വിനയന്‍-ലിബര്‍ട്ടി ബഷീര്‍ പാനലിന് തോല്‍വി, എം രഞ്ജിത്ത് പ്രൊഡ്യൂസേഴ്‌സ് അസോ.പ്രസിഡന്റ്, ആന്റോ ജോസഫ് സെക്രട്ടറി
ആറ് വര്‍ഷത്തിന് ശേഷം ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലേക്ക് ശക്തമായ മത്സരം നടന്നപ്പോള്‍ ഭരണസമിതി അംഗങ്ങള്‍ അണിനിരന്ന പാനലിന് വിജയം.നിലവിലെ സെക്രട്ടറി കൂടിയായ എം രഞ്ജിത്ത് (രജപുത്രാ രഞ്ജിത്ത്) പ്രസിഡന്റായും ആന്റോ ജോസഫ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. വിനയനും ലിബര്‍ട്ടി ബഷീറും നേതൃത്വം നല്‍കിയ പാനലില്‍ നിന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ മാത്രമാണ് വിജയിച്ചത്. ആകെയുള്ള 21 സീറ്റില്‍ 20 സീറ്റുകളിലും എം രഞ്ജിത് ആന്റോ ജോസഫ് പാനല്‍ വിജയിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഹസീബ് ഹനീഫ് മാത്രമാണ് ഭരണ സമിതി പാനലില്‍ നിന്ന് പരാജയപ്പെട്ടത്. കലാസംഗം എംഎം ഹംസ, കിരീടം ഉണ്ണി (കൃഷ്ണകുമാര്‍) എന്നിവരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കല്ലിയൂര്‍ ശശിയും ലിസ്റ്റിന്‍ സ്റ്റീഫനുമാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍.
രജപുത്രാ വിഷ്വല്‍ മീഡിയ എന്ന മുന്‍നിര ബാനറിന് പിന്നിലുള്ള എം രഞ്ജിത്ത് പ്രസിഡന്റും, ആന്റോ ജോസഫ് ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയാ എന്നീ ബാനറുകളുള്ള ആന്റോ ജോസഫ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ട പാനലില്‍ നിന്ന് ബി രാകേഷ് (യൂണിവേഴ്‌സല്‍ സിനിമ) ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്റ് ജി സുരേഷ് കുമാര്‍, മുന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍, ആല്‍വിന്‍ ആന്റണി, സന്ദീപ് സേനന്‍, അനില്‍ തോമസ്, മിലന്‍ ജലീല്‍, ജോണി സാഗരിക, ഖാദര്‍ ഹസ്സന്‍, വിബികെ മേനോന്‍, എവര്‍ഷൈന്‍ മണി, മഹാ സുബൈര്‍, ഔസേപ്പച്ചന്‍, ആനന്ദ് പയ്യന്നൂര്‍, സജിത്ത് പല്ലവി, എന്നിവരാണ് പാനലില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വിനയന്‍ പക്ഷത്ത് നിന്നുള്ള ശശി അയ്യഞ്ചിറയെയാണ് ആന്റോ ജോസഫ് തോല്‍പ്പിച്ചത്. എതിര്‍പക്ഷത്തിന് നേതൃത്വം നല്‍കിയ വിനയന് 94 വോട്ടുകളാണ് ലഭിച്ചത്.
ഞങ്ങളുടെ പാനലിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അസത്യമാണെന്ന് തെളിയിക്കുന്നതാണ് ഈ വലിയ വിജയം. പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്ത സാഹചര്യത്തില്‍ പരസ്പരം ചെളി വാരിയെറിയാനും ആരോപണമുന്നയിക്കാനും ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. അത് ഇതുപോലൊരു പ്രസ്ഥാനത്തെ സംബന്ധിച്ച് ശരിയല്ല.
