സിനിമയിൽ അഭിനേതാക്കൾക്ക് തുല്യവേതനം എന്നത് അപ്രായോഗികമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. അഭിനയം, സംവിധാനം, തിരക്കഥാ രചന, ഛായാഗ്രഹണം, ചിത്രസംയോജനം തുടങ്ങിയ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് വിപണി മൂല്യം, സർഗാത്മക മികവ് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിഫലം കണക്കാക്കുന്നത്. പരുഷന്മാരേക്കാൾ പ്രതിഫലം പറ്റുന്ന നിരവധി സ്ത്രീ സംവിധായകരും, തിരക്കഥാകൃത്തുക്കളും, അഭിനേതാക്കളും സിനിമ രംഗത്തുണ്ട്. ഇത് തീർത്തും നിർമ്മാതാവിന്റെ വിവേചനാധികാരമാണ്. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയ കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
കഥകളിലും കഥാപാത്രങ്ങളിലും ലിംഗസമത്വം വേണമെന്നത് പരിഹാസവും കമ്മിറ്റിക്ക് തന്നെ അവമതിപ്പുണ്ടാക്കുന്നതുമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച നിരവധി പ്രശ്നങ്ങൾക്ക് അസോസിയേഷൻ നേരത്തെ തന്നെ പരിഹാരം കണ്ടിട്ടുണ്ട്. സിനിമ രംഗവുമായി അടുത്ത് പരിചയമുള്ള ആളുകളെ കൂടെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ കുറച്ച് കൂടെ സമഗ്രമായ റിപ്പോർട്ട് ലഭിക്കുമായിരുന്നു.സർക്കാർ എടുക്കുന്ന എല്ലാ നവീകരണ പ്രവർത്തനങ്ങൾക്കും അസോസിയേഷൻ പൂർണ്ണ പിന്തുണ നൽകുമെന്നും കത്തിൽ പറയുന്നു.
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കൈമാറിയ കത്തിന്റെ പൂർണ്ണ രൂപം
ശ്രീ. പിണറായി വിജയൻ
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി
തിരുവനന്തപുരം
മലയാള സിനിമാ മേഖലയിൽ തൊഴിൽ ഇടത്തിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പഠിക്കാൻ സദുദ്ദേശത്തോടുകൂടി സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 19.8.2024ൽ
പ്രസിദ്ധീകരിക്കപ്പെട്ട ഭാഗങ്ങൾ ഞങ്ങൾ നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിശദമായി പഠിക്കുകയും, സിനിമയിലെ തൊഴിലുടമകൾ എന്ന ഉത്തരവാദിത്വത്തോടെ 31.08.2024ലെ ഭരണസമിതിയിൽ അവലോകനം ചെയ്യുകയും ഉണ്ടായി. ആയതിന്റെ അടിസ്ഥാനത്തിൽ ചില വസ്തുതകളും സംഘടനയുടെ നിലപാടുകളും പ്രസ്തുത കമ്മറ്റി റിപ്പോർട്ടിലെ അപാകതകളും സർക്കാരിനെ അറിയിക്കുവാൻ താത്പര്യപ്പെട്ടതനുസരിച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സമർപ്പിക്കുന്ന റിപ്പോർട്ട്
വസ്തുതകൾ, നിലപാടുകൾ
1. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിലേക്കായി ബഹുമാനപ്പെട്ട ഹൈക്കോടതി നിർദ്ദേശം പുറപ്പെടുവിച്ചതിനുശേഷം എല്ലാ സിനിമാ സെറ്റിലും നിർബന്ധമായും ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മറ്റി (ഐ.സി.സി) രൂപീകരിക്കണമെന്നും, അതിലെ അംഗങ്ങളുടെ പേരും, ഫോൺ നമ്പറും ഉൾപ്പെടെ സെറ്റിൽ പലയിടത്തായി പ്രദർശിപ്പിക്കണമെന്ന കർശന നിർദ്ദേശം എല്ലാ നിർമാതാക്കൾക്കും നൽകിയിട്ടുള്ളതും, ആയതു പാലിക്കപ്പെടുന്നുണ്ടെന്ന് നാളിതുവരെ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇൗസംഘടനയിൽ രജിസ്റ്റർ ചെയ്ത ചിത്രങ്ങൾക്ക് എെ.സി.സി രൂപീകരിച്ചതിനു ശേഷം മാത്രമേ ചിത്രീകരണത്തിന് അനുവാദം നൽകുകയും ചെയ്യുന്നുള്ളൂ.
