‘ഒരുപാട് പാഷനോടെയും ഉത്തരവാദിത്വത്തോടെയും ചെയ്ത ചിത്രം’; ‘ഛപാക്’ ട്രെയിലര്‍ ലോഞ്ചില്‍ കണ്ണ് നിറഞ്ഞ് ദീപിക

‘ഒരുപാട് പാഷനോടെയും ഉത്തരവാദിത്വത്തോടെയും ചെയ്ത ചിത്രം’; ‘ഛപാക്’ ട്രെയിലര്‍ ലോഞ്ചില്‍ കണ്ണ് നിറഞ്ഞ് ദീപിക

Published on

ആസിഡ് ആക്രമണം അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം ആസ്പദമാക്കിയൊരുക്കുന്ന ബോളിവുഡ് ചിത്രമാണ് ഛപാക്. ദീപിക പദുകോണാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യവെ താരം വേദിയില്‍ വികാരാധീനയായി. റാസി,തല്‍വാര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ മേഘ്‌ന ഗുല്‍സാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സാധാരണ ഒരു കഥ കേട്ട് മുഴുവനായതിന് ശേഷമാണ് അത് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക, പക്ഷേ ആദ്യത്തെ കുറച്ചു മിനിറ്റുകളില്‍ തന്നെ ഒരു ചിത്രം ചെയ്യണമെന്ന് തോന്നുന്നത് അപൂര്‍വ്വമാണ് അത്തരത്തിലൊന്നാണ് ഛപാക്. എന്റെ കരിയറിലെ ഏറ്റവും സ്‌പെഷ്യലായ ചിത്രങ്ങളിലൊന്നാണ് ഇത്. ങ്ങള്‍ ഈ സിനിമയില്‍ കണ്ടതെല്ലാം നിങ്ങളും കാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരുപാട് പാഷനോടെയും ഉത്തരവാദിത്വത്തോടെയുമാണ് ഈ ചിത്രം ചെയ്തിരിക്കുന്നത്.

ദീപിക പദുകോണ്‍

ട്രെയിലര്‍ ലോഞ്ചിന് ശേഷം സംസാരിക്കാനായി ക്ഷണിച്ചപ്പോഴായിരുന്നു ദീപികയുടെ കണ്ണു നിറഞ്ഞത്. മാലതി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ദീപികയെത്തുന്നത്. ആസിഡ് അറ്റാക്ക് ആക്രമണവും അതിന് ശേഷമുള്ള നിയമ പോരാട്ടവുമെല്ലാം ചിത്രത്തില്‍ പ്രമേയമാകുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതിന് 15-ാം വയസിലായിരുന്നു ലക്ഷ്മി അഗര്‍വാളിന് ആസിഡ് ആക്രമണമേല്‍ക്കുന്നത്. പിന്നീട് ഒട്ടേറെ ശസ്ത്രക്രിയകള്‍ ചെയ്യേണ്ടി വന്നു. രാജ്യത്ത് ആസിഡ് ആക്രമണം നേരിട്ട പെണ്‍കുട്ടികളുടെ നീതിക്കായി പോരാടുകയും ആസിഡ് വില്‍പ്പന നിയന്ത്രിക്കാന്‍ നിയമപോരാട്ടവും ലക്ഷ്മി നടത്തിയിരുന്നു. മാലതിയുടെ കഥയിലൂടെ ഇവയെല്ലാം സിനിമയിലുണ്ടാകുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നു.

ദീപികയുടെ മികച്ച പ്രകടനമയിരിക്കും ചിത്രത്തിലെന്നാണ് പ്രേക്ഷകര്‍ കണക്കുകൂട്ടുന്നത്. ചിത്രം നിര്‍മിക്കുന്നതും ദീപിക തന്നെയാണ്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും മേഘ്‌നാ ഗുല്‍സാറിന്റെ മൃഗ ഫിലിംസും ദീപികയുടെ നിര്‍മ്മാണ കമ്പനിയും സംയുക്തമായിട്ടാണ് ' ഛപാക്ക് ' നിര്‍മ്മിക്കുന്നത്. ജനുവരി പത്തിന് ചിത്രം റിലീസ് ചെയ്യും.

logo
The Cue
www.thecue.in