മണ്ണിനും പെണ്ണിനും വേണ്ടി പടവെട്ടുന്നവരുടെ 'ഒ. ബേബി'

മണ്ണിനും പെണ്ണിനും വേണ്ടി പടവെട്ടുന്നവരുടെ  'ഒ. ബേബി'
Published on

കാവാലത്ത് ഞങ്ങള്‍ താമസിച്ചിരുന്നതിനു അടുത്ത് പറയനടി എന്നൊരു സ്ഥലം ഉണ്ട്.. !

''പാടത്തെ വരമ്പ് പൊട്ടിയപ്പോ, വെള്ളത്തിന്റെ കുത്തിയൊഴുക്ക് തടയാന്‍ ആ പ്രദേശത്തിന്റെ ഉടയോന്‍, പറയ സമുദായത്തില്‍പ്പെട്ട ഒരു പണിക്കാരനെ ജീവനോടെ ചേര്‍ത്ത് വരമ്പു തീര്‍ത്തെന്നും അതിനാലാണ് ആ സ്ഥലത്തിന് ആ പേര് വന്നതെന്നും' ചെറുപ്പത്തില്‍ പറഞ്ഞു കേട്ടിട്ടുണ്ട്.

ഇതിനു സമാനമായ ഒരു രംഗം 'കണ്ണെഴുതി പൊട്ടും തൊട്ടില്‍ സംവിധായകനായ ടി. കെ. രാജീവ്കുമാര്‍ ചിത്രീകരിച്ചിട്ടുമുണ്ട്.!

ഇക്കഥ സത്യമോ, കള്ളമോ ആവട്ടെ,

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അവരുള്‍പ്പെടുന്ന സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍, അത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല.!

പണപ്പെട്ടിയുടെ തൂക്കം, ജാതി എന്നിവയുടെ പേരില്‍ മനുഷ്യരെ വിവിധ തട്ടുകള്‍ ആയി തിരിക്കുകയും, ഇല്ലാത്തവനെ അവന്‍ ആയിരിക്കുന്ന ഇടത്ത് തന്നെ തളച്ചിടുകയും ചെയ്യുന്ന ആ രീതി, കൂടുതലായും വികസിച്ചിട്ടുള്ളത് കൃഷിയിടങ്ങളെ ചുറ്റിപ്പറ്റിയുമാണ്.

ഭൂപ്രകൃതി, ഉള്ളവനെയും ഇല്ലാത്തവനെയും വിളിക്കുന്ന പേര്, കൃഷി ചെയ്യുന്ന വിള എന്നിവ മാത്രമാണ് അവിടെ മാറാറുള്ളത്.

കായല്‍ നിലങ്ങളില്‍ നിന്നും നാം മലകയറി തുടങ്ങുന്നതോടെ കുട്ടനാട്ടിലെ

ജന്മി/തമ്പ്രാന്‍, മുതലാളി/മാപ്പിള ആയും, കായലില്‍ ചിറ കെട്ടി കൃഷി ചെയ്യുന്ന നെല്ല്, ഏലവും കുരുമുളകും ആയും മാറുന്നു എന്ന് മാത്രം.!

രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത 'ഒ. ബേബി' യുടെ കഥാപശ്ചാത്തലം ഇതില്‍ രണ്ടാമത്തേത് ആണ്.

പച്ചപുതച്ച മലയുടെ ഉടലില്‍ വാക്കത്തി കൊണ്ട് വടുക്കള്‍ തീര്‍ത്തു, കാട് നാടാക്കി തെളിച്ചു, വീടും വിളയും കെട്ടിപ്പൊക്കിയവരാണ് ദിലീഷ് പോത്തന്റെ ബേബിയുടെ മുന്‍തലമുറ.!

അവര്‍ വന്നു കൊല്ലങ്ങള്‍ക്ക് ശേഷം ആണ് തിരുവാച്ചോല എന്ന കുടുംബത്തിന്റെ വേരുകള്‍ ആ മണ്ണില്‍ പടര്‍ന്നു തുടങ്ങുന്നത് തന്നെ. എന്നാല്‍ കാലം മുന്നോട്ട് ഉരുളുമ്പോള്‍, കാട് വെട്ടി നാട് ആക്കിയ ബേബിയുടെ കുടുംബം സൈഡ് സീറ്റിലേക്ക് മാറുകയും വണ്ടിയുടെ നിയന്ത്രണം തിരുവാച്ചോല എന്ന നസ്രാണി കുടുംബം ഏറ്റെടുക്കുകയും ചെയ്യുന്നു.