2. സർക്കാരിനോട് ബഹുമാനപ്പെട്ട ഹൈക്കോടതി നിർദ്ദേശിച്ചതനുസരിച്ച് വനിതാ കമ്മീഷൻ 26.03.2022 ന് വിളിച്ചു ചേർത്ത യോഗത്തിൽ ബഹുമാനപ്പെട്ട അദ്ധ്യക്ഷ ആവശ്യപ്പെട്ടതനുസരിച്ച് കേരള ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ് ഉൾപ്പെടെ എല്ലാ സിനിമാ സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെട്ട ഐ.സി.സി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുകയും, പ്രസ്തുത കമ്മിറ്റി ആയത് കാര്യക്ഷമമായി നിരീക്ഷിച്ചു പോരുന്നുമുണ്ട്. വനിതാ കമ്മീഷൻ അദ്ധ്യക്ഷ തന്നെ നേരിട്ട് പ്രസ്തുത കമ്മറ്റിയിൽ ഒരിക്കൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തിട്ടുണ്ട്.
3. സ്ത്രീ അഭിനേതാക്കൾക്ക് സുരക്ഷിതമായി വസ്ത്രം മാറുന്നതിനും, വിശ്രമിക്കുന്നതിനും, ശുചിമുറി ഉപയോഗിക്കുന്നതിനും ആവശ്യമായ കാരവൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് കൈമാറുന്നതിനും എത്രയോ മുമ്പ് തന്നെ ഉറപ്പാക്കുവാനും ഞങ്ങളുടെ സംഘടന ശക്തമായി ഇടപെട്ടിട്ടുണ്ട്.
4. സിനിമയിൽ അഭിനേതര ജോലി ചെയ്യുന്ന മറ്റു സ്ത്രീകൾ, ജൂനിയർ ആർട്ടിസ്റ്റുകൾ എന്നിവർക്കും ഇ ടോയ്ലറ്റ്, ബയോ ടോയ്ലറ്റ് തുടങ്ങിയ മതിയായ ശുചിമുറി സൗകര്യം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഉറപ്പുവരുത്തുന്നതിനും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സന്നദ്ധമാണ്. ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന ഔട്ഡോർ ഷൂട്ടിംഗ് വേളകളിൽ ഇ ടോയ്ലറ്റ് സ്ഥാപിക്കുന്നതിന് പൊതുജനങ്ങളുടെ എതിർപ്പ്, പരിമിത സ്ഥലസൗകര്യം എന്നിവ ഇതിന് പലപ്പോഴും തടസ്സമാകാറുണ്ട് എന്ന പ്രായോഗിക ബുദ്ധിമുട്ടും നിർമ്മാതാക്കൾ അഭിമുഖീകരിക്കുന്നുണ്ട് എന്ന വസ്തുത ഞങ്ങൾ ഇവിടെ രേഖപ്പെടുത്തുന്നു. പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ പരമാവധി സൗകര്യങ്ങൾ ഒരുക്കാൻ ശ്രമം നടത്തുന്നുമുണ്ട്.
5. രാത്രിയിലും മറ്റും യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രൊഡക്ഷൻ വാഹനങ്ങളുടെ ഡൈ്രവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് 2017 ൽ നടി ആക്രമിക്കപ്പെട്ട സംഭവമുണ്ടായി മാസങ്ങൾക്കുള്ളിൽ തന്നെ കർശനമായി നടപ്പിലാക്കിയ സംഘടനയാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.
