സ്ട്രീമിംഗ് അവകാശത്തിന് വന്‍തുക,മാലിക്കും കിലോമീറ്റേഴ്‌സും ഡിജിറ്റല്‍ റിലീസിലേക്ക്?

സ്ട്രീമിംഗ് അവകാശത്തിന് വന്‍തുക,മാലിക്കും കിലോമീറ്റേഴ്‌സും ഡിജിറ്റല്‍ റിലീസിലേക്ക്?
Published on

തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം വഴി മലയാളത്തില്‍ നിന്ന് കൂടുതല്‍ സിനിമകള്‍ റിലീസ് ചെയ്യാന്‍ ആമസോണ്‍ പ്രൈം വീഡിയോ ഉള്‍പ്പെടെയുള്ള കമ്പനികള്‍. 2020ലെ വമ്പന്‍ റിലീസുകളിലൊന്നായ മാലിക്ക്, മാര്‍ച്ചില്‍ റിലീസ് തീരുമാനിച്ചിരുന്ന ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്നീ സിനിമകള്‍ വന്‍തുകയ്ക്ക് സ്വന്തമാക്കാനാണ് ഡിജിറ്റല്‍ സ്്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ ചര്‍ച്ച തുടങ്ങിയത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായ മാലിക്ക് 27 കോടി ബജറ്റിലാണ് പൂര്‍ത്തിയാക്കിയത്. 2020 വിഷു റിലീസായി നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ പ്രിമിയറിനായി വന്‍ തുകയാണ് വാഗ്ദാനം ചെയ്തതെന്നറിയുന്നു. ഏഴ് കോടിയോളം മുതല്‍മുടക്കിലൊരുക്കിയ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് മാര്‍ച്ച് റിലീസായിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആദ്യം റിലീസ് മാറ്റിവച്ച ചിത്രവുമാണ് ടൊവിനോ തോമസ് നിര്‍മ്മാണ പങ്കാളിയായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്. മാലിക്കിന്റെയും കിലോമീറ്റേഴ്‌സിന്റെയും ഡിജിറ്റല്‍ റിലീസ് അവകാശത്തിനായി ചര്‍ച്ച തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് മാലിക്കിന്റെ നിര്‍മ്മാതാവ്. മാലിക് പോലെ മലയാളത്തിലെ പ്രധാന പ്രൊജക്ടുകള്‍ ഡിജിറ്റല്‍ റിലീസിന് തയ്യാറായാല്‍ കൂടുതല്‍ ചിത്രങ്ങള്‍ ഇതേ വഴി സ്വീകരിക്കുമെന്നാണ് വിലയിരുത്തല്‍.

ബോളിവുഡില്‍ അമിതാബ് ബച്ചനും ആയുഷ്മാന്‍ ഖുരാനയും കേന്ദ്രകഥാപാത്രങ്ങളായ ഗുലാബോ സിതാബോ, അക്ഷയ്കുമാര്‍ ചിത്രം ലക്ഷ്മി ബോംബ് ഉള്‍പ്പെടെ ബിഗ് ബജറ്റ് സിനിമകള്‍ ഓണ്‍ലൈന്‍ റിലീസിലേക്ക് മാറിയത് മലയാളത്തിലെ നിര്‍മ്മാതാക്കള്‍ക്കും പ്രചോദനമായിട്ടുണ്ട്. കൊവിഡ് ലോക്ക് ഡൗണിന് മുമ്പ് സാറ്റലൈറ്റ് തുകയ്ക്ക് സമാനമോ, അതില്‍ കുറവോ ആണ് ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ് എന്നീ ഓവര്‍ ദ ടോപ് പ്ലാറ്റ്‌ഫോമുകള്‍ ഡിജിറ്റല്‍ റൈറ്റ്‌സ് ആയി നല്‍കിയിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്ത് സബ്‌സ്‌ക്രിപ്ഷനിലും വ്യൂവേഴ്‌സിലും ഉണ്ടായ കുതിപ്പ് പരിഗണിച്ച് വലിയ തുക വാഗ്ദാനം ചെയ്ത് പുതിയ സിനിമകള്‍ വാങ്ങിച്ചെടുക്കാനാണ് ഈ പ്ലാറ്റ്‌ഫോമുകളുടെ നീക്കം. 200 ലേറെ രാജ്യങ്ങളിലായി ഒരേ ദിവസം ഡിജിറ്റല്‍ റിലീസാണ് ആമസോണും നെറ്റ്ഫ്‌ളിക്‌സും ഉള്‍പ്പെടെ വാഗ്ദാനം ചെയ്യുന്നത്. ഡിസ്‌നി-ഹോട്ട്‌സ്റ്റാര്‍ കൂടെ ഡിജിറ്റല്‍ റിലീസ് അവകാശത്തിനായി മത്സരം തുടങ്ങിയതോടെ വിലപേശലില്‍ മികച്ച തുകയ്ക്ക് സിനിമ നല്‍കാന്‍ നിര്‍മ്മാതാക്കളും നിര്‍ബന്ധിതരാകും.

കൊവിഡ് ഭീതിയൊഴിഞ്ഞ് ലോക്ക് ഡൗണ്‍ അവസാനിച്ചാലും മലയാളത്തിലെ സിനിമകളുടെ റിലീസിന് ഓണം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് തിയറ്ററുടമകളും നിര്‍മ്മാതാക്കളും ഈ ഘട്ടത്തില്‍ ചിന്തിക്കുന്നത്. അപ്പോഴും കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തുമുള്ള റിലീസ് പഴയപടി നടക്കില്ല. ഈ സാഹചര്യത്തിലാണ് 27 കോടി മുതല്‍മുടക്കില്‍ പൂര്‍ത്തിയായ മാലിക്ക് ഉള്‍പ്പെടെ മികച്ച തുകയ്ക്ക് ഡിജിറ്റല്‍ റിലീസിന് ആലോചിക്കുന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് തീരമേഖല പശ്ചാത്തലമാക്കിയ പൊളിറ്റിക്കല്‍ ത്രില്ലറാണ്. സാനു ജോണ്‍ വര്‍ഗീസ് ആണ് ക്യാമറ. ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രഫര്‍ ലി വിറ്റേക്കറാണ് സംഘട്ടന സംവിധാനം.

വിജയ് ബാബു നിര്‍മ്മിച്ച് നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത സൂഫിയും സുജാതയും എന്ന ചിത്രമാണ് തിയറ്ററുകള്‍ ഒഴിവാക്കിയുള്ള റിലീസിന് ആദ്യം തീരുമാനമെടുത്തത്. ആമസോണ്‍ പ്രൈം വീഡിയോ സിനിമ റിലീസ് ചെയ്യും. മാലിക്കിനും കിലോമീറ്റേഴ്‌സിനും പുറമേ ഏപ്രില്‍, മേയ്, ജൂണ്‍ റിലീസ് നിശ്ചയിച്ചിരുന്ന സിനിമകളുടെ നിര്‍മ്മാതാക്കളുമായും സ്ട്രീമിംഗ് കമ്പനികള്‍ ഇതിനോടകം ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ആമസോണ്‍ ഡിജിറ്റല്‍ റിലീസ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എതിരാളികളായ ഡിസ്‌നി ഹോട്ട്‌സ്റ്റാറും, നെറ്റ്ഫ്‌ളിക്‌സും, സണ്‍ നെക്സ്റ്ററും തങ്ങളുടെ ഫിലിം പ്രിമിയറുകള്‍ വേഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in