍കുട്ടി ഒരു പുരുഷനൊപ്പം നഗരത്തിലേക്ക് യാത്ര തിരിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം. ‘ചോല’ ഒരു റോഡ് മൂവി സ്വഭാവത്തിലുള്ള ത്രില്ലര്‍ ആണെന്നും സംവിധായകന്‍ പറഞ്ഞു.
2014ല്‍ ചൈതന്യാ തമാന്നേ സംവിധാനം ചെയ്ത ‘കോര്‍ട്ട്’ ഒറിസോണ്ടി കാഗറ്ററിയില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സെക്‌സി ദുര്‍ഗയ്ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന് രാജ്യാന്തര ചലച്ചിത്രവേദിയില്‍ കിട്ടുന്ന അംഗീകാരം കൂടിയാണ് ചോലയുടെ വെനീസ് മേളയിലെ സാന്നിധ്യം.
നടന്‍ ജോജു ജോര്‍ജ്ജിന്റെ അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍ ഹൗസും നിവ് ആര്‍ട് മുവീസും ചേര്‍ന്നാണ് ചോല നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഇന്നും ഒറിസോണ്ടി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 28നായിരുന്നു വെനീസ് ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചത്. സെപ്തംബര്‍ ഏഴിനാണ് സമാപനം. ഗീതാഞ്ജലി റാവു സംവിധാനം ചെയ്ത ബോംബെ റോസ് എന്ന ആനിമേറ്റഡ് ഫീച്ചര്‍ വെനീസ് മേളയുടെ ക്രിട്ടിക്‌സ് വീക്ക് സൈഡ് ബാര്‍ സെക്ഷനില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചിരുന്നു.
'ദ ക്യൂ' ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കായി ടെലിഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക