പ്രസിദ്ധ ഗാനമേള കലാകാരനും സുഹൃത്തുമായ പന്തളം ബാലന്‍ താന്‍ ഈണമൊരുക്കുന്ന പാട്ട് ആലപിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലാണ് വലിയ ഇടവേളയ്ക്ക് ശേഷം പന്തളം ബാലന്‍ പാടുന്നത്. ദേവരാജന്‍ മാസ്റ്ററുടെ ക്വയറില്‍ ഒന്നിച്ച് പാടിയ ഓര്‍മ്മ പങ്കുവെച്ച ജയചന്ദ്രന്‍ പന്തളം ബാലനുമായി ഒരുമിക്കുകയെന്ന ഏറെ നാളത്തെ ആഗ്രഹമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എന്റെ സംഗീത ജീവിതത്തില്‍ എറ്റവും ആനന്ദമുള്ള നിമിഷങ്ങളില്‍ ഒന്ന് -
ഗോകുലം ഗോപാലന്‍ സര്‍ പ്രൊഡ്യൂസ് ചെയ്തു വിനയന്‍ സര്‍ ഡയറക്റ്റ് ചെയ്യുന്ന 'പത്തൊന്‍പതാം നൂറ്റാണ്ട് ' എന്ന സിനിമയില്‍ എനിക്ക് വേണ്ടി എന്റെ പ്രിയ സുഹൃത്തു പന്തളം ബാലന്‍ പാടുന്നു ...
ഏറെ നാളത്തെ ആഗ്രഹം ആയിരുന്നു എന്റെ ഒരു പാട്ടിനു വേണ്ടി നമ്മള്‍ ഒത്തു കൂടണം എന്നത് ...
ബാലന്റെ പ്രാഗല്‍ഭ്യം വാക്കുകള്‍ക്കു അപ്പുറമാണ് ....
പണ്ട് ദേവരാജന്‍ മാസ്റ്ററുടെ കൊയറില്‍ ഒന്നിച്ചു പാടിയതും ഗാനമേളകളില്‍ മധുരിയമ്മയും ബാലനും ഞാനും ഒന്നിച്ചു പാടിയതും ഓര്‍ക്കുന്നു ....
എല്ലാം ഈശ്വരാനുഗ്രഹം ...
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ദേവരാജന്‍ മാസ്റ്ററുടെ പ്രിയശിഷ്യന്‍
ദേവരാജന്‍ മാസ്റ്ററുടെ പ്രിയപ്പെട്ട ശിഷ്യരില്‍ ഒരാളായിരുന്നു പന്തളം ബാലന്‍. 1987 ല്‍ സിപിഎം പതിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ദേവരാജന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട സംഗീത പരിപാടിയില്‍ അവസരം തേടിയാണ് ബാലന്‍ അദ്ദേഹത്തിന്റെ അടുക്കലെത്തുന്നത്. ക്വയര്‍ ഗ്രൂപ്പിന്റെ ഭാഗമാകാനുള്ള തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. പാട്ടുകേട്ട ദേവരാജന്‍ മാസ്റ്റര്‍ ബാലനെ തന്റെ കൂടെ കൂട്ടി. അങ്ങനെ ദേവരാജന്‍ മാസ്റ്ററുടെ പരിപാടികളിലെ പ്രധാനപ്പെട്ട പാട്ടുകാരനായി. അവിടെ വെച്ചാണ് ദേവരാജന്‍ മാസ്റ്ററുടെ മറ്റൊരു ശഇഷ്യനായ എം ജയചന്ദ്രനുമായി ചേരുന്നത്. പി മാധുരി അവരുടെ ഗാമേളകളില്‍ ഇരുവരെയും ഉള്‍പ്പെടുത്തിയിരുന്നു. ടി ബാലനെന്ന പേര് മാസ്റ്ററാണ് പന്തളം ബാലന്‍ എന്നാക്കിയത്. പി കൃഷ്ണപിള്ളയുടെ ജീവിതത്തെ ആസ്പദമാക്കി പിഎ ബക്കര്‍ സംവിധാനം ചെയ്ത സഖാവ് വിപ്ലവത്തിന്റെ ശുഭ നക്ഷത്രം എന്ന ചിത്രത്തില്‍ ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട തൊഴിലാളികളെ..., എന്ന ഗാനമാലപിച്ചായിരുന്നു സിനിമാപ്രവേശം. അദ്ദേഹം ഈണമൊരുക്കിയ ഗോത്രം എന്ന ചിത്രത്തിലും പാടി. 92 മുതല്‍ സ്വന്തം ഗാനമേളയുമായി വേദികളില്‍ നിറഞ്ഞു. 2002 ല്‍ എന്റെ ഹൃദയത്തിന്റെ ഉടമ എന്ന ചിത്രത്തില്‍, ഇല്ലൊരു മലര്‍ച്ചില്ല ചേക്കേറുവാന്‍ എന്ന ഗാനമാലപിച്ചു. പിന്നീട് പകല്‍പ്പൂരത്തില്‍ രവീന്ദ്രന്‍ മാഷ് ഒരുക്കിയ നടവഴിയും ഇടവഴിയും എന്ന പാട്ടും. എന്നാല്‍ 2003 ല്‍ ജീവിതം മാര്‍ഗം തേടി അമേരിക്കയിലേക്ക് കുടിയേറി. അവിടെയും ഗാനമേളകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു.