മോഹന്‍ലാല്‍ ഫാന്‍സിനോട് അന്ന് മമ്മൂട്ടി പറഞ്ഞു, 'വഴക്കും കോപ്രായവും വേണ്ട നന്മയുടെ പുണ്യം മതി'

മോഹന്‍ലാല്‍ ഫാന്‍സിനോട് അന്ന് മമ്മൂട്ടി പറഞ്ഞു, 'വഴക്കും കോപ്രായവും വേണ്ട നന്മയുടെ പുണ്യം മതി'
Published on
Summary

മോഹന്‍ലാലിന് ഷൂട്ടിംഗ് തിരക്ക്, 23വര്‍ഷം മുമ്പ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഉദ്ഘാടകനായെത്തിയത് മമ്മൂട്ടി

മലയാള സിനിമയില്‍ മൂന്ന് പതിറ്റാണ്ടിനിപ്പുറവും ഏറ്റവും പ്രബലമായ ഫാന്‍സ് അസോസിയേഷനുകള്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരില്‍ ഉള്ളതാണ്. സാമൂഹ്യമാധ്യമങ്ങള്‍ സജീവമായ കാലം മുതല്‍ ഫാന്‍ ഫൈറ്റിന്റെയും താരങ്ങളെ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങളുടെയും, ബോക്‌സ് ഓഫീസ് കണക്കിനെ ചൊല്ലിയുള്ള തല്ലുകൂടലിന്റെയും സൈബര്‍ ബുള്ളിയിംഗിന്റെയും പേരിലാണ് ആരാധക സംഘടനകള്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുന്നത്. മോഹന്‍ലാല്‍ മമ്മൂട്ടി സിനിമകളുടെ റിലീസ് ദിനം മുതല്‍ അങ്ങോട്ടുമിങ്ങോട്ടും പോരടിക്കുന്ന ഫാന്‍സ് സംഘങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയ സിനിമാ ഗ്രൂപ്പുകള്‍ വരെയുണ്ട്. മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ഫേസ്ബുക്ക് പേജിലെ കമന്റിലും ആരാധകരുടെ അടി തന്നെയാണ് മുഖ്യം. എന്നാല്‍ 23 വര്‍ഷം മോഹന്‍ലാല്‍ ആരാധകരുടെ സംഘടനയായ മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയാണ്. ഇന്നത്തെ ഫാന്‍സുകാരില്‍ പലര്‍ക്കും അറിയാത്ത സംഗതിയുമാണ്.

രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന വേണു നാഗവള്ളി സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലായതിനാല്‍ തന്റെ പേരിലുള്ള ആരാധക സംഘടനയുടെ ഉദ്ഘാടനത്തിന് മോഹന്‍ലാലിന് എത്തിച്ചേരാനായില്ല. തിരുവനന്തപുരത്ത് സംഘടനയുടെ ആദ്യ ഔദ്യോഗിക പരിപാടിയില്‍ ഉദ്ഘാടകനായി മമ്മൂട്ടിയെത്തി. ആരാധകര്‍ ചെയ്യുന്ന നന്മയുടെയും സുകൃതത്തിന്റെയും പുണ്യം തനിക്ക് കൂടി അവകാശപ്പെട്ടതാണെന്ന് പറഞ്ഞാണ് മമ്മൂട്ടി സംസാരിച്ചത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വിമല്‍കുമാര്‍ ആണ് 23 വര്‍ഷം മുമ്പുള്ള ഫാന്‍സ് അസോസിയേഷന്‍ ഉദ്ഘാടനത്തിന്റെ പത്രവാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവച്ചത്.

സൂപ്പര്‍താരങ്ങളുടെ പേരിലുള്ള വഴക്കോ സിനിമാ തിയറ്ററിനകത്തോ പുറത്തോ ഉള്ള കോപ്രായങ്ങളോ അല്ല ആരാധനക്ക് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെ അര്‍ത്ഥമാണുള്ളതെന്നും ലാല്‍ ആരാധകരോട് അന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഞങ്ങളുടെ സിനിമ കാണുന്നവരും നിഷ്പക്ഷ അഭിപ്രായം പ്രകടിപ്പിക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും ആരാധകരാണ്. മത്സരമോ ശത്രുതയോ ഇല്ലാതെ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യണം. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ ഫാന്‍സ് അസോസിയേഷന്‍ ഉപയോഗിക്കരുത്. നിര്‍മ്മാതാവ് കിരീടം ഉണ്ണി ആയിരുന്നു അന്ന് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ രക്ഷാധികാരി. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ രക്ഷാധികാരി ചന്ദ്രസേനന്‍ നായര്‍. തിരുവനന്തപുരത്തെ ഒരു വൃദ്ധസദനത്തിലേക്ക് ഒരു മാസത്തേക്കുള്ള അരിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തായിരുന്നു സംഘടനയുടെ തുടക്കം.

Related Stories

No stories found.
logo
The Cue
www.thecue.in