'ആ രംഗങ്ങളില്‍ കരച്ചിലടക്കാനായില്ല, ചിലതില്‍ ചിരിയും' ; സൂരരൈ പോട്രില്‍ തന്നെ കണ്ട ക്യാപ്റ്റന്‍ ഗോപിനാഥ്

'ആ രംഗങ്ങളില്‍ കരച്ചിലടക്കാനായില്ല, ചിലതില്‍ ചിരിയും' ; സൂരരൈ പോട്രില്‍ തന്നെ കണ്ട ക്യാപ്റ്റന്‍ ഗോപിനാഥ്
Published on

സൂര്യ, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുധ കൊങ്കാരയൊരുക്കിയ സൂരരൈ പോട്ര് എന്ന ചിത്രത്തെ വാഴ്ത്തി ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥ്. എയര്‍ ഡെക്കാണ്‍ സ്ഥാപിച്ച് ബജറ്റ് എയര്‍ലൈന്‍ പ്രാവര്‍ത്തികമാക്കിയ വ്യക്തിയാണ് ജിആര്‍ ഗോപിനാഥ്. അദ്ദേഹത്തിന്റെ ആത്മകഥയെ ആധാരമാക്കിയാണ് ചിത്രം. സിനിമ കണ്ടശേഷം അദ്ദേഹം ട്വീറ്റ് ചെയ്തത് ഇങ്ങനെ.' ഭാവന കൂടി ചേര്‍ത്താണ് ചിത്രം, എങ്കിലും ആത്മകഥയുടെ സത്ത ചോര്‍ന്നുപോയിട്ടില്ല. ചില സീനുകള്‍ ഓര്‍മകളിലേക്ക് തിരികെ കൊണ്ടുപോയി. ചിലതില്‍ ചിരിയും ചില രംഗങ്ങളില്‍ കരച്ചിലും അടക്കാനായില്ല'.

തന്റെ ജീവിത പങ്കാളിയുടെ വേഷം അവതരിപ്പിച്ച അപര്‍ണ ബാലമുരളിയുടെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. മനോബലമുള്ള, കനിവുള്ള, ധൈര്യമുള്ള എല്ലാ ഗ്രാമീണ സ്ത്രീകള്‍ക്കും വിശേഷിച്ച് സ്വപ്രയത്‌നത്താല്‍ സംരംഭകരാകാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രചോദനമാകുന്ന കഥാപാത്രമാണതെന്ന് ഗോപിനാഥ് കുറിച്ചു.

പുരുഷകേന്ദ്രീകൃത കഥയില്‍ അപര്‍ണയുടെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കിയതില്‍ സംവിധായിക സുധ കൊങ്കാരയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ വിമാനയാത്രാ സൗകര്യം യാഥാര്‍ത്ഥ്യമാക്കിയ വ്യക്തിയാണ് ജി.ആര്‍ ഗോപിനാഥ്. എയര്‍ ഡെക്കാണ്‍ പടുത്തുയര്‍ത്തിയ അദ്ദേഹം പിന്നീട് പ്രതിസന്ധിയിലാവുകയും മദ്യരാജാവായ വിജയ്‌ മല്യയ്ക്ക് കമ്പനി വില്‍ക്കുകയുമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in