താഷ്‌കെന്റ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ എന്‍ട്രിയായി മലയാള ചിത്രം മേപ്പടിയാന്‍. ഉണ്ണി മുകുന്ദന്‍ നായകനും നിര്‍മ്മാതാവുമായ ചിത്രമാണ് മേപ്പടിയാന്‍. വിഷ്ണു മോഹനാണ് രചനയും സംവിധാനവും.
ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ മത്സരവിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് മേപ്പടിയാന്‍ നേടിയിരുന്നു. നൂറില്‍ പരം ചിത്രങ്ങള്‍ മത്സര വിഭാഗത്തിലുണ്ടായിരുന്നു. ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ ബെംഗലൂരു ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്ലോട്ട് ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ഉണ്ണി മുകുന്ദന് അവാര്‍ഡ് സമ്മാനിച്ചു. മാര്‍ച്ച് മൂന്നിന് തുടങ്ങിയ ചലച്ചിത്ര മേള 10നാണ് സമാപിച്ചത്. 2020, 2021 വര്‍ഷങ്ങളില്‍ റിലീസ് ചെയ്ത സിനിമകളാണ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചത്.
ഉണ്ണി മുകുന്ദന്‍ 'മേപ്പടിയാന്‍' റിലീസ് വേളയില്‍ പറഞ്ഞത്:
ഞാന്‍ തിയേറ്ററില്‍ സിനിമ കണ്ട് സിനിമയിലേക്ക് വന്ന ആളാണ്. ഒടിടി തീര്‍ച്ചയായും നല്ലൊരു പ്ലാറ്റ്‌ഫോം തന്നെയാണ്. മലയാളം പോലുള്ള റീജ്യണല്‍ ഭാഷ സിനിമകള്‍ ലോകപ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഒടിടിക്ക് സാധിക്കും. പക്ഷെ എന്നിരുന്നാലും നമ്മുടെ നാട്ടിലെ പ്രേക്ഷകരുടെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് കളഞ്ഞ് കൊണ്ട് ഒടിടി വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മേപ്പടിയാന്‍ എന്ന സിനിമ ചിത്രീകരിച്ചിരിക്കുന്നത് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ വേണ്ടിയാണ്. അത് തീയേറ്ററില്‍ ഇരുന്ന് ആസ്വദിക്കേണ്ട സിനിമയാണ്.
ഇതൊരിക്കലും കൊവിഡ് സമയത്ത് എഴുതിയ സ്‌ക്രിപ്പ്റ്റല്ല. നാല് വര്‍ഷം മുന്‍പാണ് ഈ കഥ എന്റെ കയ്യില്‍ എത്തുന്നത്. 13 വര്‍ഷമായി സിനിമയിലേക്ക് വരാന്‍ കാത്തിരിക്കുന്ന ഒരു വ്യക്തിയുടെ തിരക്കഥയാണിത്. അതുകൊണ്ടാണ് കൊവിഡ് സാഹചര്യം നിലനില്‍ക്കെ ഒടിടി എന്നൊരു വഴി നമ്മുടെ മുന്നില്‍ വന്നിട്ടും അവിടെ ചിത്രം റിലീസ് ചെയ്യാതിരുന്നത്. എങ്കിലും ഒടിടിക്ക് കൊടുക്കാമെന്ന തീരുമാനത്തില്‍ ഞാന്‍ എത്തിയിരുന്നു. കാരണം കൊവിഡ് കാരണം തിയേറ്റര്‍ തുറക്കുന്നത് അനിശ്ചിതത്വത്തിലായിരുന്നു. സിനിമ എത്രകാലം പിടിച്ച് വെക്കാനാവും എന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു. നിര്‍മ്മാതാവ് ഞാനാണെങ്കിലും ഇത് ഒരു സംവിധായകന്റെ കൂടി സിനിമയാണ്, അതില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെയും സിനിമയാണ്. അതുകൊണ്ട് എല്ലാവരുടെയും തീരുമാനമായിരുന്നു മേപ്പടിയാന്‍ തിയേറ്ററില്‍ റിലീസ് ചെയ്താലാണ് നന്നാവുക എന്നത്. ആ തീരുമാനത്തില്‍ എനിക്ക് അതിയായ സന്തോഷവും ഉണ്ട്.