എം രഞ്ജിത്ത്
162 വോട്ടുകള്‍ക്കാണ് എം രഞ്ജിത്ത് തെരഞ്ഞെടുക്കപ്പെട്ടാണ്. ഭരണസമിതി പാനലിലുവരെല്ലാം മികച്ച ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനാണ് മിക്ക അംഗങ്ങളുടെയും വിജയം. വിനയന്‍ നേതൃത്വം നല്‍കുന്ന പാനലില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വിനയനും സെക്രട്ടറി സ്ഥാനത്തേക്ക് മുന്‍ സെക്രട്ടറി ശശി അയ്യഞ്ചിറയുമാണ് മത്സരിച്ചിരുന്നത്. മമ്മി സെഞ്ച്വറി ട്രഷറര്‍ സ്ഥാനത്തേക്കും ലിബര്‍ട്ടി ബഷീര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിച്ച് പരാജയപ്പെട്ടു. ലിസ്റ്റിന്‍ സ്റ്റീഫന്‍, സന്തോഷ് പവിത്രം, നൗഷാദ് ആലത്തൂര്‍, കാവ്യചന്ദ്രികാ അസീസ്, ജോസ് സി മുണ്ടാടന്‍, ജോളി ജോസഫ്, രമേഷ് കുമാര്‍, നെല്‍സണ്‍ ഐപ്പ്, സേവി മനോ മാത്യു എന്നിവരാണ് ഈ പാനലില്‍ മത്സരിച്ച് മറ്റുള്ളവര്‍.
സംഘടനയ്ക്ക് വിശാലമായ ആസ്ഥാന മന്ദിരം പണിതതും അനാവശ്യ കേസുകളിലൂടെ മുന്‍ഭരണസമിതി ഉണ്ടാക്കിയ സാമ്പത്തിക നഷ്ടം നികത്തിയതും തങ്ങള്‍ക്ക് അനുകൂലമായെന്നാണ് ആന്റോ ജോസഫ്-രഞ്ജിത് പാനല്‍ വിലയിരുത്തുന്നത്.
പുല്ലേപ്പടിയില്‍ പുതുതായി പണിത ഓഫീസില്‍ ശനിയാഴ്ചയായിരുന്നു ഇലക്ഷന്‍. പുതിയ ഓഫീസ് ഉദ്ഘാടനത്തില്‍ മുന്‍ സെക്രട്ടറിയായിരുന്ന ശശി അയ്യഞ്ചിറക്ക് പ്രവേശനം നിഷേധിച്ചെന്നും ശശി അയ്യഞ്ചിറയെ ആധാരമില്ലാത്ത കെട്ടിടമെന്ന് പറഞ്ഞ് മുമ്പ് ജനറല്‍ ബോഡിയില്‍ നിന്ന് ശശി അയ്യഞ്ചിറയെ രജപുത്ര രഞ്ജിത്തും, സിയാദ് കോക്കറും സുരേഷ് കുമാറും ആന്റോ ജോസഫും ഇറക്കിവിട്ടിരുന്നതായും വിനയന്‍ ഉദ്ഘാടനത്തിന് ശേഷം ആരോപണം ഉന്നയിച്ചിരുന്നു. വിനയന്റെ ആരോപണങ്ങള്‍ക്ക് പരസ്യമായി മറുപടി പറയാനില്ലെന്നാണ് നിലവിലെ ഭരണസമിതിയുടെ തീരുമാനം.
ബാങ്ക് ലോണ്‍ എടുക്കാതെ കെട്ടിടം പണി പൂര്‍ത്തിയാക്കാന്‍ ഫണ്ട് കണ്ടെത്തുവാനായി സൂര്യ ടിവിയുമായി ചേര്‍ന്ന് അവാര്‍ഡ് ഷോ നടത്താനിരിക്കെ മാര്‍ട്ടിന്‍ പൈവ എന്ന അംഗത്തെക്കൊണ്ട് കേസ് കൊടുപ്പിച്ച് സൂര്യാ ടിവിയെ പിന്തിരിപ്പിച്ചതിന്റെ പിന്നില്‍ വിനയനാണെന്നും ഫണ്ട് മുടങ്ങിയപ്പോഴാണ് കെട്ടിടം പണി നീണ്ടു പോയതെന്നും വിനയനുള്ള മറുപടിയില്‍ എക്സിക്യുട്ടീവ് അംഗം അനില്‍ തോമസ് പറഞ്ഞിരുന്നു. 296 പേരില്‍ 257 പേരാണ് വോട്ട് ചെയ്യാനെത്തിയത്.