6. സിനിമയിലെ തൊഴിൽ ദാതാവ് എന്ന നിലയിൽ ഞങ്ങൾക്ക്ഇ ടപെടാൻ പരിമിതിയുള്ള ഒരു സ്ത്രീ സുരക്ഷാ പ്രശ്നം ഈ രംഗത്തെ സ്ത്രീകൾ നേരിടുന്ന സൈബർ ആക്രമണമാണ്. ആയതിൽ കാര്യക്ഷമമായ ഇടപെടൽ നടത്തുവാൻ പോലീസ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾക്കേ കഴിയൂ, ആയതിനാൽ സർക്കാർ കർശ്ശന വ്യവസ്ഥകളോടെയുള്ള നിയമങ്ങൾ നടപ്പാക്കണം.
7. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതനം എന്നത് പ്രതിദിന ബാറ്റ വാങ്ങുന്ന ആർട്ട്,മേക്കപ്പ്,കോസ്റ്റ്യൂം, ഡബ്ബിങ് തുടങ്ങിയ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീ തൊഴിലാളികൾക്ക് വർഷങ്ങൾക്ക് മുൻപേ തന്നെ മലയാള സിനിമയിൽ നടപ്പിൽ വരുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ തൊഴിലുടമ എന്ന നിലയിൽ നിർമ്മാതാക്കൾ യാതൊരു വിവേചനവും വച്ചുപൊറുപ്പിക്കാറില്ല.
8. അഭിനയം, സംവിധാനം, തിരക്കഥാ രചന, ഛായാഗ്രഹണം ചിത്രസംയോജനം തുടങ്ങിയ സർഗാത്മക ജോലി ചെയ്യുന്ന സ്ത്രീകൾക്കോ പുരുഷന്മാർക്കോ പോലും തുല്യവേതനം എന്നത് തീർത്തും അപ്രയോഗികമാണ്. ആ വാദം ബാലിശമാണ്, എന്തെന്നാൽ വിപണി മൂല്യം, സർഗാത്മക മികവ് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ആ രംഗത്തെ പ്രതിഫലം നിശ്ചയി ക്കുക. അത് പൂർണ്ണമായും നിർമ്മാതാവിന്റെ വിവേചനാധികാര മാണ്. പല പുരുഷന്മാരെക്കാളും പ്രതിഫലം പറ്റുന്ന സ്ത്രീ സംവിധായകരും, തിരക്കഥാകൃത്തുക്കളും, അഭിനേതാക്കളും സിനിമ രംഗത്തുണ്ട് എന്നതാണ് യാഥാർത്ഥ്യം.
9. സിനിമാ നിർമ്മാണ പ്രക്രിയയിൽ സ്ത്രീകൾക്ക് സംവരണം വേണമെന്ന ഒരു നിർദ്ദേശവും കമ്മിറ്റിയുടെ ഭാഗത്തു നിന്നുംകണ്ടു. എല്ലാ മേഖലയിലേതുമെന്നത് പോലെ സിനിമയിലും ധാരാളം സ്ത്രീകൾ കടന്നുവരുന്നുണ്ട്. അത് ജൈവികമായി സംഭവിക്കേണ്ടതാണ്. മറിച്ച് നിശ്ചിത ശതമാനം സ്ത്രീകൾ ഉണ്ടെങ്കിലേ ഒരു സിനിമ നിർമ്മിക്കാൻ പാടുള്ളൂ എന്ന നിബന്ധന വന്നാൽ സ്ത്രീകൾ ആയ സംവിധായകർക്കോ നിർമ്മാതാക്കൾക്കോ പോലും അവരുടെ സിനിമ സാധ്യമാക്കാൻ കഴിയില്ല എന്നതാണ് വസ്തുത. സ്ത്രീകളായ സംവിധായകരുടെയോ നിർമാതാക്കളുടെയോ സിനിമകളിൽ പോലും ഭൂരിഭാഗവും പുരുഷന്മാരാണ് എന്നതുപോലും കണ്ടെത്താൻ ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് കഴിയാതിരുന്നത് ഖേദകരമാണ് എന്നു പറയട്ടെ.
