മോഹന്‍ലാലിന്റെ ഇടപെടലില്‍ ഷെയ്‌ന്റെ വിലക്ക് നീങ്ങുന്നു; മുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ധാരണ
ഷെയ്ന്‍ നിഗവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനായുള്ള തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ താരസംഘടനയായ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പ്രശ്‌നപരിഹാരത്തിന് ധാരണയായത്. ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങ് ഉടന്‍ പൂര്‍ത്തിയാക്കാമെന്ന് ചര്‍ച്ചയില്‍ ഷെയ്ന്‍ അറിയിച്ചതായി മോഹന്‍ലാല്‍ പറഞ്ഞു. ഷെയ്ന്‍ അഭിനയിച്ചുകൊണ്ടിരുന്ന മുടങ്ങിയ രണ്ട് ചിത്രങ്ങളായ വെയിലും ഖുര്‍ബാനിയും പൂര്‍ത്തിയാക്കാമെന്നും ധാരണയായി. ഈ തീരുമാനങ്ങള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിച്ച് പ്രശ്‌നം പരിഹരിക്കും.
എന്നാല്‍ പ്രശ്‌നത്തില്‍ ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാതെ അമ്മയുമായി ചര്‍ച്ചയ്ക്കില്ലെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും അവര്‍ പ്രതികരിച്ചു.
'ഉല്ലാസം' എന്ന സിനിമയ്ക്കായി 45 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന ഷെയ്ന്‍ നിഗമിന്റെ പ്രസ്താവന കള്ളമാണെന്ന് ഇന്നലെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ആരോപിച്ചിരുന്നു. 25 ലക്ഷം രൂപ മാത്രമേ കരാറില്‍ പറഞ്ഞിട്ടുള്ളൂ. ഇത് സംബന്ധിച്ച രേഖകള്‍ അസോസിയേഷനിലുണ്ട്. രേഖകള്‍ തിരുത്തിയെന്ന ഷെയ്ന്റെ ആരോപണം കള്ളമാണെന്നും ആവശ്യമുണ്ടെങ്കില്‍ രേഖകള്‍ പുറത്തുവിടുമെന്നും നിര്‍മ്മാതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വെയില്‍, ഉല്ലാസം, കുര്‍ബാനി എന്നീ സിനിമകളുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഉല്ലാസം എന്ന സിനിമയുടെ പ്രതിഫലത്തെ ചൊല്ലിയാണ് തര്‍ക്കം. നിര്‍മ്മാതാക്കള്‍ വ്യാജരേഖയുണ്ടാക്കിയെന്നും പ്രതിഫലം ഉറപ്പുനല്‍കിയത് പ്രകാരം നല്‍കിയില്ലെന്നും ദ ക്യു അഭിമുഖത്തില്‍ ഷെയിന്‍ നിഗം പറഞ്ഞിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം