തിയറ്റര്‍ റിലീസിന് മുമ്പ് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുമായി സഹകരിക്കേണ്ടെന്ന ഫിയോക് തീരുമാനത്തിനെതിരെ സംവിധായകനും നിര്‍മ്മാതാവുമായ ആഷിഖ് അബു. ''ലോകം മുഴുവനുള്ള മനുഷ്യര്‍ ഒരു മഹാവ്യാധിയെ അതിജീവിക്കാന്‍ പൊരുതുമ്പോള്‍ കേരളത്തില്‍ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവര്‍ക്ക് പണികിട്ടും. സിനിമ തീയറ്റര്‍ കാണില്ല. ജാഗ്രതൈ ! '' എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ആഷിഖ് അബുവിന്റെ പരിഹാസം. ഫിയോക്ക് അറിയിപ്പും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നിര്‍മ്മാതാവും തിയറ്ററുടമയുമായി ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റായ സംഘടനയാണ് ഫിയോക്. ജനറല്‍ സെക്രട്ടറി എം.സി ബോബിയുടെ കയ്യൊപ്പോട് കൂടിയാണ് ഒടിടി റിലീസ് ചെയ്യുന്ന സിനിമകളെ വിലക്കുന്ന അറിയിപ്പ്. ആന്റോ ജോസഫ് നിര്‍മ്മാതാവ് കിലോമീറ്റേഴ്‌സിന് ഇളവ് അനുവദിച്ചതായും അറിയിപ്പില്‍ ഉണ്ട്
ലോകം മുഴുവനുള്ള മനുഷ്യര്‍ ഒരു മഹാവ്യാധിയെ അതിജീവിക്കാന്‍ പൊരുതുമ്പോള്‍ കേരളത്തില്‍ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവര്‍ക്ക് പണികിട്ടും. സിനിമ തീയറ്റര്‍ കാണില്ല. ജാഗ്രതൈ !
ആഷിഖ് അബു
തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നത് മൂലം ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുന്ന സിനിമകളെ വിഷമവൃത്തത്തിലാക്കുന്നതാണ് തിയറ്ററുടമകളുടെ സംഘടനയുടെ തീരുമാനം. നിര്‍മ്മാതാക്കളുടെ സംഘടന കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫിന് കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് റിലീസ് ചെയ്യാന്‍ സംഘടന അനുമതി നല്‍കിയിട്ടുണ്ട്.
കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് റിലീസിന് അനുമതി തേടി ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിയോക്കിനെയും സമീപിച്ചിരുന്നു. തിയറ്റര്‍ റിലീസിന് മുമ്പ് പൈറസി നേരിട്ടതിനാലാണ് കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഇനിയും നീണ്ടുപോയാല്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുന്നത് പരിഗണിച്ച് റിലീസ് ചെയ്യാന്‍ അനുവാദം നല്‍കിയതെന്ന് എം.സി ബോബി പറയുന്നു. ടൊവിനോ തോമസ് സഹനിര്‍മ്മാതാവും നായകനുമായ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഓഗസ്റ്റ് അവസാനവാരം ഹോട്ട് സ്റ്റാര്‍ പ്രിമിയറിന് ഒരുങ്ങുകയാണ്.