ഡോ ബിജുവിന്റെയും ഇന്ദ്രന്‍സിന്റെയും രാജ്യാന്തര നേട്ടം സിനിമാമന്ത്രി  അറിഞ്ഞില്ലേ?

ഡോ ബിജുവിന്റെയും ഇന്ദ്രന്‍സിന്റെയും രാജ്യാന്തര നേട്ടം സിനിമാമന്ത്രി അറിഞ്ഞില്ലേ?

അഭിനന്ദനമറിയിച്ച് തോമസ് ഐസക്കും കടകംപള്ളിയും 
Published on

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയെക്കുറിച്ചുള്ള പോസ്റ്റുകളും, പങ്കെടുക്കുന്ന പരിപാടികളുടെ വിവരങ്ങള്‍ മിക്ക ദിവസവും കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്ന മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ ഈ നേട്ടത്തെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. വെയില്‍മരങ്ങള്‍ പ്രദര്‍ശിപ്പ ആദ്യമേളയായിരുന്നു ഷാങ്ഹായ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍. 112 രാജ്യങ്ങളില്‍ നിന്നുമുള്ള 3964 ചിത്രങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 14 ചിത്രങ്ങളാണ് ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്‌കാരത്തിനായി മത്സരിച്ചത്. പ്രശസ്ത ടര്‍ക്കിഷ് സംവിധായകനായ നൂറി ബില്‍ഗേ സെയാലിന്‍ ആയിരുന്നു ഇത്തവണ ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോള്‍ഡന്‍ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയര്‍മാന്‍. മികച്ച നടനായി അവസാന റൗണ്ടില്‍ വരെ ഇന്ദ്രന്‍സ് പരിഗണിക്കപ്പെട്ടിരുന്നുവെന്നാണ് അറിയുന്നത്.

കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥ പറയുന്ന സിനിമ ഒന്നര വര്‍ഷത്തോളമെടുത്താണ് ചിത്രീകരിച്ചത്. ഇന്ത്യയില്‍ നിന്ന് ഷാങ്ഹായ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തിലുണ്ടായിരുന്ന ഏക ചിത്രവുമായിരുന്നു വെയില്‍മരങ്ങള്‍. സിനിമയെ പ്രതിനിധീകരിച്ച് നായകന്‍ ഇന്ദ്രന്‍സ് സംവിധായകന്‍ ഡോ ബിജുവിനൊപ്പം റെഡ്കാര്‍പ്പറ്റിലെത്തിയിരുന്നു. ഇന്ദ്രന്‍സ് ഇന്ത്യക്ക് പുറത്ത് പങ്കെടുക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയുമായിരുന്നു ഷാങ്ഹായ്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര ചലച്ചിത്ര പ്രസിദ്ധീകരണങ്ങളിലും സിനിമയെക്കുറിച്ച് നല്ല നിരൂപണങ്ങളുണ്ടായിരുന്നു.

