'കര്‍ണന്‍' തിയറ്ററുകളിലെത്തിക്കുന്നത് ആശിര്‍വാദ്, ധനുഷ്-മാരി ശെല്‍വരാജ് ചിത്രം 9ന്

'Karnan': Dhanush
'Karnan': Dhanush
Published on

തമിഴകത്തെ ജാതിരാഷ്ട്രീയം ചര്‍ച്ച ചെയ്ത പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത 'കര്‍ണന്‍' ഏപ്രില്‍ 9ന് തിയറ്ററുകളില്‍. ധനുഷ് നായകനായ സിനിമ കേരളത്തില്‍ ആശിര്‍വാദ് സിനിമാസ് റിലീസ് ചെയ്യും. രജിഷാ വിജയനാണ് നായിക. നടന്‍ ലാല്‍ പ്രധാന റോളിലുണ്ട്.

പിക്കാസോ പെയ്ന്റിംഗ് പോലെയാണ് കര്‍ണന്‍ എന്ന സിനിമയെന്ന് നിര്‍മ്മാതാവ് കലൈപുലി എസ് താണു അടുത്തിടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. വി ക്രിയേഷന്‍സാണ് നിര്‍മ്മാണം ഒടിടി ഓഫറുകള്‍ വേണ്ടെന്ന് വച്ചാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നതെന്നും താണു.

വ്യക്തിയെന്ന നിലയ്ക്കും നടനെന്ന നിലയിലും കര്‍ണന്‍ വിശേഷപ്പെട്ട സിനിമയാണെന്നും ഒരു പാട് കാര്യങ്ങള്‍ പഠിച്ച ചിത്രമായിരുന്നു കര്‍ണനെന്നും ധനുഷ്. ഈ ചിത്രം ഉറപ്പായും തന്നെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നാണ് മാരി ശെല്‍വരാജിനോട് ധനുഷ് പറഞ്ഞത്.

തേനി ഈശ്വര്‍ ക്യാമറയും സന്തോഷ് നാരായണന്‍ സംഗീത സംവിധാനവും. നട്ടി, യോഗി ബാബു, ഗൗരി കിഷന്‍, ലക്ഷ്മി പ്രിയ എന്നിവരും കര്‍ണനിലുണ്ട്. പാര്‍ശ്വവല്‍ക്കൃത സമൂഹത്തിന്റെ ഉന്നമനത്തിനായി പോരാടിയ നായക കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. തിരുനെല്‍വേലിയിലാണ് കര്‍ണന്‍ പ്രധാനമായും ചിത്രീകരിച്ചത്.

1999ല്‍ തേയിലത്തോട്ടം തൊഴിലാളികള്‍ തിരുനെല്‍വേലിയില്‍ അടിമവേലക്കെതിരെയും കൂലിവര്‍ധനക്കുമായി നടത്തിയ പോരാട്ടമാണ് കര്‍ണനെന്നും സൂചനയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in