ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ത്രില്ലര്‍ 'അന്ധാദുന്‍' തെലുങ്ക് റീമേക്കില്‍ താരങ്ങളെ പ്രഖ്യാപിച്ചു. തബു അവതരിപ്പിച്ച സിമി സിന്‍ഹ എന്ന വില്ലന്‍ കഥാപാത്രത്തെ തെലുങ്കിലെത്തുമ്പോള്‍ അവതരിപ്പിക്കുന്നത് തമന്ന ഭാട്ടിയ ആണ്. ആയുഷ്മാന്‍ ഖുരാന അവതരിപ്പിച്ച നായകകഥാപാത്രമായി നിധിന്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബോളിവുഡിലെ മുന്‍നിര സംവിധായകന്‍ ശ്രീറാം രാഘവന്‍ ഒരുക്കിയ ത്രില്ലര്‍ തെലുങ്കില്‍ സംവിധാനം ചെയ്യുന്നത് മെര്‍ലാപ ഗാന്ധിയാണ്.
ലേഡി മാക്ബത്ത് എന്ന് വിശേഷിപ്പിക്കുന്ന സിമി സിന്‍ഹയുടെ വില്ലന്‍ കഥാപാത്രം ബോളിവുഡിന് പുറത്തും വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. സങ്കീര്‍ണതകളുള്ള, വൈരുദ്ധ്യങ്ങളേറെയുള്ള കഥാപാത്രമാണ് സിമി. തബുവിന്റെ കരിയറിലെയും മികച്ച റോളുകളിലൊന്നായിരുന്നു സിമി സിന്‍ഹ. ഈ കഥാപാത്രത്തിനായി രമ്യാ കൃഷ്ണന്‍, നദിയാ മൊയ്തു, ശ്രിയാ ശരണ്‍ എന്നിവരെ ആദ്യം സമീപിച്ചിരുന്നുവെന്നാണ് അറിയുന്നത്. ഗ്ലാമര്‍ റോളുകളിലേക്ക് കൂടുതലായി പരിഗണിക്കപ്പെട്ടിരുന്ന തമന്ന ഭാട്ടിയ തബു ചെയ്ത റോള്‍ ഏറ്റെടുക്കുന്നത് കരിയറിലെ മികച്ച തീരുമാനമെന്ന നിലയ്ക്കാണ് ചര്‍ച്ചയായിരിക്കുന്നത്. ദ പിയാനോ ട്യൂണര്‍ എന്ന ഫ്രഞ്ച് ഷോര്‍ട്ട് ഫിലിം ആധാരമാക്കി ഒരുക്കിയ അന്ധാ ദുന്‍ സമീപകാലത്ത് ഏറെ ചര്‍ച്ചയായ ഇന്ത്യന്‍ ത്രില്ലര്‍ കൂടിയാണ്. തെലുങ്ക് റീമേക്ക് പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ കാസ്റ്റിംഗ് ആരൊക്കെയെന്നതും ട്വിറ്ററിലടക്കം ചോദ്യങ്ങളായി ഉയര്‍ന്നിരുന്നു.
നബാ നടേഷ് ആണ് രാധികാ ആപ്‌തേ അവതരിപ്പിച്ച കഥാപാത്രമാകുന്നത്. ശ്രേഷ്ഠ് മുവിസിന്റെ ബാനറില്‍ സുധാകര്‍ റെഡ്ഡിയും നിഖിതാ റെഡ്ഡിയും ചേര്‍ന്നാണ് നിര്‍മ്മാണം. നവംബറില്‍ ചിത്രീകരണം തുടങ്ങും. മഹതി സാഗര്‍ ആണ് സംഗീത സംവിധായകന്‍. അന്ധാ ദുന്‍ തെലുങ്ക് റീമേക്കും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശാന്ത് ത്യാഗരാജന്‍ ആണ് ആയുഷ്മാന്‍ ഖുരാന ചെയ്ത നായകകഥാപാത്രമാകുന്നത്.
തനി ഒരുവന്‍ സംവിധാനം ചെയ്ത മോഹന്‍ രാജയാണ് തമിഴില്‍ അന്ധാദുന്‍ റീമേക്ക് ചെയ്യുന്നത്. നടനും സംവിധായകനുമായ ത്യാഗരാജനാണ് നിര്‍മ്മാണം. തമിഴിലും രമ്യാ കൃഷ്ണനെയാണ് തബുവിന്റെ റോളിലേക്ക് പരിഗണിക്കുന്നത്. ചിത്രത്തിന് വേണ്ടി പ്രശാന്ത് 20 കിലോ തൂക്കം കുറക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
2018ല്‍ റിലീസ് ചെയ്ത അന്ധാദുന്‍ ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ആയുഷ്മാന്‍ ഖുറാനക്ക് അഭിനയത്തിന് ദേശീയ അവാര്‍ഡും ലഭിച്ചു. ദേശീയ അവാര്‍ഡില്‍ മികച്ച ഹിന്ദി സിനിമയായും തെരഞ്ഞെടുക്കപ്പെട്ടു. ഫിലിം ഫെയറില്‍ മികച്ച ചിത്രം, സംവിധാനം ഉള്‍പ്പെടെ ആറ് അവാര്‍ഡുകള്‍ അന്ധാദുന്‍ നേടിയിരുന്നു.