താരങ്ങള്‍ക്ക് ഇനി പഴയ പ്രതിഫലം നല്‍കാനാകില്ല, കൊവിഡിനെ നേരിടാന്‍ അമ്പത് ശതമാനമെങ്കിലും കുറക്കണമെന്ന് നിര്‍മ്മാതാക്കള്‍
കൊവിഡ് വ്യാപനം സൃഷ്ടിച്ച സ്തംഭനാവസ്ഥ നേരിടാന്‍ മുന്‍നിര താരങ്ങള്‍ അമ്പത് ശതമാനമെങ്കിലും പ്രതിഫലം കുറക്കണമെന്ന് ചലച്ചിത്ര നിര്‍മ്മാതാക്കള്‍. സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ചേര്‍ന്ന് കൂട്ടായ ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ ചലച്ചിത്ര മേഖല പുനരാരംഭിക്കാനാകൂ എന്ന് നിര്‍മ്മാതാവും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയുമായ ജി. സുരേഷ് കുമാര്‍. താരങ്ങള്‍ക്ക് പുറമേ മുന്‍നിര ടെക്‌നീഷ്യന്‍സും പ്രതിഫലത്തില്‍ ഭീമമായ കുറവ് വരുത്തണമെന്നും സുരേഷ് കുമാര്‍.
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി എങ്ങനെയൊക്കെ മറികടക്കാമെന്ന് എല്ലാ സംഘടനകളും ചേര്‍ന്ന് ചര്‍ച്ച ചെയ്താല്‍ മാത്രമേ ഇനി സിനിമാ മേഖല ഓപ്പണ്‍ ചെയ്യാനാകൂ. താരങ്ങളില്‍ അഞ്ച് ശതമാനം ഒഴികെ അഭിനേതാക്കളും ടെക്‌നീഷ്യന്‍സുമെല്ലാം ഗുരുതര പ്രതിസന്ധിയിലാണ്. എല്ലാവരും സഹകരിച്ചാല്‍ മാത്രമേ സിനിമാ നിര്‍മ്മാണവും വിതരണവും പഴയ പടിയാകൂ. പണ്ട് വാങ്ങിച്ച പ്രതിഫലം ഇനി നല്‍കാനാകില്ല. പ്രിയദര്‍ശന്റെ മരക്കാര്‍ പോലൊരു സിനിമയുടെയൊക്കെ റിലീസ് പോലും എപ്പോഴത്തേക്ക് പറ്റുമെന്ന് ആലോചിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ് ഇപ്പോള്‍. ചൈനീസ് ഭാഷയില്‍ ഉള്‍പ്പെടെ ഡബ്ബ് ചെയ്ത സിനിമയാണ്. വേള്‍ഡ് റിലീസ് ഒക്കെ പഴയ പോലെ സാധ്യമാകണമെങ്കില്‍ നല്ല സമയം എടുക്കും.
ദൂരദര്‍ശന്‍ ചര്‍ച്ചയിലാണ് സുരേഷ് കുമാറിന്റെ അഭിപ്രായ പ്രകടനം. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയും ഇത്തരമൊരു നിര്‍ദേശത്തിലേക്കാണ് നീങ്ങുന്നതെന്നാണ് സൂചന. ഇക്കാര്യത്തില്‍ താരസംഘടന അമ്മയാണ് നിര്‍ണായക തീരുമാനം കൈക്കൊള്ളേണ്ടത്. മുന്‍നിര സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും അമ്പത് ശതമാനമെങ്കിലും പ്രതിഫലം കുറക്കണമെന്നത് ഫെഫ്കയും ചര്‍ച്ച ചെയ്യേണ്ടിവരും.