10. പ്രസ്തുത പഠന റിപ്പോർട്ടിലെ ഏറ്റവും പരിഹാസ്യവും കമ്മറ്റിക്ക്ത ന്നെ അവമതിപ്പുണ്ടാക്കുന്നതുമായ ശുപാർശയാണ് സിനിമയിലെ കഥയിലും കഥാപാത്രങ്ങളിലും പോലും സംവരണം വേണമെന്നത്. തികച്ചും സർഗ്ഗാത്മക പ്രകിയയിലൂടെ രൂപാന്തരപ്പെടുന്ന ഒരു ചലച്ചിത്രത്തിന്റെ ഉള്ളടക്കത്തിൽ ലിംഗസമത്വം എന്നത് പ്രായോഗികമായ കാര്യമല്ല എന്നാണ് ഞങ്ങളുടെ വിലയിരുത്തൽ.
11. ഈ വ്യവസായത്തിലെ തൊഴിലുടമകൾ എന്ന നിലയിൽ അംഗീകൃതം അല്ലാത്ത കാസ്റ്റിംഗ് കോളുകൾ, മയക്കുമരുന്ന് ഉപയോഗം എന്നിവ നിയന്ത്രിക്കാനുള്ള സാധ്യമായ നടപടികൾ ഞങ്ങൾ കൈകൊണ്ടിരുന്നു എന്നും, ആയത് നിയന്ത്രിക്കാൻ പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും ഇൗ സംഘടന കഴിയുന്നത്ര ശ്രമങ്ങൾ കേരള ഫിലിം ചേംബർ ഒാഫ് കൊമേഴ്സ് ഉൾപ്പെടെയുള്ള സംഘടനകളും ആയി ചേർന്ന് നടത്തിയിട്ടുണ്ടെന്ന വസ്തുതയും രേഖപ്പെടുത്തുന്നു.
12. സിനിമാ മേഖലയിൽ മുൻകാലങ്ങളിൽ സ്ത്രീകൾ നേരിട്ടിരുന്ന ദുരനുഭവങ്ങളിലും ആക്രമണങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണോ വേണ്ടത്രവിധം വിശാലമായ പഠനത്തിന് തയ്യാറാകാതിരുന്നതിനാലാണോ എന്നറിയില്ല, സിനിമയ്ക്ക് മാത്രമായി ഒരു ട്രൈബൂണൽ എന്ന ശുപാർശയും കമ്മിറ്റി മുന്നോട്ടു വയ്ക്കുന്നുണ്ട്. പക്ഷേ നിർദിഷ്ട ട്രൈബൂണലിന്റെ സ്വഭാവം, പ്രവർത്തനരീതി എന്നിവയെക്കുറിച്ചൊന്നുമുള്ള വിവരങ്ങളിൽ വ്യക്തതയില്ലാത്തതായി തോന്നുന്നു. നിലവിലെ നിയമങ്ങൾ, തൊഴിലിടങ്ങളിലെ ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മറ്റി എന്നിവയൊക്കെ ഉള്ളപ്പോൾ അത്തരമൊരു സിനിമാ ട്രൈബൂണലിന് എന്തു പ്രസക്തി എന്നതും വ്യക്തമല്ല. വിശദമായ വിവരങ്ങൾ സർക്കാർ അറിയിക്കുന്ന മുറയ്ക്ക് ആയതിനെക്കുറിച്ച് സംഘടനയുടെ അഭിപ്രായം രേഖപ്പെടുത്താമെന്നും അറിയിക്കുന്നു.