തിരുവാച്ചോല എന്ന പേര് ജീപ്പിലും നെയിംപ്‌ളേറ്റിലും എന്ന് വേണ്ട ആ നാടുമുഴുവന്‍ പരക്കുമ്പോള്‍, ബേബിയുടെ പേരിനു മുന്നിലെ 'ഒ' യില്‍ മാത്രമായി അയാളുടെ വിലാസം ഒതുക്കപ്പെടുന്നു.

താന്‍ വേട്ടയാടി പിടിച്ച ആനയുടെ കൊമ്പ് അലങ്കരിക്കുന്ന മുറിയിലാണ് തിരുവാച്ചോലയിലെ പാപ്പി മുതലാളി കഴിയുന്നത്.(ആ കൊമ്പിന്റെ പിന്നിലെ സത്യം പിന്നീട് ഒരിടത്ത് സിനിമ വെളിപ്പെടുത്തുന്നുണ്ട് ).

പക്ഷാഘാതം വന്നു ഒരു വശം കോടിയെങ്കിലും ആ കുടുംബത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ആ വലിയ മുതലാളി ആണ്.

അധികാര കേന്ദ്രീകരണത്തിന്റെ കൃത്യമായ ഒരു ഹയറാര്‍ക്കി അവിടെയുണ്ട്. എന്നാല്‍ ബേബിയുടെ വീട്ടില്‍ സംഗതി അല്‍പം കൂടി ജനാധിപത്യപരമാണ്. എപ്പോഴൊക്കെ ബേബി അധികാരത്തിന്റെ ലാഞ്ജന കാണിക്കുന്നോ, അപ്പോഴൊക്കെ അയാളുടെ ഭാര്യയും മകനും അടങ്ങുന്ന അംഗങ്ങള്‍ അയാളെ തിരുത്തുന്നുണ്ട്.

പാപ്പി മുതലാളിയില്‍ തുടങ്ങി മിനിയിലും ബേസിലിലും വരെ എത്തിനില്‍ക്കുന്ന നാല് തലമുറയുടെ വികാരവിചാരങ്ങളിലെ അന്തരം സിനിമ പറഞ്ഞു പോകുന്നു.

കുടുംബത്തിലെ നാലാം തലമുറ ജാതി-മത ചിന്തകള്‍ക്ക് അപ്പുറത്ത് ജീവിക്കുന്നവര്‍ ആണ്. ഇന്റര്‍നെറ്റിലൂടെ പുറംലോകം കണ്ടവരാണ്.തിന്മകളെയും അനീതിയേയും ചോദ്യം ചെയ്യാന്‍ പഠിച്ചവരാണ്. തങ്ങളുടെ കുടുംബത്തിലെ മുതിര്‍ന്നവരെപ്പോലെ വേട്ടയാടി, പടവെട്ടി മണ്ണിനും പണത്തിനും മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്ക് താല്പര്യം ഇല്ല!

എന്നാല്‍ ബേബി അടക്കമുള്ള മുന്‍തലമുറ ആകട്ടെ, വേട്ടയും, കൊലയും അടങ്ങുന്ന കാട്ടുനീതിയുടെ പ്രയോക്താക്കള്‍ ആണ്.

ജീവിതം മുഴുവന്‍ ഒരു നായയെപ്പോലെ ആ വീടിനു വേണ്ടി അധ്വാനിച്ചിട്ടുള്ളയാളാണ് ബേബി. 'പുരയ്ക്ക് മുകളില്‍ വളരുന്ന ഏത് മരവും വെട്ടണം'' എന്ന ചിന്ത പിന്തുടരുന്ന തിരുവാച്ചോലയ്ക്കാരില്‍ നിന്നും വ്യത്യസ്തമായി അയാള്‍ കൂടെയുള്ളവരെ മറക്കുന്ന ആളല്ല.

ബേബിയ്ക്ക് തങ്ങളുടെ ഉടയോന്മാരോടുള്ള വിധേയത്വത്തെ, അയാളുടെ മകന്‍ പലകുറി ചോദ്യം ചെയ്യുന്നുണ്ട്. 'കിട്ടിയത് കൊണ്ട് തൃപ്തിപ്പെടണം' എന്ന അയാളുടെ ആ വിശ്വാസത്തില്‍ അവന്‍ പലകുറി ഇളക്കം സൃഷ്ടിക്കുന്നു.

സിനിമ മുന്നോട്ട് പോകുമ്പോള്‍ ബേബിയുടെ അത് വരെയുള്ള വിശ്വാസങ്ങളും, ശരികളും മാറ്റപ്പെടുന്നു.

