ജഗതി എന്നാല്‍ എന്റെര്‍ടെയ്‌മെന്റെന്ന് മോഹന്‍ലാല്‍; വികാരവിക്ഷോഭങ്ങളുടെ വിളനിലമെന്ന് മമ്മൂട്ടി; ‘അമ്പിളികല’ വീണ്ടും സ്‌ക്രീനില്‍
ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങി വരുന്നത് കാത്തിരിക്കുകയാണ് മലയാള സിനിമാലോകം മുഴുവന്‍. ആ കാത്തിരിപ്പ് സഫലമാക്കി ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അദ്ദേഹം വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി. ജഗതിയുടെ മകന്‍ രാജ്കുമാര്‍ ആരംഭിച്ച ‘ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്’ എന്ന പുതിയ കമ്പനി നിര്‍മിച്ച പരസ്യത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്.
ജഗതി തിരിച്ചെത്തുന്ന സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് റിലീസ് ചെയ്തു. നിരവധി പരസ്യ ചിത്രങ്ങളില്‍ ചെയ്തിട്ടുള്ള സിധിനാണ് പരസ്യം സംവിധാനം ചെയ്തത്. ജഗതിയുടെ മകന്‍ രാജ്കുമാര്‍, മകള്‍ പാര്‍വതി ഷോണ്‍, മറ്റ് കുടുംബാംഗങ്ങളും പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നു. ‘ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റസ്’ എന്ന കമ്പനിയുടെ ലോഞ്ചും ചടങ്ങില്‍ നടന്നു.
ഒരുപാട് കാലം മലയാളത്തിന്റെ പൊട്ടിച്ചിരിയായിരുന്ന, പൊട്ടിച്ചിരി മാത്രമല്ല എല്ലാ വികാര വിക്ഷോഭങ്ങളുടെയും വിളനിലമായിരുന്ന ശ്രീ ജഗതി ശ്രീകുമാര്‍ നിശബ്ദമനായിട്ട് കുറച്ചു കാലമായി. അദ്ദേഹത്തിന് സംഭവിച്ച അപകടത്തില്‍ എല്ലാവരും തന്നെ എന്നും ദുഃഖിതരാണ്. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് അദ്ദേഹം എന്നെങ്കിലും മടങ്ങി വരുമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു. അതിന് ആരംഭം കുറിക്കുന്ന ഈ അവസരം എല്ലാ സിനിമാ പ്രേമികളുടെയും എല്ലാ മലയാളികളുടെയും മനസ്സില്‍ ആഹ്ലാദത്തിന്റെ പൂത്തിരി കത്തുകയാണ്.
മമ്മൂട്ടി
ജഗതി ശ്രീകുമാര്‍ എന്ന് പറഞ്ഞാല്‍ തന്നെ എന്റര്‍ടെയ്‌മെന്റായിരുന്നു. ഇപ്പോഴും ആണ്. അമ്പിളി ചേട്ടന്‍ ഏഴ് വര്‍ഷം സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും എല്ലാ ദിവസവും ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്ന ആളു തന്നെയാണ്. എല്ലാവരുടെയും മനസ്സില്‍ അദ്ദേഹമുണ്ട്. ഇപ്പോള്‍ മാത്രമല്ല, എപ്പോഴും അദ്ദേഹം ഉണ്ടാവും.
മോഹന്‍ലാല്‍
ചടങ്ങില്‍ മനോജ് കെ ജയന്‍, ദേവന്‍, സായ്കുമാര്‍, വിനീത് കെപിഎസി ലളിത, മാമുക്കോയ, എസ്എന്‍ സ്വാമി, ബിന്ദു പണിക്കര്‍, പ്രേംകുമാര്‍ തുടങ്ങിയ താരങ്ങളും പങ്കെടുത്തു. ജഗതിയുടെ സിനിമാ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ വീഡിയോയും പ്രദര്‍ശിപ്പിച്ചു.
2012 മാര്‍ച്ചിലാണ് മലപ്പുറം തേഞ്ഞിപ്പാലത്ത് വെച്ചുണ്ടായ കാര്‍ അപകടത്തില്‍ ജഗതിക്ക് പരുക്കേറ്റത്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് ജഗതിയെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിക്കുന്നതെന്ന് ജഗതിയുടെ മകന്‍ മുന്‍പ് അറിയിച്ചിരുന്നു.