ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഓണസമ്മാനവുമായി മമ്മൂട്ടി; പഠനസഹായവും ഓണക്കിറ്റും നല്‍കി
അട്ടപ്പാടിയിലെയും മംഗലം ഡാമിലെയും ആദിവാസി കോളനികളിലെ കുട്ടികള്‍ക്കുളള പഠനസഹായവും ഓണക്കിറ്റും സമ്മാനിച്ച് മമ്മൂട്ടി. പുതിയ ചിത്രമായ ഷൈലോക്കിന്റെ ചിത്രീകരണം നടക്കുന്ന വരിക്കാശേരി മനയില്‍ വെച്ചാണ് താരം കുട്ടികള്‍ക്കുള്ള സഹായവിതരണം നടത്തിയത്.
കഴിഞ്ഞ 5 വര്‍ഷമായി പഠനോപകരണങ്ങള്‍, വൈദ്യ സഹായങ്ങള്‍, പി എസ് സി കോച്ചിങ്, ലൈബ്രറി സപ്പോര്‍ട്ട്, വിദഗ്ദ്ധ ചികിത്സ സഹായങ്ങള്‍ ഉള്‍പ്പെടെ ഒട്ടനവധി സഹായങ്ങള്‍ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴി അട്ടപ്പാടിയിലെയും നെന്മാറ നെല്ലിയാമ്പതി വനമേഖലയിലെയും ആദിവാസി കോളനികളില്‍ നടപ്പാക്കുന്നുണ്ട്. ഈ കോളനികളിലെ കുട്ടികളാണ് ആദ്യമായി മമ്മൂട്ടിയെ കാണാനെത്തിയതും നേരിട്ട് സഹായങ്ങള്‍ ഏറ്റുവാങ്ങിയതും.
തങ്ങളുടെ അടുത്ത് സിനിമാ ചിത്രീകരണം നടക്കുന്നതറിഞ്ഞായിരുന്നു ട്രൈബല്‍ പ്രൊമോട്ടര്‍മാരെയും കൂട്ടി കുട്ടികള്‍ വരിക്കാശ്ശേരി മനയില്‍ എത്തിയത്. കുട്ടികള്‍ക്കായി ഷൂട്ടിങ്ങ് കാണാനുള്ള സൗകര്യവും താരമൊരുക്കിയിരുന്നു.
ചിത്രത്തിലെ അഭിനേതാവായ നടന്‍ രാജകിരണ്‍ കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഫൌണ്ടേഷന്‍ ഡയരക്ടര്‍ മാരായ റോബര്‍ട്ട് കുര്യാക്കോസ്, ജോര്‍ജ് സെബാസ്റ്റ്യന്‍,ഫോറെസ്റ്റ് ലീഗല്‍ ഓഫീസര്‍ ഇന്ദു കെ ആര്‍, കേരള മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ങ റെജീന രാജഗിരി ഹോസ്പിറ്റല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോസ് പോള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.