മലയാള സിനിമയില്‍ ഉയര്‍ന്നുവരുന്നവരെ മുളയിലേ നുള്ളാന്‍ ശ്രമിക്കുന്ന സംഘമുണ്ടെന്ന പ്രസ്താവനയില്‍ നീരജ് മാധവ് താരസംഘടന അമ്മയ്ക്ക് വിശദീകരണം നല്‍കി. നീരജ് മാധവ് ആരോപണമുന്നയിച്ചത് ഫെഫ്കയുടെ അംഗസംഘടനയായ പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് യൂണിയനെതിരെ കൂടെ ആയതിനാല്‍ ഈ സംഘം ആരെന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് സംഘടന അമ്മക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് നീരജിനോട് താരസംഘടന വിശദീകരണം തേടിയത്.
നീരജ് മാധവ് നല്‍കിയ കത്തില്‍ ഫേസ്ബുക്ക് പ്രസ്താവനയിലെ നിലപാടുകള്‍ ആവര്‍ത്തിക്കുകയാണ്. എന്നാല്‍ സിനിമയിലെ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. അമ്മ ഈ കത്ത് ഫെഫ്കയ്ക്ക് കൈമാറിയിട്ടുണ്ട്. നീരജ് ഉന്നയിച്ച പ്രശ്‌നം ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നാണ് ഫെഫ്കയുടെ നിലപാട്
നീരജ് വിഷയത്തില്‍ ഫെഫ്ക ദ ക്യു'വിന് നല്‍കിയ പ്രതികരണം
നീരജ് മാധവിന്റെ വെളിപ്പെടുത്തലില്‍ താരസംഘടന അമ്മക്ക് കത്ത് നല്‍കിയത് കൂടുതല്‍ വിവരങ്ങള്‍ തേടാനാണെന്ന് ഫെഫ്ക. മലയാള സിനിമയില്‍ വിവേചനം നേരിട്ടെന്നും പുതുതായി വരുന്ന അഭിനേതാക്കളെ ഒതുക്കാന്‍ ലോബി പ്രവര്‍ത്തിക്കുന്നതായുമാണ് നടന്‍ നീരജ് മാധവ് ആരോപണം ഉന്നയിച്ചിരുന്നത്. നീരജ് മാധവ് ഉന്നയിച്ചിരുന്ന ആരോപണങ്ങളില്‍ ഫെഫ്കയുടെ അംഗസംഘടനയായ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് അസോസിയേഷനെതിരെ പരാമര്‍ശങ്ങള്‍ ഉള്ള സാഹചര്യത്തിലാണ് താരസംഘടനക്ക് കത്തയച്ചതെന്നും സംഘടന.
നീരജ് മാധവിന്റെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണ്. അദ്ദേഹത്തിനൊപ്പമാണ് ഫെഫ്ക. നീരജ് മാധവ് ഫെഫ്ക അംഗമല്ലാത്തതിനാല്‍ ആരോപണങ്ങളുടെ കൂടുതല്‍ വിശദാംശങ്ങള്‍ തേടാനാകില്ല. ആ സാഹചര്യത്തിലാണ് അദ്ദേഹം അംഗമായ താരസംഘടന അമ്മക്ക് കത്ത് നല്‍കിയത്. ഇക്കാര്യത്തില്‍ താരസംഘടനയായ അമ്മയുടെ മറുപടി കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ ദ ക്യുവിനോട് പ്രതികരിച്ചു. ഈ വിഷയത്തില്‍ എന്ത് നടപടി ആര്‍ക്കെതിരെ ഉണ്ടായാലും നീരജ് മാധവിന്റെ സമ്പൂര്‍ണ തൊഴില്‍ സംരക്ഷണം ഫെഫ്ക ഏറ്റെടുക്കുമെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
നീരജ് മാധവിന്റെ ആരോപണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം നല്‍കിയാല്‍ അക്കാര്യം പരിശോധിക്കാമെന്നാണ് ഫെഫ്ക നിലപാട്. അക്കാര്യത്തില്‍ സംഘടനയെ പ്രാപ്തമാക്കുന്നതിനാണ് അമ്മക്ക് കത്ത് നല്‍കിയത്.