'അതൊരു സിനിമാക്കഥ പോലെയാണ്'; ടൊവിനോയുമായുളള സൗഹൃദത്തെ കുറിച്ച് പൃഥ്വി
പൃഥ്വിരാജും ടൊവിനോയും ആദ്യമായി ഒന്നിച്ച ചിത്രമാണ് 'സെവൺത് ഡേ'. അവിടെ തുടങ്ങുന്നതാണ് ഇരുവരുടേയും സൗഹൃദം. ഒരു സിനിമാക്കഥ പോലെയാണ് താനും ടൊവിനോയും തമ്മിലുള്ള ബന്ധമെന്ന് പൃഥ്വി പറയുന്നു. തന്റെ ജീവിതത്തിലെ വഴിത്തിരിവായ ചിത്രം ‘എന്ന് നിന്റെ മൊയ്തീൻ’ ആണെന്നും അതിന് കാരണക്കാരൻ പൃഥ്വിയാണെന്നും ടൊവിനോ പറഞ്ഞപ്പോഴാണ് ഇരുവരുടേയും സൗഹൃദത്തിന്റെ കഥ പൃഥ്വി വിവരിച്ചത്. സൂര്യ ടിവി ഓണദിനത്തിൽ സംപ്രേക്ഷണം ചെയ്ത ‘മധുരപ്പതിനെട്ടിൽ പൃഥ്വി’ എന്ന പരിപാടിയുടെ വേദിയിൽ വെച്ച് ഇരുവരും സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.
'ഒരു സിനിമാക്കഥ പോലെയാണ് ഞാനും ടെവിനോയും തമ്മിലുള്ള ബന്ധം. 'സെവൺത് ഡേ', കാസ്റ്റിങ് നടക്കുന്ന സമയത്ത് ടൊവിനോ സിനിമയിൽ ഉണ്ടായിരുന്നില്ല. മറ്റൊരു നടനാണ് ടൊവിനോയുടെ വേഷം ചെയ്യേണ്ടിയിരുന്നത്. പക്ഷെ ഷൂട്ടിങ് തുടങ്ങുന്നതിന് കുറച്ചു നാൾ മുമ്പ് വലിയൊരു തമിഴ് പ്രൊജക്ടിൽ അവസരം ലഭിച്ചതുകൊണ്ട് അദ്ദേഹത്തിന് ഈ സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. അങ്ങനെയാണ് 'എബിസിഡി' എന്ന സിനിമയിൽ വില്ലനായി അഭിനയിച്ച ആളെ കണ്ടുനോക്കാമെന്ന് കരുതുന്നത്. ഞാൻ 'എബിസിഡി' കാണുന്നത് ശരിക്കും ടൊവിനോയെ കാണാനാണ്. അങ്ങനെ ടൊവിനോയെത്തന്നെ കാസ്റ്റ് ചെയ്യാമെന്ന് വിചാരിച്ചു. 'സെവൺത് ഡേ'യിലെ ടൊവിനോയുടെ അഭിനയം എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. കൂടെ അഭിനയിച്ചപ്പോൾ നല്ല ആക്ടറാണെന്ന് തോന്നി. പിന്നീട് മൊയ്തീനിൽ എനിക്കാദ്യം മനസിൽ വന്നത്, ടൊവിനൊ കറക്ടായിരിക്കുമല്ലോ എന്നാണ്. 'സെവൺത് ഡേ'യിൽ ടൊവിനൊ കാസ്റ്റ് ചെയ്യപ്പെട്ടു എന്നത് മാത്രമാണ് ഭാഗ്യം. അവിടം മുതൽ എല്ലാം അവന്റെ കഴിവും കഷ്ടപ്പാടുമാണ്. 'സെവൺത് ഡേ'യിൽ ഇവൻ ചളമായിരുന്നെങ്കിൽ മൊയ്തീനിൽ ഞാനിവനെ വിളിക്കില്ലായിരുന്നു.' പൃഥ്വി പറയുന്നു.
പൃഥ്വിരാജ് സുകുമാരനും ടൊവിനോ തോമസും കേന്ദ്രകഥാപാത്രങ്ങളാകുന്ന ബിഗ് ബജറ്റ് സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ഇരുവരുടെയും ഫേസ്ബുക് പേജിലൂടെ ആയിരുന്നു പ്രഖാപനം. കെ എസ് ബാവ സംവിധാനം ചെയ്യുന്ന സിനിമ രാജ്യം കണ്ട ഏറ്റവും വലിയ ചാരദൗത്യമായിരിക്കുമെന്നാണ് പോസ്റ്റ് നൽകിയ സൂചന. ടൊവിനോ നായകനാകുന്ന 'മിന്നൽ മുരളി'യുടെ ട്രെയ്ലറിന് അടുത്തിടെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മിന്നല്‍ മുരളിയെന്ന തനിനാടന്‍ സൂപ്പര്‍ ഹീറോയെ പരിചയപ്പെടുത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായാണ് ഒരുങ്ങുന്നത്.