മലയാള സിനിമാ വ്യവസായത്തെ (ഇതുവരെ അങ്ങനെഅംഗീകരിച്ചിട്ടില്ലെങ്കിൽ കൂടി) മുന്നിൽ നിന്ന് നയിക്കേണ്ടത് നിർമ്മാതാക്കളായ ഞങ്ങളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഉത്തരവാദിത്വം ആണെന്നിരിക്കെ പ്രസ്തുത റിപ്പോർട്ടിൻ മേലുള്ള അഭിപ്രായം പ്രകടിപ്പിക്കുന്നത് മാത്രമല്ല ഞങ്ങളുടെ ഉത്തരവാദിത്വം എന്ന് കരുതുന്നതിനാൽ അപാകതകൾ കൂടി ചൂണ്ടിക്കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സദുദ്ദേശത്തോടെ കൂടിയാണ് വിദഗ്ധസമിതി എന്ന നിലയിൽ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത് എന്നത് ഉൾക്കൊണ്ടുതന്നെ പറയട്ടെ, ദൗർഭാഗ്യവശാൽ സിനിമാ രംഗത്ത് സജീവ സാന്നിധ്യം ഉള്ളതും സിനിമയിലെ എല്ലാ കാര്യങ്ങളെക്കുറിച്ച് പ്രാവീണ്യവും, സമഗ്ര ധാരണയുമുള്ള വ്യക്തികളെ കൂടി പ്രസ്തുത കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ സാധിച്ചിരുന്നെങ്കിൽ കുറച്ചുകൂടി സമഗ്രവും, പ്രശ്ന പരിഹാരത്തിന് ഉതകുന്നതുമായ ഒരു റിപ്പോർട്ട് സർക്കാരിന് ലഭിക്കുമായിരുന്നു. വിവിധ ചലച്ചിത്ര സംഘടനകളുടെയോ സിനിമയിലെ സമസ്ത മേഖലയിലും പ്രവർത്തിക്കുന്ന സ്ത്രീകളുടെയോ അഭിപ്രായം ആരായാതെ മുൻകൂട്ടി തയ്യാറാക്കിയ കേവലം ഒരു ചോദ്യാവലിയും, ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പോയി ഡബ്ബിംഗ് നിരീക്ഷിച്ചതും, ലൂസിഫർ എന്ന ചിത്രത്തിന്റ സെറ്റിൽ പോയി ചിത്രീകരണം വീക്ഷിച്ചതും ആധാരമാക്കി നടത്തിയ വിവരശേഖരണം മാത്രമാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയിൽ നിന്നുണ്ടായത് എന്ന നിരാശയും സംഘടന ഇതിനാൽ അറിയിക്കുന്നു. എന്നിരുന്നാലും, ഇന്ത്യയിൽ ആദ്യമായി ഇത്തരം ഒരു പ്രാഥമിക അന്വേഷണം എങ്കിലും സാധ്യമാക്കി ചരിത്രപരമായി ശ്ലാഖിക്കപ്പെടേണ്ട തീരുമാനം കൈക്കൊണ്ടതിന് ഈ സർക്കാരിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ. 2019 ൽ കമ്മറ്റി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഏറെ വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങളാണ് റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിട്ടുള്ളതെങ്കിലും സ്ത്രീ സുരക്ഷയും, സ്ത്രീകളെ ചൂഷണം ചെയ്യുന്നത് സമൂഹത്തിൽ മറ്റിടങ്ങളിൽ പോലെ തന്നെ നിയന്ത്രിക്കേണ്ടതാണെന്ന ശക്തമായ അഭിപ്രായം കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന് ഉണ്ട്. നൂറ് ശതമാനം പരിഹാരം കാണാൻ പറ്റുന്ന കാര്യങ്ങൾ നടപ്പിൽ വരുത്തുവാൻ പ്രയാസകരം ആണെങ്കിൽ കൂടി ഉന്നയിക്കപ്പെട്ട വിഷയങ്ങളുടെ ഗൗരവം മനസ്സിലാക്കി തിരുത്തേണ്ടവ തിരുത്തിയും, പരിഹരിക്കപ്പെടേണ്ടവ പരിഹരിക്കാൻ ശ്രമിച്ചും മുന്നോട്ട് പോകാൻ തൊഴിൽ ദാതാക്കളുടെ സംഘടന എന്ന നിലയിൽ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് അടിവരയിട്ട് പറഞ്ഞുകൊണ്ട്, സർക്കാർ കൈക്കൊള്ളുന്ന എല്ലാ നവീകരണത്തിനും ഉറച്ച പിന്തുണ ഉണ്ടാകുമെന്ന് രേഖപ്പെടുത്തുന്നു