അന്താരാഷ്ട്രതലത്തില്‍ മലയാളിയുടെ നേട്ടങ്ങളുടെ ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ് സിനിമയുടെ നേട്ടമെന്നാണ് മന്ത്രി തോമസ് ഐസക്ക് അഭിപ്രായപ്പെട്ടത്. ലോകസിനിമയുടെ ഭൂപടത്തില്‍ മലയാളം എന്ന ഭാഷയെ വജ്രശോഭയില്‍ മുദ്രണം ചെയ്ത ഡോ. ബിജുവിനും ഇന്ദ്രന്‍സിനും മറ്റു സുഹൃത്തുക്കള്‍ക്കും ആശംസകളെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാട്ടുകാരനായ ഇന്ദ്രന്‍സ് ലോകം കീഴടക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ എന്ന സിനിമയ്ക്ക് ഷാങ്ഹായി ചലച്ചിത്ര മേളയില്‍ ലഭിച്ച ഔട്ട്സ്റ്റാന്‍ഡിംഗ് അച്ചീവ്‌മെന്റ് അവാര്‍ഡ്, അന്താരാഷ്ട്രതലത്തില്‍ മലയാളിയുടെ നേട്ടങ്ങളുടെ ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ്. ഡോ. ബിജുവിന്റെ തന്നെ ആകാശങ്ങളുടെ നിറം എന്ന സിനിമയാണ് ആദ്യമായി ഷാങ്ഹായ് മേളയില്‍ പങ്കെടുത്ത ഇന്ത്യന്‍ ചിത്രം എന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്.ഈ പുരസ്‌കാര ലബ്ധിയ്ക്ക് മറ്റൊരു സവിശേഷതയുമുണ്ട്. ഷാങ്ഹായ് മേളയിലെ ഏറ്റവും വിലപിടിപ്പുള്ള പുരസ്‌കാരം ഗോള്‍ഡന്‍ ഗ്ലോബെറ്റാണ്. അതു നേടിയത് കാസില്‍ ഓഫ് ഡ്രീം എന്ന ഇറാനിയന്‍ സിനിമയും. ഈ അവാര്‍ഡിന് ആ സിനിമയുമായി ഏറ്റവും അവസാനഘട്ടം വരെ ഇഞ്ചോടിഞ്ച് പോരാടിയത് നമ്മുടെ സിനിമയാണ്. വെയില്‍ മരങ്ങള്‍.പ്രമേയത്തിലും ഇതിവൃത്തത്തിലും അവതരണത്തിലും ലോകനിലവാരത്തില്‍ മത്സരിക്കാന്‍ ശേഷിയുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നുണ്ടാകുന്നത്, നമ്മുടെ സാംസ്‌ക്കാരിക വളര്‍ച്ചയുടെ ഉദാഹരണങ്ങളാണ്. ഡോ. ബിജുവും ഇന്ദ്രന്‍സുമൊക്കെ അത്തരം ചിത്രങ്ങളുടെ ഭാഗമാകുന്നതിന്റെ സന്തോഷം വേറെ. രണ്ടാമത്തെ തവണയാണ് ഡോ. ബിജുവിന്റെ ചിത്രം ഈ മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം തവണ തന്നെ അദ്ദേഹത്തിന്റെ ചിത്രത്തിന് ഔട്ട്സ്റ്റാന്‍ഡിംഗ് അച്ചീവ്‌മെന്റ് പുരസ്‌കാരവും ലഭിച്ചു. ലോകനിലവാരത്തില്‍ സിനിമയെടുക്കുന്ന ചലച്ചിത്രപ്രവര്‍ത്തന്‍ എന്ന നിലയില്‍ ഡോ. ബിജു നമ്മുടെയെല്ലാം അഭിമാനമാണ്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗീകരിച്ച പതിനഞ്ചു ചലച്ചിത്രമേളകളില്‍ ഒന്നാണ് ഷാങ്ഹായ് മേള. ഇത്തരം മേളകളില്‍ മലയാള സിനിമകള്‍ നേടുന്ന അംഗീകാരം നല്‍കുന്ന പ്രചോദനം ചെറുതല്ല. ലോകസിനിമയുടെ ഭൂപടത്തില്‍ മലയാളം എന്ന ഭാഷയെ വജ്രശോഭയില്‍ മുദ്രണം ചെയ്ത ഡോ. ബിജുവിനും ഇന്ദ്രന്‍സിനും മറ്റു സുഹൃത്തുക്കള്‍ക്കും എന്റെ ആശംസകള്‍.

തോമസ് ഐസക്ക്, ധനമന്ത്രി

ചൊവ്വാഴ്ച രാത്രിയോടെ ഡോ.ബിജുവും ഇന്ദ്രന്‍സും നാട്ടിലെത്തിയിരുന്നു. വെയില്‍മരങ്ങള്‍ ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളിലാണ് ചിത്രീകരിച്ചത്.

ഡോ ബിജുവിന്റെയും ഇന്ദ്രന്‍സിന്റെയും രാജ്യാന്തര നേട്ടം സിനിമാമന്ത്രി  അറിഞ്ഞില്ലേ?
ഇന്ദ്രന്‍സ് നായകനായ ഡോ ബിജു ചിത്രത്തിന് രാജ്യാന്തര പുരസ്‌കാരം, ഷാങ്ഹായ് മേളയില്‍ തിളങ്ങി വെയില്‍മരങ്ങള്‍

ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍,അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.ശബ്ദ മിശ്രണം പ്രമോദ് തോമസ്, ലൊക്കേഷന്‍ സിങ്ക് സൗണ്ട് ജയദേവന്‍ ചക്കാടത്ത്, സ്മിജിത് കുമാര്‍ പി.ബി., എഡിറ്റിങ് ഡേവിസ് മാനുവല്‍, സംഗീതം ബിജിബാല്‍, കലാസംവിധാനം ജോതിഷ് ശങ്കര്‍, ചമയം പട്ടണം ഷാ, കോസ്റ്റ്യൂംസ് അരവിന്ദ് കെ.ആര്‍.

logo
The Cue
www.thecue.in