സിനിമാട്ടോഗ്രാഫ് നിയമത്തില്‍ സമൂലമായ അഴിച്ചുപണിക്ക് കേന്ദ്രസര്‍ക്കാര്‍. സിനിമാട്ടോഗ്രാഫ് ആക്ട് 1952ലാണ് മാറ്റം വരുത്തുന്നത്. സിനിമകളുടെ സെന്‍സറിംഗ്, പൈറസി എന്നിവയിലുള്‍പ്പെടെ വലിയ മാറ്റങ്ങളുണ്ടാകും. കരട് രേഖ അഭിപ്രായ രൂപീകരണത്തിന് പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെക്കും.
സിനിമയുടെ വ്യാജപതിപ്പ് ഇറക്കിയാല്‍ തടവും പിഴയും ഉള്‍പ്പെടെ ബില്ലില്‍ നിര്‍ദേശമുണ്ട്. പുതിയ ഭേദഗതി പ്രകാരം വ്യാജപതിപ്പിന് മൂന്ന് മാസം വരെ ജയില്‍ ശിക്ഷയും മൂന്ന് ലക്ഷം വരെ പിഴയും ഈടാക്കാനാകും.
വിദേശ സെന്‍സര്‍ രീതികളുടെ മാതൃകയില്‍ യുഎ കാറ്റഗറിയെ മൂന്ന് പ്രായപരിധിയിലേക്ക് പുനര്‍വിഭജിക്കും. ഏഴ് വയസിന് മുകളില്‍, പതിമൂന്ന് വയസിന് മുകളില്‍, പതിനാറ് വയസിന് മുകളില്‍ എന്നിങ്ങനെയാണ് വിഭജനം. യു കാറ്റഗറിയും എ കാറ്റഗറിയും തുടരും.
1952 സിനിമാട്ടോഗ്രഫ് ആക്ട് പ്രകാരം പ്രായപൂര്‍ത്തിയായവര്‍ക്ക് എന്നത് അഡല്‍ട്ട് (എ) കാറ്റഗറിയും അല്ലാത്തത് യു കാറ്റഗറിയിലും എന്ന രീതിയാണ് പിന്തുടര്‍ന്നിരുന്നത്. 1983ലെ പരിഷ്‌കരണ പ്രകാരം യുഎ, എസ് എന്നീ കാറ്റഗറി കൂടി ഉള്‍പ്പെടുത്തി.