എപ്പോഴും തിരുവാച്ചോല വീടിന്റെ വാതിലിനു ഇപ്പുറത്തു ജീപ്പിന്റെ താക്കോലിനായി നിന്നിട്ടുള്ള, ബേബി സിനിമയുടെ അവസാനരംഗങ്ങളിലൊന്നില്‍ ആ പടവുകള്‍ കയറി ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന താക്കോല്‍ കരസ്തമാക്കുന്നത് രസമുള്ള രംഗങ്ങളില്‍ ഒന്നാണ്..

തന്റെ വിശ്വാസങ്ങളില്‍, നിലപാടുകളില്‍ ഉണ്ടാകുന്ന അത്തരം മാറ്റങ്ങള്‍ ഉണ്ടാക്കുന്ന അലയൊലികളില്‍ ബേബിക്കും കുടുംബത്തിനും കാല്‍ ഉറപ്പിച്ചു നില്‍ക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് ചിത്രത്തിന്റെ ബാക്കി.

സിനിമ പറയുന്ന ഇത്തരം ചിന്തകള്‍ക്ക് ഒപ്പം തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ആണ് അതിന്റെ ചിത്രീകരണവും.!

ഒരു മലയോര ഗ്രാമത്തിന്റെ ഭംഗി അതേപടി പകര്‍ത്താന്‍ അരുണ്‍ ചാലിന്റെ ക്യാമറയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സ്‌ക്രീനില്‍ പെയ്യുന്ന മഴ ഇട്ടിരിക്കുന്ന ഷര്‍ട്ടിലേയ്ക്കും പടര്‍ന്നോ എന്ന് പ്രേക്ഷനെ സംശയിപ്പിക്കുമാറാണ് അരുണ്‍, ഈ കഥയെ ക്യാമറയിലേക്ക് ഒപ്പിയെടുത്തിരിക്കുന്നത്. തിയേറ്ററിന്റെ ഇരുട്ടില്‍ തെളിയുന്ന

കഥാപാത്രങ്ങള്‍ക്ക് ഒപ്പം താനും ആ കൊടുംകാട്ടില്‍ ആണോ എന്ന ശങ്ക പ്രേക്ഷകനില്‍ പലകുറി ജനിക്കുന്നു .

ഏലക്കാടുകള്‍ക്ക് ഉള്ളില്‍ പലപ്പോഴും വഴി തെറ്റുമോ എന്ന് നാം ഭയപ്പെടുന്നു. ബേബിക്കും സംഘത്തിനും നേരെ കുതിച്ചു വരുന്ന പന്നി നമ്മെയും മുറിപ്പെടുത്തുമോ എന്ന് ആകുലപ്പെടുന്നു..

പശ്ചാത്തലമായി വരുന്ന ശബ്ദവിന്യാസവും എടുത്തു പറയേണ്ടതാണ്. പലപ്പോഴും നിശബ്ദതയിലൂടെ വിരിയുന്ന കാടിന്റെ വന്യത നമ്മെ ഭയപ്പെടുത്തുന്നുണ്ട്.

ദിലീഷ് പോത്തനോളം തന്നെ മിനിയായി വന്ന ഹാനിയ നഫീസയും മികച്ചു നിന്നു. രഘുനാഥ് പലേരി, വിഷ്ണു അഗസ്ത്യ എന്നിവരും ലഭിച്ച കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്.

രഞ്ജന്‍ പ്രമോദിന്റെ അവസാനചിത്രമായ രക്ഷാധികാരി ബൈജു തിയേറ്ററില്‍ എത്തിയിട്ട് ആറു കൊല്ലം കഴിയുന്നു. പതിയെ തുടങ്ങി ജനങ്ങള്‍ ഏറ്റെടുത്ത ചിത്രമായിരുന്നു അത്. 'ഒ. ബേബി'യിലൂടെ ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്ന് തന്നെ കരുതാം.!

മണ്ണിനും പെണ്ണിനും അധികാരത്തിനും വേണ്ടി ജാതി-മത ചിന്തകളെ മറയാക്കി പോരാടുന്ന മനുഷ്യരുടെ കഥ, ആ കാടിന്റെ ഒത്ത നടുക്ക് തന്നെ ഇരുന്ന് പറയാന്‍ 'ഒ. ബേബി'യ്ക്ക് കഴിഞ്ഞിട്ടുണ്ട്.!

Related Stories

No stories found.
logo
The Cue
www.thecue.in