മോഹന്‍ലാലിനെ ആദ്യമായി സ്‌ക്രീനില്‍ കണ്ടപ്പോള്‍ മികച്ച ടൈമിംഗ് ഉള്ള നടനാണെന്നും മുന്നിലേക്ക് കയറിവരുമെന്നും നിര്‍മ്മാതാവ് മുരുകാലയ ത്യാഗരാജന്‍ പറഞ്ഞിരുന്നുവെന്ന് നിര്‍മ്മാതാവ് ജോയ് തോമസ് (ജൂബിലി ജോയ്). മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച തിരനോട്ടം എന്ന സിനിമ വിതരണത്തിനെടുക്കാനും ഫിനാന്‍സ് ചെയ്യാനുമായി റഷസ് കണ്ടപ്പോഴാണ് ജോയ് തോമസിനോട് ശ്രീമുരുകാലയ എന്ന അന്നത്തെ മുന്‍നിര ബാനറിന്റെ സാരഥി ഇ.കെ.ത്യാഗരാജന്‍ ഇക്കാര്യം പറഞ്ഞത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിലാണ് ജോയ് തോമസിന്റെ വെളിപ്പെടുത്തല്‍.
ഇന്ത പയ്യന്‍ നല്ലാരുക്ക്, നല്ല ടൈമിംഗ്
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സൂപ്പര്‍ഹിറ്റായപ്പോഴാണല്ലോ മോഹന്‍ലാല്‍ വില്ലന്‍ എന്ന നിലയില്‍ കേറിവന്നത്. അതിന് മുമ്പ് തിരനോട്ടത്തിലാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. അശോക് കുമാര്‍ സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ ആദ്യ സിനിമ. ആ സിനിമ വിതരണത്തിനെടുക്കാന്‍ ഞങ്ങള്‍ റഷസ് കണ്ടു. നിര്‍മ്മാതാവ് ഹൃദയാഘാതം വന്ന് മരിച്ചപ്പോഴാണ് അന്ന് സിനിമ നിന്നുപോയത്. ശരീരമൊക്കെ പ്രദര്‍ശിപ്പിച്ച് നടക്കുന്ന ഒരു സ്ത്രീയുടെ വീട്ടിലെ വേലക്കാരനായാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. അന്ന് തിരനോട്ടം റഷസ് കണ്ടപ്പോള്‍ ലാലിനെ കാണിച്ച് ത്യാഗരാജന്‍ സാര്‍ (മുരുകാലയ) പറഞ്ഞു, ഇന്ത പയ്യന്‍ നല്ലാരുക്ക്, നല്ല ടൈമിംഗ് എന്ന്.
ത്യാഗരാജന്‍ സാര്‍ പറഞ്ഞ വാക്ക് ഇന്ന് അന്വര്‍ത്ഥമായി. സിനിമയില്‍ ഉയര്‍ന്നുവരുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. റഷസ് കണ്ടതിന് ശേഷം തിരുവനന്തപുരം കീര്‍ത്തി ഹോട്ടലില്‍ ഞങ്ങളെ കാണാന്‍ ലാല്‍ വന്നിരുന്നു. മോഹന്‍ലാല്‍ അന്ന് ചില നടന്‍മാരെയൊക്കെ അനുകരിച്ച് കാണിക്കുമായിരുന്നു. പി.കെ എബ്രഹാമിനെയാണ് അന്ന് ഞങ്ങള്‍ക്ക് അനുകരിച്ച് കാണിച്ചത്. പിന്നീട് ഞങ്ങള്‍ കാണുന്നത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ലാലിന്റെ എന്‍ട്രിയാണ്. ശങ്കര്‍ സൂപ്പര്‍സ്റ്റാറും മോഹന്‍ലാല്‍ വില്ലനുമായിരുന്ന കാലത്ത് അവര്‍ വലിയ ഫ്രണ്ട്‌സ് ആയിരുന്നു. മോഹന്‍ലാലിന് കിട്ടിയ കാരക്ടേഴ്‌സ് കിട്ടിയപ്പോള്‍ കഴിവും കഠിനാധ്വാനവും കൊണ്ട് മോഹന്‍ലാല്‍ കയറി വന്നു. സമയവും തുണച്ചു. ശങ്കറിന് അങ്ങനെ കാരക്ടേഴ്‌സും സിനിമകളും കിട്ടിയില്ല. പിന്നീട് ശങ്കര്‍ കല്യാണം കഴിഞ്ഞ് അമേരിക്കയില്‍ പോയി. അങ്ങനെ സിനിമയില്‍ വലിയ ഗ്യാപ്പ് വന്നു.