കെട്ടിപിടിച്ചാല്‍ മതിയെന്ന് പറഞ്ഞു, സത്യന്‍ മധുവിനെ എടുത്തു പൊക്കി ഏഴുതവണ; അനശ്വര നടനെക്കുറിച്ച് മകന്‍ പറഞ്ഞത്

കെട്ടിപിടിച്ചാല്‍ മതിയെന്ന് പറഞ്ഞു, സത്യന്‍ മധുവിനെ എടുത്തു പൊക്കി ഏഴുതവണ; അനശ്വര നടനെക്കുറിച്ച് മകന്‍ പറഞ്ഞത്
Published on

രോഗാതുരമായ അവസാനകാലത്തും അഭിനയത്തിലും കൃത്യനിഷ്ഠയിലും വിട്ടുവീഴ്ച വരുത്താത്ത നടനായിരുന്ന സത്യനെന്ന് നേരത്തെ തന്നെ പലരും പറഞ്ഞിട്ടുണ്ട്. രക്താര്‍ബുദം മൂര്‍ച്ഛിച്ച കാലത്തെ ഷൂട്ടിംഗ് അനുഭവം പങ്കുവെക്കുകയാണ് സതീഷ് സത്യന്‍. സത്യന്റെ ഓര്‍മ്മകള്‍ അമ്പത് വര്‍ഷം പിന്നിടുന്ന വേളയില്‍ കേരള കൗമുദി പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

സതീഷ് സത്യന്റെ വാക്കുകള്‍

അച്ഛന്‍ അവസാനം അഭിനയിച്ചത് കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത് കെ.എസ്.ആര്‍ മൂര്‍ത്തി നിര്‍മ്മിച്ച 'ഇന്‍ക്വിലാബ് സിന്ദാബാദില്‍' ആയിരുന്നു. ജയില്‍വാസം കഴിഞ്ഞ് വരുമ്പോള്‍ സുഹൃത്തായ മധുവിനെ കെട്ടിപ്പിടിക്കുകയും എടുത്തുപൊക്കുകയും ചെയ്യുന്നതാണ് സീന്‍. സത്യന്‍ തിരക്കഥ കൃത്യമായി വായിക്കും. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ സേതുമാധവന്‍ പറഞ്ഞു കെട്ടിപ്പിടിച്ചാല്‍ മതിയെന്ന്.സത്യന്റെ രോഗവിവരം അറിയാവുന്നതിനാലായിരുന്നു ഇത്. എന്നാല്‍ തിരക്കഥയില്‍ അങ്ങനെ അല്ലല്ലോ എന്നായിരുന്നു സത്യന്റെ കമന്റ്.

സത്യന്‍ കൃത്യമായി മധുവിനെ എടുത്തു പൊക്കി. ഒരു തവണയല്ല ഏഴുതവണ. അന്ന് ഷൂട്ടിംഗ് കഴിഞ്ഞ് ആറു മണിയോടെ ഫ്‌ളാറ്റില്‍ എത്തി. കുളി കഴിഞ്ഞു. സുഹൃത്തായ പത്രപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് കാണാന്‍ വന്നിരുന്നു. അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഭക്ഷണം കഴിച്ചപ്പോള്‍ ഫ്രാന്‍സിസ് പോകാനെഴുന്നേറ്റു. താന്‍ കൊണ്ടുവിടാമെന്നായി സത്യന്‍. കാര്‍ ഓടിച്ച് ഫ്രാന്‍സിസിനെ കൊണ്ടുവിട്ടു. ഫ്രാന്‍സിസിന്റെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് ജഗദീശ് ഹോസ്പിറ്റല്‍. അടുത്ത ദിവസം ചെക്കപ്പുണ്ട്. തിരികെ വരുമ്പോള്‍ ജഗദീശ് ഹോസ്പിറ്റലിനു മുന്നിലെത്തിയപ്പോള്‍ സത്യന്‍ ഡോക്ടര്‍മാരുണ്ടെങ്കില്‍ ഒന്നു കണ്ടേക്കാമെന്നു കരുതി അവിടെക്കയറി. ഡോക്ടര്‍മാരായ ജഗദീശനും വിശ്വേശ്വരനും മുറിയില്‍ സംസാരിച്ചിരിക്കുകയായിരുന്നു. സത്യനെ അവര്‍ സ്വീകരിച്ചു. അടുത്ത ദിവസം രാവിലെ ഷൂട്ടിംഗ് ഉണ്ട്. വൈകുന്നേരം വരാം. ചെക്കപ്പ് നടത്തി ഉടന്‍ വിട്ടേക്കണമെന്ന് സത്യന്‍ ആവശ്യപ്പെട്ടു.

സത്യന്‍ തിരികെ ഇറങ്ങുമ്പോള്‍ ഡോ. വിശ്വേശ്വരന്‍ കാറിനരികെ വരെ അനുഗമിച്ചു. ഷേക്ക് ഹാന്‍ഡ് നല്‍കിയപ്പോള്‍ ഡോക്ടര്‍ക്ക് നല്ല ചൂട് അനുഭവപ്പെട്ടു. നല്ല ടെംപറേച്ചര്‍ ഉണ്ടല്ലോ... സത്യന്‍ ഇന്നിനി രാത്രി ഫ്‌ളാറ്റില്‍പ്പോകേണ്ടെന്നും ആശുപത്രിയില്‍ കിടക്കാമെന്നും ഡോക്ടര്‍ അഭ്യര്‍ത്ഥിച്ചു. രാവിലെ അഞ്ചു മണിക്കു തന്നെ വിടാമെന്ന കണ്ടീഷനില്‍ സത്യന്‍ വഴങ്ങി. ആശുപത്രിയുടെ ഒന്നാം നിലയിലേക്ക് രണ്ടു പടി വീതം ചാടിക്കയറിയാണ് പോയതെന്ന് അന്നത്തെ ഹെഡ് നഴ്‌സ് പറഞ്ഞതായി സതീഷ് സത്യന്‍ ഓര്‍മ്മിക്കുന്നു

Related Stories

No stories found.
logo
The Cue
www.thecue.in