'ജിബൂട്ടി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആഫ്രിക്കയില്‍ കുടുങ്ങിയ ദിലീഷ് പോത്തന്‍ ഉള്‍പ്പെടെ 71 പേര്‍ കൊച്ചിയിലേക്ക്. വെള്ളിയാഴ്ച വൈകിട്ട് 6 മണിയുടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് ജിബൂട്ടി ടീം നാട്ടിലെത്തുന്നത്. ഏപ്രില്‍ 18നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെങ്കിലും കോവിഡ് ലോക്ക് ഡൌണ്‍ മൂലം കേരളത്തിലേക്കുള്ള യാത്ര നീളുകയായിരുന്നു. നായകന്‍ അമിത് ചക്കാലക്കല്‍, നായിക ഷിംല സ്വദേശിനി ശകുന്‍ ജസ്വാള്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി ,അഞ്ജലി നായര്‍ ,ആതിര രോഹിത് മഗ്ഗു,ബേബി ആര്ടിസ്‌റ് ഒന്നര വയസുള്ള ജോര്‍ജും കുടുംബവും ,ഫൈറ്റ് മാസ്റ്റര്‍ റണ്‍ രവിയും സംഘവും ,ചെന്നൈയില്‍ നിന്നുള്ള പ്രത്യേകസംഘവും ഈ 71 പേരുടെ കൂടെയുണ്ട്. മുംബൈയിലും ചെന്നൈയിലും കൊച്ചിയിലുമായാണ് ഷൂട്ടിംഗ് സംഘം ക്വാറന്റൈനില്‍ കഴിയുക.
ജിബൂട്ടി എന്ന പേരില്‍ കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടിയില്‍ ചിത്രീകരിച്ച സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. ജിബൂട്ടിയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള തജൂറ എന്ന ദ്വീപിലായിരുന്നു ഷൂട്ടിംഗ് .ഷൂട്ടിങ് തീര്‍ന്ന സംഘങ്ങങ്ങള്‍ ജിബൂട്ടിയിലെത്തിയ ശേഷം പ്രത്യേകമൊരുക്കിയ താമസ സ്ഥലത്തായിരുന്നു ലോക്ക് ഡൌണ്‍ നാളുകളില്‍ കഴിഞ്ഞത്. ചിത്രീകരണ ജനവാസ മേഖലയില്‍ നിന്ന് ഏറെ അകലെയാണെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍ ദ ക്യുവിനോട് നേരത്തെ പറഞ്ഞിരുന്നു.
ജനപ്രിയ ടെലിവിഷന്‍ പരമ്പരയായിരുന്നു ഉപ്പും മുളകും പ്രധാന എപ്പിസോഡുകള്‍ ഒരുക്കിയ എസ് ജെ സിനു ആണ് ജിബൂട്ടിയുടെ സംവിധായകന്‍. ജിബൂട്ടിയിലെ മലയാളി വ്യവസായികളായ ജോബി പി സാമും സ്വീറ്റി മരിയയും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ജിബൂട്ടിയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതായിരിക്കും സിനിമ. ചിത്രത്തിന്റെ ലോഞ്ചിനായി രാജ്യത്തെ നാല് മന്ത്രിമാര്‍ കൊച്ചിയില്‍ എത്തിയിരുന്നു. ടിഡി ശ്രീനിവാസാണ് ക്യാമറ. ദീപക് ദേവ് സംഗീത സംവിധാനം.