അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിന് പിന്നാലെ ബോളിവുഡ് റീമേക്കും തുടങ്ങുകയാണ്. ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന ചിത്രം ജഗന്‍ ശക്തിയാണ് സംവിധാനം ചെയ്യുന്നത്. മിഷന്‍ മംഗള്‍ ആണ് ജഗന്‍ മുമ്പ് സംവിധാനം ചെയ്ത സിനിമ. ബിജു മേനോന്‍ അവതരിപ്പിച്ച അയ്യന്‍നായര്‍ എന്ന എസ്.ഐയുടെ ഹിന്ദി പതിപ്പായി ജോണ്‍ അബ്രഹാമാണ്. അഭിഷേക് ബച്ചനെയാണ് പൃഥ്വിരാജ് അവതരിപ്പിച്ച ഹവീല്‍ദാര്‍ കോശിയെന്ന കഥാപാത്രമായി പരിഗണിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം അഭിഷേക് ബച്ചന്‍ പ്രൊജക്ടില്‍ നിന്ന് പിന്‍മാറി. എക് വില്ലന്‍ റിട്ടേണ്‍സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ച സൗഹൃദത്തില്‍ ജോണ്‍ എബ്രഹാമാണ് അഭിഷേകിന് പകരം അര്‍ജുന്‍ കപൂറിനെ നിര്‍ദേശിച്ചതെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
മലയാളം പതിപ്പില്‍ നിന്ന് നിരവധി മാറ്റങ്ങള്‍ ഹിന്ദി റീമേക്കിലുണ്ടാകും. സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അയ്യപ്പനും കോശിയും തമിഴിലും റീമേക്ക് ചെയ്യുന്നുണ്ട്. തെലുങ്കില്‍ പവന്‍ കല്യാണാണ് നായകന്‍. റാണ ദഗ്ഗുബട്ടി പൃഥ്വി അവതരിപ്പിച്ച കഥാപാത്രമാകുന്നു.
നവംബറിലാണ് ഹിന്ദി റീമേക്ക് ചിത്രീകരണം. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന തെലുങ്ക് റീമേക്ക് ഭീംല നായക് ചിത്രീകരണം പുരോഗമിക്കുകയാണ്. സെയ്ഫ് അലിഖാനൊപ്പം കേന്ദ്രകഥാപാത്രമായെത്തുന്ന ഭൂത് പോലീസ് ആണ് അര്‍ജുന്‍ കപൂറിന്റെ അടുത്ത റിലീസ്. 2022ലാണ് അയ്യപ്പനും കോശിയും ഹിന്ദി-തെലുങ്ക് റീമേക്കുകള്‍ തിയറ്ററുകളിലെത്തുക.
പവന്‍ കല്യാണ്‍ സിനിമകളുടെ ശൈലി പിന്തുടരുന്ന രീതിയിലുള്ള മാറ്റം തെലുങ്ക് പതിപ്പിനുണ്ടാകും. എസ് തമനാണ് മ്യൂസിക്. അയ്യപ്പന്‍ നായര്‍ക്ക് തെലുങ്ക് പതിപ്പായ ഭീല നായകിന്റെ മാസ് ഇന്‍ട്രോയും മാസ് ആക്ഷന്‍ കാണാമെന്ന് ചുരുക്കം. പവന്‍ കല്യാണിന്റെ കഥാപാത്രത്തിലൂടെ കഥ പറയുന്ന രീതിയിലാണ് തെലുങ്ക് പതിപ്പെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലാണ് റീമേക്ക് പതിപ്പ് ഒരുങ്ങുന്നത്. ത്രിവിക്രം ശ്രീനിവാസാണ് സംഭാഷണം. മലയാളത്തില്‍ സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അയ്യപ്പനും കോശിയും മലയാളത്തില്‍ വന്‍ ഹിറ്റായിരുന്നു.