സിനിമകള്‍ക്ക് പിന്നാലെ സീരിയല്‍ ചിത്രീകരണവും നിര്‍ത്തി

സിനിമകള്‍ക്ക് പിന്നാലെ സീരിയല്‍ ചിത്രീകരണവും നിര്‍ത്തി

Published on

കൊറോണാ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ അടച്ചിടുകയും സിനിമാ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുകയും ചെയ്തതിന് പിന്നാലെ സീരിയല്‍ മേഖലയും ചിത്രീകരണവും നിര്‍മ്മാണവും നിര്‍ത്തുന്നു.

എല്ലാ ടെലിവിഷന്‍ സീരിയലുകളുടെയും കേരളത്തിലെ ചിത്രീകരണം മാര്‍ച്ച് 20 മുതല്‍ 31 വരെ നിര്‍ത്തിവെക്കാനാണ് മലയാളം ടെലിവിഷന്‍ ഫ്രെട്ടേണിറ്റിയുടെ തീരുമാനം. മാര്‍ച്ച് 18 ,19 തിയ്യതികളില്‍, അടിയന്തര പ്രാധാന്യം ഉണ്ടെങ്കില്‍ മാത്രമേ സീരിയല്‍ ചിത്രീകരണം നടത്താവൂ എന്നും മലയാളം ടെലിവിഷന്‍ ഫ്രെട്ടേണിറ്റിയുടെ അടിയന്തിര എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ തീരുമാനം. ആള്‍ക്കൂട്ട ചിത്രീകരണം ഈ ദിവസങ്ങളില്‍ പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ,സാനിറ്റൈസറുകള്‍ തുടങ്ങിയ മുന്‍കരുതലുകള്‍ ഷൂട്ടിംഗ് സെറ്റുകളില്‍ നിര്‍ബന്ധമാക്കണമെന്നും ഫ്രറ്റേണിറ്റി. മലയാളം ടെലിവിഷന്‍ ഫ്രട്ടേണിറ്റി ചെയര്‍മാന്‍ സുരേഷ് ഉണ്ണിത്താനാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സിനിമാ നിര്‍മ്മാണവും പോസ്റ്റ് പ്രൊഡക്ഷനും ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനമെടുത്തിരുന്നു. മുന്‍നിര ടെലിവിഷന്‍ പ്രോഗ്രാം നിര്‍മ്മാതാക്കളും കൊറോണാ പ്രതിരോധത്തിനായി പ്രോഗ്രാമുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ബിഗ് ബോസ്സ് സീസണ്‍ ടു അവസാനിപ്പിക്കാന്‍ നിര്‍മ്മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മാര്‍ച്ച് 31 വരെ റിലീസുകള്‍ ഒഴിവാക്കി തിയറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. മലയാളത്തില്‍ സിനിമാ നിര്‍മ്മാണവും നിര്‍ത്തിവച്ചിരിക്കുകയാണ്. മാര്‍ച്ച് 12ന് റിലീസ് ചെയ്യാനിരുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, മാര്‍ച്ച് 26ന് റിലീസ് നിശ്ചയിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളും മാറ്റിവച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ്, മഞ്ജു വാര്യരുടെ ലളിതം സുന്ദരം, ജൂനിയര്‍ ലാലും ലാലും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സുനാമി എന്നീ സിനിമകള്‍ നിര്‍ത്തിവച്ചരിക്കുകയാണ്.

logo
The Cue
www.thecue.in