ഇതാണ് 2.0യില്‍ ആമിര്‍ ഖാന് വേണ്ടി കരുതി വച്ച ലുക്ക്, ആമിറിന്റെയും അക്ഷയ്‌യുടെയും ഗെറ്റപ്പ് പങ്കുവച്ച് ശ്രീനിവാസ് മോഹന്‍

ഇതാണ് 2.0യില്‍ ആമിര്‍ ഖാന് വേണ്ടി കരുതി വച്ച ലുക്ക്, ആമിറിന്റെയും അക്ഷയ്‌യുടെയും ഗെറ്റപ്പ് പങ്കുവച്ച് ശ്രീനിവാസ് മോഹന്‍

Published on

രജിനികാന്ത് യെന്തിരനാകുന്നതിന് മുമ്പ് ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകന്‍ ഷങ്കര്‍ കമല്‍ഹാസനെയാണ് റോബോട്ട് ആക്കാന്‍ തീരുമാനിച്ചിരുന്നത്. നിര്‍മ്മാണ കമ്പനിയുമായുള്ള പ്രശ്‌നം ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ ആ പ്രൊജക്ട് ഉപേക്ഷിക്കാന്‍ കാരണമായി. യെന്തിരന്‍ രണ്ടാം ഭാഗം 2.0 എന്ന പേരില്‍ ആലോചിച്ചപ്പോള്‍ രജിനികാന്തിന് പകരം ആമിര്‍ഖാനെ ഷങ്കര്‍ നായകനാക്കാന്‍ ആലോചിച്ചിരുന്നു. ആ കഥാപാത്രം ഉപേക്ഷിച്ചതിന്റെ കാരണം ആമിര്‍ ഖാന്‍ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കഥ കേട്ടപ്പോള്‍ വളരെയധികം ഇഷ്ടമായി. പക്ഷേ ആ കഥാപാത്രത്തെക്കുറിച്ച് എപ്പോള്‍ ആലോചിച്ചാലും ഒന്ന് കണ്ണടച്ച് നോക്കിയാല്‍ രജിനി സാറിനെ അല്ലാതെ മറ്റൊരാളെ പകരം ഓര്‍മ്മ വരില്ലെന്നായിരുന്നു ആമിര്‍ പറഞ്ഞത്. രജിനി സാറിന് മാത്രമേ ഈ കഥാപാത്രം ചെയ്യാനാകൂ എന്ന് ഷങ്കറിനോട് പറഞ്ഞാണ് സിനിമ നിരസിച്ചത് എന്നായിരുന്നു ആമിര്‍ പറഞ്ഞത്.

ഗോവാ രാജ്യാന്തര ചലച്ചിത്രമേളയുടെ സുവര്‍ണ ജൂബിലി എഡിഷനില്‍ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിഷ്വല്‍ ഇഫക്ട്‌സ് ഡിസൈനര്‍ വി ശ്രീനിവാസ് മോഹന്‍ 2.0യിലേക്കും ബാഹുബലിയിലേക്കുമുള്ള തന്റെ യാത്ര വിശദീകരിക്കാനായി ആമിറിനായി കരുതി വച്ച കഥാപാത്രത്തിന്റെ സ്‌കെച്ചസ് കൂടി കാണിച്ചു.

അക്ഷയ്കുമാറിന്റെ റോളിലേക്ക് ആര്‍ണോള്‍ഡ് ഷ്വാസ്‌നെഗറിനെയും രജിനിയുടെ റോളില്‍ ആമിറിനെയും പരിഗണിച്ചപ്പോള്‍ അഭിനേതാക്കളോട് നരേറ്റ് ചെയ്യാനും, പ്രീ വിഷ്വലൈസേഷനുമായി സ്‌കെച്ചസ് തയ്യാറാക്കിയത് പറയുമ്പോഴായിരുന്നു ആമിറിന്റെ റോബോട്ട് ലുക്ക് കാണിച്ചത്.

വിഎഫ്എക്‌സില്‍ ഹോളിവുഡ് നിലവാരം സൃഷ്ടിക്കാന്‍ പറ്റുന്ന സാഹചര്യത്തിലേക്ക് ഇന്ത്യന്‍ സിനിമയും പ്രവേശിക്കുകയാണെന്ന് ശ്രീനിവാസ് മോഹന്‍ പറയുന്നു. സാങ്കേതികജ്ഞാനത്തേക്കാള്‍ സര്‍ഗാത്മക ശേഷിയുള്ളവര്‍ വിഷ്വല്‍ ഇഫക്ട്‌സ് രംഗത്തേക്ക് വരുന്നതാണ് നേട്ടമെന്നും ശ്രീനിവാസ മോഹന്‍.

logo
The Cue
www.thecue.in