ഇതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവ് ആയ വ്യാജ പ്രൊഫൈലിന് പൂട്ട് വീണത്
ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ദിനത്തില്‍ എഴുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഫഹദ് സാമൂഹിക മാധ്യമങ്ങളില്‍ സജീവമല്ലെന്ന് ഭാര്യയും അഭിനേത്രിയുമായ നസ്രിയ നസീം വ്യക്തമാക്കിയിരുന്നു. സിനിമാ താരങ്ങളുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമന്റുകളും പ്രതികരണങ്ങളുമായി സജീവമായ ഫഹദ് ഫാസില്‍ എന്ന അക്കൗണ്ട് ആരുടേതാണെന്ന സംശയം ഇതോടെ ബാക്കിയായി.
മുന്‍നിര ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ ഫഹദ് ഫാസില്‍ എന്ന പേരില്‍ ഇന്‍സ്റ്റയില്‍ ഉള്ളത് ഒഫീഷ്യല്‍ അക്കൗണ്ടാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. ഈ അക്കൗണ്ടിലെ പോസ്റ്റുകളില്‍ താരങ്ങള്‍ റിയാക്ഷനും കമന്റുകളും ഇടുന്നത് കണ്ട് സിനിമാ പ്രേമികളും ഫഹദിന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണെന്ന് ചിന്തിച്ചു. ഫഹദിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനൊപ്പം ചേര്‍ത്തിരിക്കുന്നതും. ഇത് ഫഹദിന്റെ അക്കൗണ്ട് അല്ലെന്നും വ്യാജമാണെന്നും വിശദീകരിച്ച് നസ്രിയാ നസിം രംഗത്തെത്തി.
നസ്രിയയുമൊത്തുള്ള ഫഹദിന്റെ ഫോട്ടോകളാണ് കൂടുതലായും ഈ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരുന്നത്.
ഫഹദ് ഫാസിലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നസ്രിയാ നസീം ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പില്‍ 'നീ സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. അല്ലേല്‍ ഞാന്‍ എഴുതിപ്പിടിപ്പിച്ച പൈങ്കിളി വാക്കുകള്‍ എല്ലാം കാണില്ലായിരുന്നോ' എന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവ് ആയ വ്യാജ പ്രൊഫൈലിന് പൂട്ട് വീണത്. നേരത്തെ ഫഹദ് ഫാസില്‍ ട്വിറ്ററിലും ഫേസ്ബുക്കിലും സജീവമായിരുന്നു. നസ്രിയയുടെ പോസ്റ്റിന് പിന്നാലെ ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ അഹാന കൃഷ്ണ കുറുപ്പ് സിനിമയുടെ ക്യാമറാമാന്‍ നിമിഷ് രവിയുടെ പോസ്റ്റിലിട്ട കമന്റിന് കുറുപ്പ് മുവീ എന്ന വ്യാജ അക്കൗണ്ടില്‍ നിന്ന് വന്ന അധിക്ഷേപ കമന്റ് സിനിമയുടെ ഒഫീഷ്യല്‍ പേജിലേതെന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ തന്നെ പിന്നീട് ഇത് തിരുത്തി രംഗത്ത് വന്നു.