3 കോടിക്ക് പുറമേ വമ്പന്‍ പ്രഖ്യാപനം, ആളുകളുടെ കരച്ചില്‍ ഉറക്കമില്ലാതാക്കി; ലോറന്‍സ് ആണ് സൂപ്പര്‍താരം 

3 കോടിക്ക് പുറമേ വമ്പന്‍ പ്രഖ്യാപനം, ആളുകളുടെ കരച്ചില്‍ ഉറക്കമില്ലാതാക്കി; ലോറന്‍സ് ആണ് സൂപ്പര്‍താരം 

Published on

ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ദക്ഷിണേന്ത്യന്‍ സിനിമയില്‍ മാതൃകയാണ് നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. കൊവിഡ് ദുരിതാശ്വാസത്തിനായി സംഭാവന ചെയ്ത 3 കോടിക്ക് പുറമേ വലിയൊരു പ്രഖ്യാപനത്തിന് തയ്യാറെടുക്കുകയാണ് രാഘവ ലോറന്‍സ്. തമിഴ് പുതുവര്‍ഷ ദിനമായ ഏപ്രില്‍ പതിനാലിന് പ്രഖ്യാപനത്തിനായാണ് താരം തയ്യാറെടുക്കുന്നത്.

മൂന്ന് കോടി സംഭാവന നല്‍കിയതിന് പിന്നാലെ നിരവധി അഭിനന്ദനങ്ങളും ഫോണ്‍കോളുകളും ലഭിച്ചെന്നും കൂടുതലായി എന്തെങ്കിലും ചെയ്യാനാകുമോ എന്ന് ചിലര്‍ ചോദിച്ചതായും ലോറന്‍സ്. 3 കോടി കൊണ്ട് ഒന്നും തികയില്ലെന്ന് അറിയാമെന്നും ആളുകളുടെ കരയുന്ന വീഡിയോ കണ്ട് കഴിഞ്ഞ ദിവസം ഉറങ്ങാനായില്ലെന്നും ലോറന്‍സ്. മനുഷ്യരുടെ വിശപ്പിലാണ് ദൈവമെന്ന് വിശ്വസിക്കുന്നു. ജനങ്ങള്‍ക്ക് എന്തെങ്കിലും നല്‍കിയാല്‍ ദൈവത്തിലേക്ക് എത്തും. ജനങ്ങള്‍ക്കും സര്‍ക്കാരിനുമായി എന്ത് ചെയ്യാനാകുമെന്ന് ആലോചിച്ചു. ഏപ്രില്‍ 12ന് ഇക്കാര്യം പ്രഖ്യാപിക്കാനാണ് തീരുമാനിച്ചതെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് തമിഴ് പുതുവല്‍സര ദിനത്തില്‍ മതിയെന്ന് ഓഡിറ്റര്‍ അറിയിച്ചു.

രാഘവ ലോറന്‍സ് ട്വീറ്റ് പ്രസക്ത ഭാഗങ്ങള്‍

3 കോടിക്ക് പുറമേ മറ്റൊന്തും ചെയ്യുന്ന കാര്യം ആലോചിച്ചിരുന്നില്ല. പക്ഷേ സംഭാവന നല്‍കിയ ശേഷം നിരവധി കോളുകളാണ് വരുന്നത്. എല്ലാ ഹൃദയഭേദകമാണ്. എന്റെ മൂന്ന് കോടി കൊണ്ട് ഒന്നുമാകില്ലെന്ന് അറിയാം. ഫോണ്‍ വരുമ്പോള്‍ തിരക്കിലാണെന്ന് പറയാന്‍ അസിസ്റ്റന്‍മാരെ ഏല്‍പ്പിച്ചു. പക്ഷേ മുറിയില്‍ എത്തിയപ്പോഴാണ് ചെയ്തത് തെറ്റാണെന്ന് മനസിലായത്. ആളുകള്‍ കരഞ്ഞുകൊണ്ട് സംസാരിക്കുന്നത് കണ്ട് ഇന്നലെ ഉറങ്ങാനായില്ല. ആരും ഒന്നും കൊണ്ടല്ല ലോകത്തേക്ക് വരുന്നത്. തിരികെ ഒന്നും കൊണ്ടുപോകുന്നുമില്ല. ജനങ്ങളുടെ വിഷമതകളിലും വിശപ്പിലുമാണ് ദൈവം. ദൈവത്തിന് നല്‍കിയാല്‍ ജനങ്ങളിലെത്തില്ല. പക്ഷേ ജനങ്ങള്‍ക്ക് എന്തെങ്കിലും നല്‍കിയാല്‍ അത് ദൈവത്തിലെത്തും. അവര്‍ക്കുള്ളിലുണ്ട് ദൈവം. സേവനത്തിന് എന്നെ പ്രാപ്തനാക്കിയതും ദൈവമാണ്. ഇത് നിര്‍ണായക സമയമാണ്. എനിക്ക് ചെയ്യാനാകുന്നത് സര്‍ക്കാരിനും ജനങ്ങള്‍ക്കുമായി ചെയ്യും. അഭ്യുദയകാംക്ഷികളുമായും ഓഡിറ്ററുമായും ഇക്കാര്യം ചര്‍ച്ച ചെയ്തു.

ലോറന്‍സ് ആദ്യഘട്ടത്തില്‍ സംഭാവന ചെയ്തത്

പ്രധാനമന്ത്രിയുടെ പിഎം കെയര്‍ ഫണ്ടിലേക്ക് 50ലക്ഷം, തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, സിനിമയിലെ ദിവസവേതനക്കാര്‍ക്കായി ഫെപ്സിയുടെ സമാഹരണത്തിലേക്ക് 50ലക്ഷം, ഡാന്‍സേഴ്സ് യൂണിയനായി 50 ലക്ഷം, ഭിന്നശേഷിക്കാര്‍ക്ക് 25 ലക്ഷം, ജന്മനാടായ റോയപുരത്തെ ദിവസ വേതനക്കാര്‍ക്ക് 75 ലക്ഷം. ഇതാണ് രാഘവേന്ദ്ര ലോറന്‍സിന്റെ സംഭാവന. ചന്ദ്രമുഖി രണ്ടാം ഭാഗത്തിന് ലഭിച്ച അഡ്വാന്‍സ് മുഴുവനായി കൊവിഡ് പ്രതിരോധത്തിനായി നല്‍കുകയായിരുന്നു ലോറന്‍സ്.

കേരളത്തില്‍ പ്രളയ ദുരിതാശ്വാസത്തിന് ഒരു കോടി

2018ല്‍ കേരളത്തില്‍ പ്രളയം ദുരിതം വിതച്ചപ്പോള്‍ ഒരു കോടി രൂപാ ലോറന്‍സ് സംഭാവനയായി നല്‍കിയിരുന്നു. 2005 മുതല്‍ ലോറന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി പ്രവര്‍ത്തനം നടത്തുന്നുണ്ട് ലോറന്‍സ്.

3 കോടിക്ക് പുറമേ വമ്പന്‍ പ്രഖ്യാപനം, ആളുകളുടെ കരച്ചില്‍ ഉറക്കമില്ലാതാക്കി; ലോറന്‍സ് ആണ് സൂപ്പര്‍താരം 
ലോറന്‍സ് നല്‍കിയത് 3 കോടി, മലയാളത്തിലെ ‘സൂപ്പറുകള്‍ ഉല്‍കണ്ഠയിലെന്ന്’ ഷമ്മിയുടെ പരിഹാസം
logo
The Cue
www.thecue.in