അതൊരു വല്ലാത്ത സിനിമയാണ്, ഇത് പോലത്തെ സിനിമ അഭിനയിക്കരുതെന്ന് റിലീസിന് ശേഷം പലരും പറഞ്ഞുവെന്ന് മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നും മലയാളത്തിലെ മികച്ച സിനിമകളിലൊന്നുമാണ് സദയം. എം ടി വാസുദേവന്‍ നായരുടെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത സദയം വല്ലാത്തൊരു മാനസികാവസ്ഥയിലാണ് ചെയ്തതെന്ന് മോഹന്‍ലാല്‍. സദയം റിലീസ് ആയ ശേഷം ഒരു പാട് പേര്‍ വിളിച്ചുപറഞ്ഞിട്ടുണ്ട്, ഇത് പോലത്തെ സിനിമയില്‍ അഭിനയിക്കരുതെന്ന്, മാതൃഭൂമി ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
മോഹന്‍ലാല്‍ സദയത്തെക്കുറിച്ച് പറഞ്ഞത്
സദയം റിലീസ് ആയ ശേഷം ഒരു പാട് പേര്‍ വിളിച്ചുപറഞ്ഞിട്ടുണ്ട്, മോഹന്‍ലാല്‍ ഇത് പോലത്തെ സിനിമയില്‍ അഭിനയിക്കരുതെന്ന്. അത് താങ്ങാന്‍ പറ്റുന്നില്ലെന്ന് പലരും പറഞ്ഞു. ആ സിനിമയിലെ ഒരു പാട് സീനുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ദൈര്‍ഘ്യം കാരണം. ആ സീനുകള്‍ ഉണ്ടെങ്കില്‍ ആ സിനിമ ഇനിയും പവര്‍ ഫുള്‍ ആയിരുന്നു. കണ്ണൂര്‍ ജയിലില്‍ ആണ് സദയം ഷൂട്ട് ചെയ്തത്. കഥാപാത്രങ്ങളായിട്ട് കേരളത്തിലെ പല ജയിലിലും കിടന്നിട്ടുണ്ട് എന്ന് ഞാന്‍ ഈയടുത്ത് പറഞ്ഞിട്ടുണ്ട്. സദയത്തില്‍ ഞാന്‍ കിടന്ന ജയിലില്‍ ആണ് റിപ്പര്‍ ചന്ദ്രനും അതിന് മുമ്പ് ബാലകൃഷ്ണനും കിടന്നിരുന്നത്. അന്ന് അവിടെയുള്ള ജയില്‍ അധികൃതര്‍ എന്നോട് തൂക്കിക്കൊല്ലുന്ന സമയത്തെ അവരുടെ മാനസികാവസ്ഥ വിവരിച്ചിട്ടുണ്ട്. എന്നെ സിനിമയില്‍ തൂക്കിക്കൊല്ലുന്നത് ചിത്രീകരിക്കാന്‍ ഉപയോഗിച്ച കയര്‍ 13 വര്‍ഷം മുമ്പ് മറ്റൊരാളെ, ആളുടെ പേര് പറയുന്നില്ല. തൂക്കിക്കൊല്ലാന്‍ ഉപയോഗിച്ച കയര്‍ ആയിരുന്നു. കയറിനെക്കാള്‍ ഭാരം ആണ് അത് കഴുത്തില്‍ ഇടുമ്പോള്‍. അന്നത്തെ ജയിലര്‍ ആ ഷോട്ട് എടുക്കുമ്പോള്‍ കരയുന്നുണ്ടായിരുന്നു. ഷോട്ട് കഴിഞ്ഞ് അദ്ദേഹം പറഞ്ഞു, മോഹന്‍ലാല്‍ കുറ്റം ചെയ്തില്ലല്ലോ പിന്നെന്തിനാ ഇങ്ങനെ എന്ന് പറഞ്ഞു.
കഴുമരത്തിലെ ലിവറിന് അപ്പുറത്ത് ഒരു മരം ഉണ്ട്. ലിവര്‍ വലിക്കുമ്പോള്‍ വലിയൊരു അയണ്‍ ഷീറ്റ് ഭിത്തിയില്‍ വന്ന് ഇടിക്കും. അപ്പുറത്ത് നിന്ന് ആയിരം കാക്കകള്‍ പറക്കും. അത്തരമൊരു മാനസികാവസ്ഥയിലാണ് സദയം ചെയ്തത്.
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സദയത്തിലെ സത്യനാഥന്‍ എന്ന ദ ക്യു മാസ്റ്റര്‍സ്‌ട്രോക്ക് സീരിസില്‍ സംവിധായകന്‍ സിബി മലയില്‍ പറഞ്ഞിരുന്നു. ജൂലിയസ് സീസര്‍ മലയാളം വേര്‍ഷന്‍ ആലോചിച്ചിരുന്നത് ഉപേക്ഷിച്ചാണ് സദയം ചെയ്തത്.